പള്ളിമുറ്റത്ത് നിൽക്കെ റെജിയച്ചൻ നേർത്ത മൊഴികളുടെ ചാറ്റൽമഴ നനയാൻ തുടങ്ങി.
മനസ്സുപോലെ സുതാര്യമായ വെളുത്ത ഷാൾ തല നനയാതിരിക്കാനെന്ന വണ്ണം യുവതി നെറ്റിയിലേക്ക് ഒന്നുകൂടി ഉയർത്തിയിട്ടു.
അവൾക്കു മുകളിൽ വിശുദ്ധ ദേവാലയം അരൂപിയുടെ കുടയായി നിവർന്നു.
യുവതി പറയാൻ തുടങ്ങി.. അച്ചോ ഞാൻ നിമ്മി മേരി പോൾ. വാഴക്കാലായിലെ സണ്ണി ലൂക്കോസിന്റെ ഭാര്യയായിട്ട് നാലു വർഷമായി.
അച്ചൻ പറഞ്ഞു.. ഞാൻ ഫാ. റെജി വെള്ളത്തൂവൽ. ഈ ദേവാലയത്തിൽ വന്നിട്ട് ഒരു വർഷമായതേയുള്ളൂ.
നിമ്മി ഒന്ന് ആശ്വസിച്ചു. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറയാൻ തുടങ്ങി... എനിക്കു പറയാനുള്ളത്...
ആ വാചകം പൂർത്തിയാക്കാൻ സമ്മതിക്കാതെ റെജിയച്ചൻ പറഞ്ഞു... എന്നോടല്ല, ദൈവത്തോടാണ് എന്ന് ഓർമ വേണം.
നിമ്മി പറഞ്ഞു.. സണ്ണിച്ചാൻ രണ്ടു വർഷമായി ലൊസാഞ്ചലസിലാണ്.
റെജിയച്ചൻ പറഞ്ഞു.. അതെനിക്കറിയാം. കഴിഞ്ഞ തവണ കൊണ്ടുവന്ന പെർഫ്യൂം ന്യൂയോർക്കിലേതായിരുന്നു. അന്നേരം ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു അടുത്ത ക്രിസ്മസിനു വരുമ്പോൾ സിറിയയിൽ നിന്നുള്ള പെർഫ്യൂം കൊണ്ടു വരാമെന്ന്.
നിമ്മി പറഞ്ഞു.. അച്ചോ, കുറെ നാളിനു മുമ്പാണ് ഞാൻ ഒരു തെറ്റു ചെയ്യാൻ തുടങ്ങിയത്.
അച്ചൻ പറഞ്ഞു.. തെറ്റാണെന്ന് എങ്ങനെ മനസ്സിലായി? ആരേലും കണ്ടുപിടിച്ച് പറഞ്ഞാരുന്നോ ?
നിമ്മി പറഞ്ഞു.. പറഞ്ഞു, എന്റെ മനസ്സാക്ഷി.
അച്ചൻ ചോദിച്ചു.. മനസ്സാക്ഷിയെന്നു പറയുമ്പോൾ നിന്റെ മനസ്സിൽ വരുന്നത് എന്തു രൂപമാണ് ? വെള്ള പ്രാവാണോ, മെഴുകുതിരിയാണോ, അതോ ചുവന്ന പരുന്താണോ?
നിമ്മി പറഞ്ഞു... ഇതൊന്നുമല്ലച്ചോ, മഴ നനഞ്ഞു കുതിർന്ന ഒരു കടലാസ്. അതിൽ പടർന്ന മഷി കൊണ്ടെഴുതിയ ഒരു പാട്ട്.. പള്ളിയിലെ പാട്ട്.
അച്ചൻ ചോദിച്ചു.. ആ പാട്ട് ഒന്നു പാടാമോ?
നിമ്മി ചുറ്റുപാടും നോക്കി.
പിന്നെ മടിച്ചും മിടിച്ചും മെല്ലെ പാടാൻ തുടങ്ങി.. തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ.. നാവെനിക്കെന്തിനു നാഥാ...
അച്ചൻ ബാക്കി പാടി.. തിരുരൂപ ദർശനം കാണുവാനല്ലെങ്കിൽ.. കണ്ണെനിക്കെന്തിനു നാഥാ..
പ്രാർഥനാഗാനത്തിന്റെ ആ രണ്ടു വരികൾ ഉയർന്നു പൊങ്ങി പള്ളിമേടയുടെ മുകളിൽ ആകാശത്തേക്കു നോക്കി നിൽക്കുന്ന കുരിശിന്റെ കാൽക്കൽ ചുംബിച്ചു.
പ്രാർഥിക്കാൻ വരുന്ന ഓരോ പെൺകുട്ടിയും വക്കുവരെ മഴവെള്ളം നിറച്ച് ഇറുക്കിക്കെട്ടിയ പ്ളാസ്റ്റിക് കവറാണെണെന്ന് റെജിയച്ചനു തോന്നാറുണ്ട്. എവിടെ നിന്നോ എപ്പോഴൊക്കെയോ പെയ്തു നനഞ്ഞ അനുഭവമഴകളുടെ തുള്ളിക്കൂട്ടായ്മ. വിതുമ്പി നിൽക്കുന്ന കവറിൽ വെറുതെയെങ്ങാനും സൂചികൊണ്ട് ഒന്നു കുത്തിയാൽ ചിതറി വീഴും.
നിമ്മി ചോദിച്ചു.. ഇനീം പാടണോ അച്ചോ.. എനിക്ക് മടിയുണ്ട്.
അച്ചൻ പറഞ്ഞു.. എനിക്കും മടിയുണ്ട്. പാടാൻ.
ഓരോ ഞായറാഴ്ചയും രാവിലത്തെ കുർബാനയ്ക്കിടെ പാട്ടുകൾ പാടുമ്പോൾ റെജിയച്ചൻ വല്ലാത്തൊരു പേടിയനുഭവത്തിലൂടെ കടന്നു പോകാറുണ്ട്. സ്വന്തം ശബ്ദം പാട്ടിനു കൊള്ളില്ലെന്ന് ഒരു തോന്നൽ. തന്റെ പാട്ടു കേട്ട് വിശ്വാസികൾക്കിടയിൽ നിന്ന് ഏതെങ്കിലുമൊരു വികൃതിക്കുട്ടി പരിസരം മറന്ന് ഉറക്കെ ചിരിച്ചുപോകുമോ എന്നൊരു പേടി. അങ്ങനെയുണ്ടാവല്ലേ എന്നൊരു പ്രാർഥന.
നിമ്മി പറഞ്ഞു.. എന്നും ഈ പാട്ടു കേൾക്കാതെ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല.
യേശുദാസിന്റെ ശബ്ദത്തിലാണോ എന്നു ചോദിക്കാൻ തോന്നിയെങ്കിലും റെജിയച്ചൻ ചോദിച്ചില്ല.
നിമ്മി പറഞ്ഞു.. പള്ളിയിലെ പാട്ടുസംഘത്തിൽ നിന്നാണ് ഞാൻ ആദ്യം ഈ പാട്ടു കേൾക്കുന്നത്. അന്ന് ഈ പാട്ടു പാടിയിരുന്നത് സക്കറിയയാണ്. അവന് എന്റെ പ്രായമാണ്. ഒരു കൊച്ചുമാലാഖക്കുട്ടിയുടെ ലുക്കായിരുന്നു അവന്. അവൻ ക്രിസ്തു എന്നു പാടുമ്പോൾ ക്രിബുകളുടെ രൂപം മനസ്സിൽ വരും. അത്രയും നല്ല പാട്ടാണച്ചോ അവന്റേത്.
റെജിയച്ചന്റെ ആലോചനകളുടെ കുന്നുകയറാൻ തുടങ്ങി.... ആദ്യമാണിങ്ങനെ ഒരു അനുഭവം. ക്രിസ്തു എന്ന വാക്ക് ഒരിക്കലും പിരിച്ചെഴുതി നോക്കിയിട്ടില്ല. ക്രി എന്നാൽ ക്രിബ്.. പുൽക്കൂട്. അപ്പോൾ സ്തു എന്നാൽ സ്തുതി, ദൈവത്തിനു സ്തുതി. ഇനിയുള്ള ഞായറാഴ്ചകളിൽ പ്രാർഥനയ്ക്കും പ്രസംഗത്തിനുമിടയിൽ ഇങ്ങനെ പേരുകൾ പിരിച്ചെഴുതി നോക്കാൻ അച്ചന് ആഗ്രഹം തോന്നി.
നിമ്മി പറഞ്ഞു കൊണ്ടേയിരുന്നു.. സക്കറിയ പാടുന്ന നേരത്ത് ചിലപ്പോഴൊക്കെ ഞാൻ ചെവി പൊത്തിപ്പിടിക്കുമായിരുന്നു. അവനെ ദേഷ്യം പിടിപ്പിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. എന്നിട്ട് അവന്റെ ചുണ്ടുകളിലക്കു തന്നെ നോക്കി നിൽക്കും. ചുണ്ടുകളുടെ ചലനങ്ങളിൽ നിന്ന് പാട്ടു കേൾക്കുന്നത് എന്തുരസമാണെന്നോ.. ! ശബ്ദമില്ലാതെ കേൾക്കാൻ പറ്റുന്ന കുറെ വാക്കുകളുണ്ടെന്ന് അങ്ങനെ എനിക്കു മനസ്സിലായി
എതു വാക്കെന്നു ചോദിക്കാൻ തോന്നിയെങ്കിലും റെജിയച്ചൻ ചോദിച്ചില്ല. എന്നിട്ടു പറഞ്ഞു.. ദേവാലയത്തിൽ നിൽക്കുമ്പോൾ ഇത്തരം കുസൃതികൾ അനുവദീനയമല്ലെന്ന് നിന്നോട് ആരും പറഞ്ഞുതന്നില്ലേ.. ?
നിമ്മി തുടർന്നു.. ഇപ്പോൾ ഞാൻ എന്നും രാത്രിയിൽ സക്കറിയയെ വിളിച്ച് ആ പാട്ടു പാടാൻ ആവശ്യപ്പെടുന്നുണ്ട്. അവൻ പാട്ട് പാടാറുമുണ്ട്. ആദ്യമൊക്കെ വെറുതെ കേട്ടിരിക്കുമായിരുന്നു ഞാൻ. പിന്നീട് പാട്ടിലെ ചില വരികൾ വീണ്ടും കേൾക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. അവൻ എത്ര തവണ വേണമെങ്കിലും പാടും. ഈയിടെയായി മറ്റൊരു ആഗ്രഹം കൂടി വന്നു.
റെജിയച്ചൻ ചോദിച്ചു... അവന്റെ പാട്ട് നേരിട്ടു കേൾക്കണമെന്ന്.. അല്ലേ.. ?
നിമ്മി പറഞ്ഞു... അതെ.. അച്ചൻ പറയുന്നത് സത്യമാണ്.
റെജിയച്ചൻ പറഞ്ഞു.. നീ പറയുന്നതു കേട്ടപ്പോൾ അവന്റെ പാട്ട് എനിക്കും കേൾക്കണമെന്ന് തോന്നുന്നുണ്ട്.
നിമ്മി ഒന്നാശ്വസിക്കാൻ ശ്രമിച്ചു.
റെജിയച്ചൻ ചോദിച്ചു.. അവൻ ക്രിസ്തു എന്നു പാടുമ്പോൾ നിനക്ക് ക്രിബുകളെ ഓർമ വരാറുണ്ടെന്നല്ലേ പറഞ്ഞത്. നല്ല കാര്യമാണത്.
നിമ്മി എന്തോ പറയാൻ തുടങ്ങുമ്പോൾ റെജിയച്ചൻ തടഞ്ഞു.. ഇനി ഞാൻ പറയുന്നതു കേൾക്കൂ. പാട്ടിലെ വാക്കുകളെ പിരിച്ചെഴുതി പുതിയ അർഥങ്ങൾ കണ്ടെത്തുന്നതു പോലെ ആ പാട്ടിൽ നിന്ന് നീ സക്കറിയ എന്ന പേരിനെ പിരിച്ചെഴുതി മാറ്റുക.
റെജിയച്ചൻ ദേവാലയത്തിന്റെ തണലിലൂടെ നടന്നുപോയി.