പഠിച്ച കോളജിൽ പ്യൂൺ ആകേണ്ടി വന്നതിലല്ല ബിജോ കുര്യനു സങ്കടം, ചിന്തു കറിയാച്ചൻ അവിടെ ജൂനിയർ ലക്ചററായി വന്നതിലാണ് !
കെമിസ്ട്രി ക്ളാസിന്റെ വരാന്ത ദിവസവും ക്ളീൻ ചെയ്യേണ്ടി വരുന്നതിൽ ബിജോയ്ക്കു ചമ്മൽ ഇല്ലെന്നല്ല, പക്ഷേ കൂടുതൽ ചമ്മിയത് ആ സമയം ചിന്തു കുഞ്ഞാടുകളെയും തെളിച്ചു കൊണ്ട് അതുവഴി വന്നപ്പോഴാണ് !
ബിജോ ചൂൽ കൈയിലെടുത്ത് ഓടക്കുഴൽ പോലെ പിടിച്ചുകൊണ്ടു നിന്നു ! ചിന്തു അതുകണ്ട് നിയോൺ ബൾബ് പോലെ ചിരിച്ചു !
കോളജിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ ഈ വർഷം രണ്ടു വേക്കൻസി വന്നു – ജൂനിയർ ലെക്ചററും പ്യൂണും.
ചിന്തുവിന്റെ പപ്പാ കറിയാച്ചന് വീട്ടിൽ കാറും ചുറ്റും റബറും അതിരിൽ ആറുമുള്ളതുകൊണ്ട് ലെക്ചററുടെ വേക്കൻസി ചിന്തുവിനു കിട്ടി.
ബിജോ അപ്പനെയും കൂട്ടി ഇന്റർവ്യൂവിന് ചെന്നപ്പോൾ മാനേജരച്ചൻ പറഞ്ഞു... പ്യൂണിന്റെ വേക്കൻസിക്കും നല്ല മണി വേണം. പിന്നെ മണിയടിക്കാൻ ഇവൻ മിടുക്കനായതുകൊണ്ട് ഇവനു തന്നെ കൊടുക്കാം.
ജോലിക്കു ചേരുമ്പോളൊന്നും കെമിസ്ട്രി ലക്ചററായി വരുന്നത് ചിന്തുവാണെന്ന് സത്യത്തിൽ ബിജോ അറിഞ്ഞിരുന്നില്ല.
കോളജിൽ അവർ സഹപാഠികളായിരുന്നു. പഠിക്കുന്ന കാലത്ത് ചിന്തുവിനോട് അവന് നല്ല പ്രണയവുമുണ്ടായിരുന്നു. കോളജ് വിട്ട് ചിന്തു ഹയർ സ്റ്റഡീസിനു പോയതോടെ ബ്രേക്കപ് ആയി. ബിജോയ്ക്ക് സെക്കൻഡ് ലാംഗ്വിജ് കിട്ടിയില്ല. കോളജിൽ പഠിക്കുമ്പോൾ അവന്റെ സെക്കൻഡ് ലാംഗ്വിജ് പ്രണയമായിരുന്നല്ലോ !
പിന്നെ അവർ തമ്മിൽ കാണുന്നത് ജോലി കിട്ടി കോളജിൽ എത്തുമ്പോഴാണ്.
ജോയിൻ ചെയ്ത ദിവസം രാവിലെ പ്രിൻസിപ്പലിന്റെ റൂമിനു പുറത്തു വച്ചു തമ്മിൽ കണ്ടപ്പോൾ അവൻ അന്തംവിട്ടു.. ചിന്തൂ.. നീ എന്താടീ ഇവിടെ ?
അവൾ പറഞ്ഞു.. ഞാനിവിടെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ ജോയിൻ ചെയ്തു. നീയോ..?
എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുമ്പ് ഓഫിസ് മുറിയുടെ ഹാഫ് ഡോറിനു മുകളിൽ ചന്ദ്രനുദിച്ചതുപോലെ പ്രിൻസിപ്പലച്ചന്റെ മുഖം. പ്രിൻസിപ്പൽ ഫാ. ജേക്കബ് മുല്ലപ്പൂഞ്ചിരിയാണ്.
പുഞ്ചിരിയച്ചൻ ചോദിച്ചു.. ഇവിടെയെന്താ കുറെ നേരമായി ഒരു പാട്ടുകുർബാന ?
ചിന്തു പറഞ്ഞു.. ഞങ്ങൾ ക്ളാസ്മേറ്റ്സാണ് ഫാദർ..
അച്ചൻ ചിരിച്ചു... നന്നായി. കർഷകൻ എറിയുന്ന വിത്തുകൾ പോലെ.. ചിലത് നനഞ്ഞ മണ്ണിലും മറ്റു ചിലത് വരണ്ട പാറകളിലും വീഴുന്നു. ചിന്തു ടീച്ചർ ക്ളാസിൽ പോകൂ..
പിന്നെ ബിജോയെ നോക്കി അച്ചൻ പറഞ്ഞു.. മോനേ ബിജോ, നമ്മുടെ പ്രധാനമന്ത്രി മോദിയുടെ സ്വച്ഛ് ഭാരത് ആപ്പ് ഇല്ലേ.. അത് നടപ്പാക്കിയ ആദ്യത്തെ കോളജാണ് നമ്മുടേത്. കോളജും പരിസരവും എന്റെ ളോഹ പോലെ ക്ളീൻ ആയിരിക്കണം. അതെനിക്കു നിർബന്ധമാ.. മനസ്സിലായല്ലോ..
ബിജോ നോക്കുമ്പോൾ അച്ചന്റെ ളോഹയുടെ പോക്കറ്റിനു ചുറ്റും ദക്ഷിണാഫ്രിക്ക പോലെ മഷിപ്പാട്. അവൻ പറഞ്ഞു.. ആമേൻ !
ക്യാംപസിന്റെ മുക്കും മൂലയും ഒരു ഇല പോലും വിഴാതെ കിടക്കണമെന്ന നിർബന്ധമായിരുന്നു പ്രിൻസിപ്പൽ ഫാ. ജേക്കബ് മുല്ലപ്പൂഞ്ചിരിക്ക്.
അതേസമയം അൽപം കരിയിലകൾ വീണു കിടക്കുന്നത് നല്ലതാണ്, മുറ്റത്തും മനസ്സിലും എന്ന ചിന്തയായിരുന്നു ബിജോയ്ക്ക്.
അവൻ ഓർമകളുടെ കരിയിലകളിൽ ചവിട്ടി ക്യാംപസിലൂടെ വെറുതെ നടന്നു.
ബ്ളാക്ക് ബോർഡിൽ എഴുതാൻ ചോക്ക് പിടിക്കുമ്പോൾ സൂക്ഷിച്ചു നോക്കിയാൽ കാണാം ചിന്തു ടീച്ചറുടെ മോതിര വിരലിൽ ചെറിയൊരു ചന്ദ്രക്കല. പഠിക്കുന്ന സമയത്ത് കെമിസ്ട്രി ലാബിൽ വച്ച് സൾഫ്യൂരിക് ആസിഡ് വീണു പൊള്ളിയതാണ്.
അന്ന് ഒരു ദിവസം ബിജോയും ചിന്തുവും ലാബിൽ അടുത്തു നിന്ന് എക്സ്പിരിമെന്റ്സ് ചെയ്യുകയായിരുന്നു.
അവൾ ചോദിച്ചു.. സൾഫ്യൂരിക് ആസിഡിന്റെ സൂത്രവാക്യം എന്താ.. ?
ഊർജതന്ത്രവും രസതന്ത്രവും ഉള്ളിൽ നിറഞ്ഞ നിമിഷത്തിൽ അവൻ രഹസ്യം പറയുന്ന ശബ്ദത്തിൽ പറഞ്ഞു.. ഐ ലവ് യു !
അവളുടെ കൈയിലെ സ്ഫടിക ജാർ താഴെ വീണു പൊട്ടി– ഝിൽ !
ഇന്നലെ കെമിസ്ട്രി ലാബിൽ ആസിഡ് ജാറുമായി ചെന്നപ്പോൾ ബിജോയുടെ മനസ്സിൽ മുഴുവൻ അതായിരുന്നു.
ചിന്തു ടീച്ചറാകട്ടെ കുട്ടികൾക്കു നടുവിൽ നിന്ന് ടെസ്റ്റ് ട്യൂബിൽ ചുവപ്പും പച്ചയും നിറമുള്ള രണ്ടു ദ്രാവകങ്ങൾ ചേർത്ത് നീല നിറമുള്ള വാതകം ഉണ്ടാക്കുന്നതിന്റെ തിരക്കിലും.
ബിജോ ചോദിച്ചു.. ഈ ജാറിൽ എന്താണെന്ന് അറിയാമോ ?
ചിന്തു ചിരിച്ചു.. സൾഫ്യൂരിക് ആസിഡിന്റെ സൂത്രവാക്യമാണോ ?
ചമ്മലോടെ ഇറങ്ങിപ്പോരുമ്പോൾ ബിജോ ആരോടെന്നില്ലാതെ പറഞ്ഞു.. സെക്കൻഡ് ലാംഗ്വിജിൽ കുറച്ചൂടെ ശ്രദ്ധിക്കാമായിരുന്നു..
അതു കേട്ട് ലാബിലെ ലാഫിങ് ഗ്യാസ് മുറിയുടെ മൂലയിൽ അനാഥനായി തൂക്കിയിട്ടിരിക്കുന്ന അസ്ഥികൂടത്തെ നോക്കി പൊട്ടിച്ചിരിച്ചു !
കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെ മേശപ്പുറം വൃത്തിയാക്കുമ്പോൾ ചിന്തു ടീച്ചറുടെ കസേരയുടെ ചുവട്ടിലെ വേസ്റ്റ് ബാസ്കറ്റിൽ ബിജോയ്ക്കൊരു സാധനം കിട്ടി – ഒരു പഴത്തൊലി.
രണ്ടു ദിവസത്തെ അന്വേഷണം കഴിഞ്ഞാണ് വിവരം പിടികിട്ടിയത്. മലയാളം ഡിപ്പാർട്ട്മെന്റിലെ പ്രഫ നമ്പൂതിരി സാർ ചിന്തുവിനു സമ്മാനിച്ചതാണ്. അമ്പലത്തിൽ നേദിച്ച പഴം. കവി കൂടിയായ നമ്പൂതിരി സാർ സ്വന്തം നാട്ടിലെ അമ്പലത്തിൽ പൂജിച്ച പഴം അടുപ്പമുള്ളവർക്ക് കൊടുക്കാറുണ്ട്, അനുഗ്രഹം കിട്ടാൻ. കോളജ് മാഗസിനിൽ കവിതയെഴുതുന്ന കുട്ടികൾക്ക് കൊടുക്കുമ്പോൾ ഒരിക്കൽ സാർ പറഞ്ഞിരുന്നത്രേ.. – കവിതയെഴുതുമ്പോൾ കാകളിയും കേകയും മാറിപ്പോകാതിരിക്കാൻ ഇതു കഴിച്ചോളൂ..
കെമിസ്ട്രിയിലെ ജൂനിയർ ലക്ചറർക്ക് പൂജിച്ച പഴം കൊടുത്തതിന്റെ കെമിസ്ട്രി പിടികിട്ടാതെ ബിജോ രണ്ടു ദിവസം നടന്നു.
ദിവസവും രാവിലെ ക്യാംപസിലെ നീളൻ വരാന്തകളിലൂടെ മുല്ലപ്പൂഞ്ചിരിയച്ചന്റെ റാസയുണ്ട്. വൈസ് പ്രിൻസിപ്പലും ചില പ്രഫസർമാരും പിന്നാലെ കൂടും.
അങ്ങനെ വരുമ്പോൾ ഒരു ദിവസം ബിജോ മുന്നിൽപ്പെട്ടു. കെമിസ്ട്രി ക്ളാസ് മുറികളുടെ പുറത്തെ വരാന്തയിൽ വീണു കിടന്നിരുന്ന കരിയിലകൾ കാൽകൊണ്ട് നൈസായി തൂത്ത് മുറ്റത്തേക്കിടുകയായിരുന്നു അവൻ.
പൂഞ്ചിരിയച്ചൻ ചോദിച്ചു.. നീയെന്താ സൂംബാ ഡാൻസ് കളിക്കുവാണോ ?
ബിജോ പറഞ്ഞു.. ഈ മരം വലിയ പ്രശ്നമാണച്ചോ... ഓരോ മിനിറ്റിലും ഇലയിങ്ങനെ വീഴുന്നുണ്ട്.
മുല്ലപ്പൂഞ്ചിരിയച്ചൻ പറഞ്ഞു.. ആദാമിന്റെ കാലം തൊട്ടേ മരം പ്രശ്നമാണ്. നീ അതോർത്തു വെഷമിക്കണ്ട. കനി തിന്നാനല്ലല്ലോ നിന്നോടു പറഞ്ഞത്, ഇല തൂത്തുകളയാനല്ലേ.. ! അതു ചെയ്താൽ മതി.
അച്ചൻ പോയതിനു പിന്നാലെ വിശുദ്ധമായ കാറ്റു വന്നു മരത്തിൽ തൊട്ടു. മരം ഒരു കുട്ട കരിയില കൂടി വാരി തിണ്ണയിലേക്ക് തൂവി..
ബിജോയ്ക്കു അടക്കാനാവാത്ത കലി വന്നു. അവൻ പല്ലിറുമ്മിപ്പറഞ്ഞു.. ഫെർബെക്കിയാനോ ഉസ്ബക്കിസ്തോ... കുന്തം..
അത് ആ മരത്തിന്റെ രാസനാമമായിരുന്നു.. !
റെയിൻ ട്രീ വിഭാഗത്തിൽപ്പെട്ട ആ മരം ക്യാംപസിന്റെ നടുവിൽ എത്രയോ കാലങ്ങളായി നെഞ്ചുവിരിച്ച് പടർന്നു പന്തലിച്ച് വിരിഞ്ഞു നിന്നിരുന്നു.
പെൺകുട്ടികൾ അടുത്തു വരുമ്പോൾ കൂടുതൽ ഓക്സിജൻ പ്രൊഡ്യൂസ് ചെയ്യുന്ന സ്വഭാവമുണ്ടായിരുന്ന ആ മരത്തിന് ! നിറയെ ചെറിയ ചെറിയ ഇലകളുള്ള ഒരിക്കലും പൂക്കാത്ത ആ മരത്തിന്റെ ഹോബി ഇലപൊഴിക്കലായിരുന്നു. കരിയിലകൾ തൂത്തു വാരിയിട്ട് ബിജോയുടെ മനസ് ചവറ്റു കൊട്ടയായി. അവനു മടുത്തു.
ബിജോ ഒരു ഞായറാഴ്ച മുല്ലപ്പൂഞ്ചിരിയച്ചന്റെ മുറിയിൽ ചെന്നു കൈകൂപ്പി നിന്നു.. അച്ചോ, എനിക്കൊന്നു കുമ്പസാരിക്കണം. ചിലപ്പോൾ ഞാനും ചിന്തു ടീച്ചറും വീണ്ടും പ്രണയത്തിലാവാനും ഞാൻ അവളെ വിവാഹം കഴിക്കാനും സാധ്യതയുണ്ട്..
അച്ചൻ മുല്ലപ്പൂ പോലെ ചിരിച്ചു... വിവാഹം ഒരു പാപമല്ല മോനേ ബിജോ..
ബിജോ പറഞ്ഞു.. അച്ചോ ശവസംസ്കാര ചടങ്ങിൽ കോമഡി പറയരുത്. എന്റെ മുന്നിലെ തടസ്സം ഈ നശിച്ച മരമാണ്. മരിച്ച കരിയിലകളാണ്. ദിവസവും ഉള്ള ഈ തൂത്തുവാരലാണ്.
അച്ചനു സങ്കടം തോന്നി.. നിനക്കു വേണ്ടി ഞാൻ പ്രാർഥിക്കാം.
ബിജോ പറഞ്ഞു.. ഈ മരത്തിന്റെ ചുവട്ടിൽ ഞാൻ ഇന്നലെ രാത്രി സൾഫ്യൂരിക് ആസിഡ് ഒഴിച്ചു. മരം വൈകാതെ ഉണങ്ങാൻ തുടങ്ങും. അച്ചോ എന്നോടു ക്ഷമിക്കണം.
പുഞ്ചിരിയച്ചൻ നിസ്സഹായനായി മരത്തിനു നേരെ നോക്കി. മരം അച്ചനെ നോക്കി വേദനയോടെ പുഞ്ചിരിച്ചു..
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam