മറ്റൊരു തേപ്പുകാരിയുടെ കഥ

പ്രിൻസിപ്പലിന് വിദൂരഛായയിൽ ഒരു കുരങ്ങിന്റെ രൂപമുണ്ടായിരുന്നു !

പരിണാമ സിദ്ധാന്തത്തെപ്പറ്റി കോളജ് മാഗസിനിൽ വന്ന ലേഖനത്തിനൊപ്പമുള്ള കുരങ്ങിന്റെ പടം കണ്ടവരെല്ലാം പറഞ്ഞു, പ്രിൻസിപ്പലിനെപ്പോലെ തന്നെ !  ലേഖനം എഴുതിയത് വൈസ് പ്രിൻസിപ്പൽ ! ലേഖനത്തിന്റെ തലക്കെട്ട് പ്രിൻസിപ്പൽ ചേഞ്ച് ഇൻ ദ് സിനാറിയോ ഓഫ് ഹ്യൂമൻ ഇവല്യൂഷൻ !  പോരേ പണി !

ഇതിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സമരം പ്രഖ്യാപിച്ചത് പെട്ടെന്നായിരുന്നു.  

സമരം, വഴക്ക്, പ്രണയം ഈ മൂന്നു കാര്യങ്ങൾ ക്യാംപസുകളിൽ സംഭവിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട.   എസ്എഫ്ഐ നേതാവ് മനു സി പാലൂർ  കൊടിയുമായി നടുമുറ്റത്തേക്കിറങ്ങി. ഉറക്കെ ഒരു മുദ്രാവാക്യം വിളിച്ചു.. പ്രിൻസിപ്പലിനെ കുരങ്ങനാക്കിയവരെ സസ്പെൻഡ് ചെയ്യുക. 

അതുകേട്ട് നെല്ലിക്കാ ഉരുണ്ടുവരുന്നതുപോലെ അവിടെ നിന്നും ഇവിടെ നിന്നും കുറെ കുട്ടികൾ ഓടി വന്ന് കൂടെ വിളിച്ചു..  മുത്താണ്, മനുഷ്യനാണ്, കുരങ്ങനല്ല പ്രിൻസിപ്പൽ.. 

നാലുചുറ്റും നിന്ന് കുരങ്ങ്, കുരങ്ങ് എന്നു കേട്ട് വട്ടായ പ്രിൻസിപ്പൽ വാഷ് റൂമിലെ കണ്ണാടിയുടെ മുന്നിൽപ്പോയി തിരിഞ്ഞും മറിഞ്ഞും നോക്കി. അതുകണ്ട് കയറി വന്ന രസതന്ത്ര ഡിപ്പാർട്ട്മെന്റിലെ ജൂനിയർ ലക്ചറർ ലിൻസി സ്കറിയ മണിമേടയിൽ പ്രിൻസിപ്പലിനെ സമാധാനിപ്പിക്കാൻ പറഞ്ഞു.. സാറിന് അങ്ങനെ എപ്പോഴും മങ്കീടെ ലുക്ക് ഒന്നും ഇല്ല. 

കൺട്രോളുപോയ  പ്രിൻസിപ്പൽ അലറി... റിങ് ദ് ബെൽ. ഇന്ന് ഇനി ക്ളാസു വേണ്ട.

അങ്ങനെ പതിനൊന്നു മണിക്ക് ക്ളാസ് വിട്ടു.  

ബുക്കും പുസ്തകവുമൊക്കെ ക്ളാസിൽ വച്ച് അന്നു രാവിലെ ഞങ്ങൾ സിനിമയ്ക്കു പോയതാണ്. സിനിമ കഴിഞ്ഞു വന്നപ്പോഴേക്കും സമരമായി, കോളജടച്ചു. സാരമില്ല. നാളെയെടുക്കാം. രാവിലെ വരുമ്പോൾ അത്രയും ഭാരം കുറവെന്നു സന്തോഷിച്ച് എല്ലാവരും വീട്ടിൽപ്പോയി. 

അന്ന് പതിവിലും പെട്ടെന്ന് നാളെയായി. 

പിറ്റേന്ന് ക്ളാസിൽ ചെല്ലുമ്പോൾ പുസ്തകങ്ങളും ബുക്കും സേഫായി വച്ചിടത്തു തന്നെയുണ്ട്. ഭാഗ്യം. 

കെമിസ്ട്രി ക്ളാസിലെ അരുണിമ മുകുന്ദനെ ആൺപിള്ളേർ ലോലോലിക്ക എന്നു വിളിക്കുന്ന കാര്യം അരുണിമയ്ക്കും അറിയാം !

അത് അവളുടെ കവിളിനെപ്പറ്റിയാണോ അതോ മൂക്കിനെപ്പറ്റിയാണോ എന്ന കാര്യത്തിലേ അവൾക്കു സംശയമുള്ളൂ.  രണ്ടായാലും സന്തോഷം എന്നതായിരുന്നു അവളുടെ നിലപാട്.

കെമിസ്ട്രി ലാബ് നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിലാണ്. വലിയ ചില്ലുപാളികളുള്ള ജനാലകളിൽക്കൂടി ഉച്ചകഴിഞ്ഞാൽ വെയിൽ ഉള്ളിലേക്കു വരും, ലാബിലുള്ള പെൺകുട്ടികളുടെ കവിളുകളിലും തലയിലും പല നിറങ്ങളിൽ എക്സ്പിരിമെന്റുകൾ ചെയ്യും ! അതു കാണാൻ തന്നെ രസമാണ്.  

വെയിലിന്റെ നിറംവീണു മുഖം ചുവന്നു തുടുത്ത് ലാബിൽ പരീക്ഷണ വിവശയായി നിന്ന അരുണിമ കണ്ടപ്പോൾ ആർക്കോ തോന്നിയ പേരാണ് ലോലോലിക്ക ! 

ഉച്ചയ്ക്കുള്ള ബ്രേക്ക് സമയത്ത് അരുണിമ ലോലോലിക്ക അടുത്തു വന്നു പറഞ്ഞു...  ഇന്നലെ നീ സിനിമയ്ക്കു പോയ തക്കം നോക്കി നിന്റെ ഇലപ്പൊതി ഞാൻ അടിച്ചുമാറ്റി.. പുളിശ്ശേരിക്കൊക്കെ നല്ല ടേസ്റ്റായിരുന്നു. മുട്ടഓംലെറ്റ് പുളിശേരി ഒഴിച്ച ചോറിന്റെ കൂടെ കഴിക്കാൻ ഇത്ര ടേസ്റ്റാണെന്ന് ഇന്നലെയാ മനസ്സിലായത്.  നിനക്കാരാ ഈ ഇലപ്പൊതി കെട്ടിത്തരുന്നത് ? 

ഞാൻ പറഞ്ഞു.. ഇലവെട്ടുന്നത് അച്ഛൻ, പൊതികെട്ടുന്നത് അമ്മ. കടലാസിൽ പൊതിയുന്നത് പെങ്ങൾ. ! ഒടുവിൽ കുലവെട്ടുന്നത് ചേച്ചി.. !

അരുണിമ ചിരിച്ചു. അവളുടെ സംശയം തീരുന്നില്ല.. എന്നും ഇലപ്പൊതി കൊണ്ടു വരാൻ ഒരുപാടു സ്ഥലമൊക്കെയുണ്ടോ നിന്റെ വീട്ടിൽ.. ?

ഉണ്ടായിരുന്നു പണ്ട്. ഇപ്പോഴില്ല.  പക്ഷേ ഉള്ള സ്ഥലത്തെല്ലാം അച്ഛൻ ഞാലിപ്പൂവൻ വാഴ വച്ചിട്ടുണ്ട്. 

നിന്റെ അച്ഛൻ ഫാർമർ ആണോ ?

അല്ല പൂവർ ആണ്.

അമ്മയുടെ ജിമിക്കി കമ്മൽ വിറ്റിട്ടാണോ പുള്ളിക്കാരൻ ബ്രാണ്ടി കുടിക്കുന്നത് ?

അമ്മേടെ ജമിക്കി കമ്മൽ വിറ്റിട്ട് ബ്രാണ്ടി കുടിക്കുന്നത് ഞങ്ങടെ സഹകരണ ബാങ്കിന്റെ സെക്രട്ടറിയാ.  കമ്മലു മാത്രമല്ല, മാലേം കാർഷിക ലോണെടുക്കാൻ ബാങ്കിൽ പണയം വച്ചേക്കുവാ.

അരുണിമ പറഞ്ഞു.. എന്റെ ഡാഡി എന്നും ബ്രാ‍ൻഡി കുടിക്കും. ഇല്ലെങ്കിൽ അമ്മ കുടിപ്പിക്കും. നീ കുടിച്ചാൽ വാളുവയ്ക്കുമോ ?

ഇല്ല. പക്ഷേ നല്ല കിക്കായാൽ പിന്നെ ആലായാൽ തറയാകും. 

രാസത്വരകം എന്നു പറഞ്ഞാൽ എന്താണ് മീനിങ് ? മാഗസിനിൽ നീ എഴുതിയ കവിതയിൽ കണ്ട വേഡാണ്. ഒന്നും മനസ്സിലായില്ല.  അതിനൊപ്പമുള്ള നിന്റെ ഫോട്ടോ കൊള്ളാം, കേട്ടോ.. 

അതു ഞാൻ തീരെ പോസ് ചെയ്യാതെ എടുത്തതാണ്. കവികളെയല്ല, അവരുടെ രചനകളെയാണ് ആരാധിക്കേണ്ടത് എന്നാണ് എന്റെ തിയറി. ഫോട്ടോകളെ ആരാധിക്കുന്നവരെ എനിക്ക് ഇഷ്ടമല്ല. 

ഞാൻ ആരാധിക്കും. എനിക്ക് അതുപോലെ മനസ്സിലാകാത്ത ലാംഗ്വിജിൽ ഒരു ലവ് ലെറ്റർ എഴുതി തരാമോ?

ഞാൻ പറഞ്ഞു... പറ്റില്ല. 

അരുണിമയുടെ മുഖം ലോലോലിക്കയായി തുടുത്തു. അതൊരു പ്രണയമായി പൂത്തു. അവൾ പറഞ്ഞു... പറ്റില്ലെന്നു പറഞ്ഞതാ എനിക്ക് കൂടുതൽ ഇഷ്ടമായത്. ഞാൻ എത്രനാൾ വേണേലും വെയ്റ്റ് ചെയ്തോളാം.

പിറ്റേന്ന് ഫീസടയ്ക്കാൻ ക്യൂ നിൽക്കുമ്പോൾ ലോലോലിക്ക പിന്നിൽ വന്നു ചോദിച്ചു.. നാളെ മുതൽ ഒരു പൊതി കൂടി കൊണ്ടു വരാമോ?

അന്നേരം ഒന്നും പറഞ്ഞില്ല. അന്നു രാത്രി അത്താഴം കഴിഞ്ഞ് അമ്മയും ചക്കിപ്പൂച്ചയും അടുക്കളയിൽ തനിച്ചായ നേരം നോക്കി ഞാൻ അടുത്തുകൂടി.. അമ്മ തരുന്ന ചോറുപൊതിക്ക് നല്ല രുചിയുണ്ടമ്മേ..  എന്റെ കൂട്ടുകാരൊക്കെ പറഞ്ഞു.. അമ്മ സൂപ്പറാ.. ! 

അടുപ്പിൻ പാതകത്തിലെ പാത്രങ്ങൾ അതുകേട്ട് കിലുകിലാന്നു ചിരിച്ചു.  അമ്മ അവറ്റകളെ ശാസിച്ചു... മിണ്ടാതിരി. ഇല്ലെങ്കിൽ നാളെ രാവിലെ എല്ലാത്തിനേം അടുപ്പത്തു വയ്ക്കും.

പിറ്റേന്ന് രാവിലെ രണ്ടാമത്തെ പൊതി കണ്ടപ്പോൾ ഇളയ പെങ്ങൾ രഹസ്യപ്പൊലീസായി.. സത്യം പറയ്.. ഇതാർക്കാ ?

എനിക്കു തന്നെ.. ഈയിടെയായി നല്ല വിശപ്പ്. ചോറു തികയുന്നില്ല. 

പെങ്ങൾ ചിരിച്ചു.. വിശപ്പു വരും. ഇന്നലെ ചേട്ടൻ എഴുതിയ കവിത ഞാൻ വായിച്ചു. പ്രണയത്തിന്റെ ഉപ്പിട്ട പൊതിച്ചോറ് ! അരുണോദയത്തിന്റെ ഹർ‌ഷപുളകങ്ങൾ ! ഡിങ്ക് ഡിങ്കാ.. !

ലോകത്തെ എല്ലാ സഹോദരിമാരും സിബിഐയാണ്. കവിത ബുക്കിനിടയിൽ ഒളിപ്പിച്ചിട്ടും രക്ഷയില്ല. നെഞ്ചിൽ പൂട്ടിവച്ചാലും അവർ മണത്തു കണ്ടുപിടിക്കും. 

അടുത്ത ദിവസം ഒരു പൊതിയേ കിട്ടിയുള്ളൂ. രണ്ടാമത്തേതിന്റെ കാര്യം അമ്മ മറന്നു പോയി.  

അന്നുച്ചയ്ക്ക് ഞാൻ  അരുണിമയോടു പറഞ്ഞു..  പ്രണയം ഷെയറിങ് അല്ല, കെയറിങ്ങാണ്. സാക്രിഫൈസാണ് ! ഇത്  എന്റെ രക്തമാണ്, മാംസമാണ്. എടുത്തുകൊളളുക !

അവൾ കരഞ്ഞു.. ഞാനവളുടെ കണ്ണു തുടച്ചു. വിരലിൽ പിടിച്ചിട്ട് അവൾ പറഞ്ഞു.. നിന്റെ വിരലുകൾക്കു സാമ്പാറിന്റെ സ്മെൽ..  നീ എന്താ കഴിച്ചത് ?

കന്റീനിലെ തോർത്തുപോലുള്ള പൊറോട്ടയും വളിച്ച സാമ്പാറും എന്നു ഞാൻ പറഞ്ഞില്ല.  ഒട്ടും റൊമാന്റിക്കല്ല കാന്റീനിലെ ഉച്ച ഭക്ഷണം. 

ഞാൻ ചോദിച്ചു...  നീ കൊണ്ടു വരുന്ന ഫുഡ് എന്താ ചെയ്യുന്നത് ? 

അരുണിമ കൊഞ്ചി..  ആരും കാണാതെ ലവ് ബേഡ്സിനു കൊടുക്കും.  നിനക്കു വേണോ ?

വേണ്ട.. ജങ്ക് ഫുഡ് ഞാൻ കഴിക്കാറില്ല. 

പൊതിച്ചോറിലെ പ്രണയം മാർച്ചിലെത്തി. അഗ്നിപരീക്ഷയായി. 

കോളജ് അടയ്ക്കാറാകുന്നു.  ബൊട്ടാണിക്കൽ ഗാർഡിനിലെ മരങ്ങളിൽ ക്യാംപസിന്റെ ഇലകൾ കൊഴിയാൻ തുടങ്ങി.  കലണ്ടറിൽ വെറുതെ കുറെ ദിവസങ്ങൾ ! 

ഒരു ദിവസം രണ്ടു പൊതിയെടുത്തപ്പോൾ ഞാൻ പറഞ്ഞു.. അമ്മേ ഒരു പൊതി മതി. ഈയിടെയായി ഒട്ടും വിശപ്പില്ല.

പെങ്ങൾ വീണ്ടും പൊലീസായി. അവൾ ചോദിച്ചു... അരുണിമ തേച്ചിട്ടു പോയോ ചേട്ടാ ! ഇന്നലെ എഴുതി വച്ച കവിത ഞാൻ വായിച്ചു. പ്രണയനഷ്ടത്തിന്റെ ബലിച്ചോറുകൾ !

ഞാൻ മിണ്ടിയില്ല. കവികൾ ദുഖം പകർത്തുന്നത് എഴുത്തിലൂടെയാണ്. കണ്ണീരിലൂടെയോ കലാപത്തിലൂടെയോ അല്ല !  പ്രതിഭകൾ കലഹിക്കുന്നത് വാക്കുകളോടാണ് എന്നൊന്നും ഞാൻ അവളോടു പറഞ്ഞില്ല.

അനിയത്തി ഉപദേശിക്കാൻ വന്നു..  ഇതൊക്കെ സാധാരണയാ ചേട്ടാ. പണക്കാരായ പെൺകുട്ടികൾക്കു പൊതുവേ സാമ്പത്തിക ശേഷിയില്ലാത്ത ആൺകുട്ടികളോട് പഠിക്കുമ്പോൾ ഒരിഷ്ടമൊക്കെ തോന്നാറുണ്ട്. താടി, എസ്എഫ്ഐ, കവിത, ജിമുക്കി കമ്മൽ, ചന്ദനക്കുറി, തട്ടുകട, ബീയർ, കുഴമ്പ് എന്നിവയോടൊക്കെ  പെണ്ണുങ്ങൾക്കുള്ള ഇഷ്ടം പ്രായമനുസരിച്ച് മാറി മാറി വരും. ചേട്ടൻ അതു വിട്ടുകള..

വൈസ് പ്രിൻസിപ്പൽ എഴുതിയത് എത്ര ശരി ! പരിണാമ സിദ്ധാന്തം സയൻസിൽ മാത്രമല്ല, പ്രണയത്തിലുമുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam