മതിലിന്റെ പേരിൽ ഒരു മൽപ്പിടിത്തം

അതിർത്തിയിൽ മതിൽ നിർമിക്കാനുളള തുക മെക്സിക്കോയിൽനിന്നു വസൂലാക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് ആവർത്തിച്ചുകൊണ്ടിരുന്നത്. പണം തരില്ലെന്ന് മെക്സിക്കോയും വ്യക്തമാക്കി. ചെലവ് മൂഴുവൻ അമേരിക്കയിലെ നികുതിദായകർ വഹിക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി

ആഹ്ളാദത്തിന്റെ ദിനമായ ക്രിസ്മസ് അമേരിക്കയിൽ ഇത്തവണ ഒട്ടേറെ പേർക്ക് അനുഭവപ്പെട്ടത് ആശങ്കയുടെ ദിനമായിട്ടാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഡിസംബർ 21) രാത്രി മുതൽ കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചതാണ് കാരണം. അതിനു സാഹചര്യം ഒരുക്കിയതാണെങ്കിൽ അമേരിക്കയ്ക്കു പുറത്തുള്ളവരിൽ ഏറെ കൗതുകം

ജനിപ്പിക്കുന്ന ഒരു സംഭവികാസവും. അനധികൃത കുടിയേറ്റം തടയാനായി മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു 570 കോടി ഡോളർ ആവശ്യമുണ്ട്. പക്ഷേ, അത്രയും തുക ബജറ്റിൽ ഉൾക്കൊള്ളിക്കുന്നതു കോൺഗ്രസിലെ (പാർലമെന്റ്) പ്രതിപക്ഷ ഡമോക്രാറ്റിക് പാർട്ടിക്കു സമ്മതമല്ല. എങ്കിൽ അതുൾപ്പെടാത്ത ധനവിനിയോഗ ബില്ലിനു താൻ അംഗീകാരം നൽകില്ലെന്നു ട്രംപ് ശഠിക്കുന്നു. 

കേന്ദ്ര ഗവൺമെന്റിലെ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനം സുഗമമായി നടക്കണമെങ്കിൽ ധനവിനിയോഗ ബില്ലിലൂടെ അവർക്ക്്് ആവശ്യമായ പണം അനുവദിച്ചുകിട്ടണം. അതു കിട്ടാതായതോടെ അവയുടെ പ്രവർത്തനം നിലച്ചു.

ഇതൊഴിവാക്കാൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രംപും ഡമോക്രാറ്റിക് പാർട്ടിയുടെയും റിപ്പബ്ളിക്കൻ പാർട്ടിയുടെയും നേതാക്കളും തമ്മിൽ തകൃതിയായ ചർച്ചകൾ നടന്നുവരികയായിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, പ്രസിഡന്റിന്റെ മകളുടെ ഭർത്താവും ഉപദേഷ്ടാവുമായ ജാറിദ് കുഷ്നർ തുടങ്ങിയവരും അതിൽ പങ്കെടുക്കുകയുണ്ടായി. 

അതിനിടയിൽ വാരാന്ത്യത്തിൽ സഭ പിരിഞ്ഞു. ക്രിസ്മസ്കൂടി കഴിഞ്ഞ ശേഷം  വ്യാഴാഴ്ചയാണ് സഭ ഇനി വീണ്ടും ചേരുക. അതിനുശേഷവും പ്രശ്നം തീരുമോയെന്നു പലരും സംശയിക്കുന്നു. പുതിയ വർഷത്തിലേക്കും നീണ്ടുപോയേക്കാം. മതിൽ കൂടാതെയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും താൻ വഴങ്ങില്ലെന്നാണ് ക്രിസ്മസ് നാളിൽപ്പോലും ട്രംപ് തറപ്പിച്ചുപറഞ്ഞത്.  

കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവയിൽ ചിലതുമാത്രമാണ് ഷട്ഡൗൺ എന്നറിയപ്പെടുന്ന ഇൗ അടച്ചുപൂട്ടലിന് ഇരയായത്. പക്ഷേ, അവയിലെ ജീവനക്കാർ എട്ടു ലക്ഷത്തോളം വരും. സായുധ സേനകൾ, ആഭ്യന്തര സുരക്ഷാ വിഭാഗം, കേന്ദ്ര കുറ്റാന്വേഷണ വിഭാഗം (എഫ്ബിഐ), കോസ്റ്റ് ഗാർഡ്, വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ   എന്നിവ അവശ്യ സർവീസുകളായതിനാൽ അവയെ ഷട്ഡൗൺ ബാധിച്ചിട്ടില്ല. 

സംസ്ഥാന പൊലീസുകൾ അതതു സംസ്ഥാന ഭരണകൂടങ്ങളുടെ കീഴിലായതിനാൽ അവരുടെ പ്രവർത്തനങ്ങൾക്കും തടസ്സമില്ല. തപാൽ സർവീസ് സ്വതന്ത്രമായതിനാൽ അതിനും പ്രശ്നമില്ല.

ഷട്ഡൗണിനു വിധേയമായ വകുപ്പുകളിലെയും ഏജൻസികളിലെയും ജീവനക്കാരിൽ പകുതിയിലേറെ പേർക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നു. ബാക്കിയുള്ളവർ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാനും നിർബന്ധിതരായി. അവരുടെയെല്ലാം ക്രിസ്മസ് അങ്ങനെ സന്തോഷരഹിതമായി.  

അമേരിക്കയുടെ തെക്കു ഭാഗത്തെ മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ മതിൽ കെട്ടുമെന്നതു 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലംമുതൽക്കേയുള്ള ട്രംപിന്റെ  തീരുമാനമാണ്. മെക്സിക്കോയുടെ തെക്കു ഭാഗത്തുള്ള ഹോൻഡുറസ്, എൽസാൽവദോർ തുടങ്ങിയ ദരിദ്രമായ മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരും അമേരിക്കയിലേക്കു കടക്കുന്നതു  മെക്സിക്കോ അതിർത്തിയിലൂടെയാണ്. 

നദികളും മലകളും അടങ്ങിയ 3000 കിലോമീറ്റർ നീളമുളള അതിർത്തിയിലെ സമതല പ്രദേശത്താണ്  മതിൽ നിർമിക്കാൻ ട്രംപ് ഉദ്ദേശിക്കുന്നത്. കല്ലും സിമന്റും ഉപയോഗിച്ചുള്ള ഭിത്തിയല്ല, ഉരുക്കു തൂണുകൾ കൊണ്ടുള്ള വേലിയായിരിക്കും ഇതു വാസ്തവത്തിൽ.

അതിനുളള തുക താൻ മെക്സിക്കോയിൽനിന്നു വസൂലാക്കുമെന്നും ട്രംപ് പറഞ്ഞുകൊണ്ടിരുന്നു. പണം തരില്ലെന്ന് ആദ്യം മുതൽക്കേ മെക്സിക്കോയും വ്യക്തമാക്കുകയുണ്ടായി.

അതിനാൽ, അക്കാര്യം ട്രംപ് ഇപ്പോൾ പരാമർശിക്കാറില്ല. ചെലവ് മൂഴുവൻ അമേരിക്കയിലെ നികുതിദായകർ നൽകണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.  570 കോടി ഡോളർ നീക്കിവയ്ക്കണമെന്നാണ് അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ റിപ്പബ്ളിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള പ്രതിനിധിസഭ അതുൾപ്പെടുന്ന ബിൽ  ഇൗയിടെ പാസ്സാക്കുകയും ചെയ്തു. 

സെനറ്റും റിപ്പബ്ളിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലാണെങ്കിലും ഇതുപോലുള്ള ബിൽ അവിടെ പാസ്സാകാൻ പ്രതിനിധിസഭയിലെപ്പോലെ കേവലഭൂരിപക്ഷം പോരാ. നൂറംഗ സെനറ്റിലെ 61 അംഗങ്ങളുടെ പിന്തുണവേണം. അതിനു ഡമോക്രാറ്റുകൾകൂടി സഹായിക്കണം. പക്ഷേ, അവർ അതിനു തയാറില്ല. 

മതിലിന്റെ ആവശ്യംതന്നെയില്ലെന്നാണ് ഡമോക്രാറ്റുകളുടെ നിലപാട്. എങ്കിലും, ഒത്തുതീർപ്പെന്ന നിലയിൽ അതിർത്തി രക്ഷയ്ക്കെന്ന പേരിൽ 130 കോടി ഡോളർ ഉൾപ്പെടുത്താൻ അവർ സമ്മതിച്ചു. പക്ഷേ, ട്രംപിന് അതുപോരാ. ഡമോക്രാറ്റുകൾ സമ്മതിച്ചില്ലെങ്കിൽ, വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനത്തിനു പണം വകയിരുത്തിക്കൊണ്ടുള്ള ബില്ലിനു താൻ അംഗീകാരം നൽകില്ലെന്ന് അദ്ദേഹം ശഠിക്കുന്നു. 

ജനുവരിയോടെ ട്രംപ് അഭിമുഖീകരിക്കാൻ പോകുന്നതു ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു കോൺഗ്രസിനെയാണ്. ഇക്കഴിഞ്ഞ നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ സെനറ്റിൽ റിപ്പബ്ളിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തിയെങ്കിലും പ്രതിനിധിസഭയുടെ മേലുള്ള അവരുടെ നിയന്ത്രണം നഷ്ടപ്പെടുകയാണ് ചെയ്തത്. ജനുവരി മൂന്നിനു പുതിയ പ്രതിനിധിസഭ നിലവിൽ വരുന്നതോടെ അവിടെയും ട്രംപിനു തന്റെ അജൻഡ നടപ്പാക്കുന്നതു ദുഷ്ക്കരമായിത്തീരും. 

അമേരിക്കയിൽതന്നെ ഷട്ഡൗൺ അസാധാരണമാണെങ്കിലും ഒട്ടും അപൂർവമല്ല. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇതു സംഭവിക്കുന്നതു പതിനെട്ടാം തവണയാണ്. ട്രംപിന്റെ രണ്ടു വർഷത്തെ ഭരണത്തിൽ രണ്ടാം തവണയും. പ്രസിഡന്റ് ബിൽ ക്ളിന്റന്റെ ഭരണകാലത്തു 1996ൽ നടന്ന 21 ദിവസത്തെ ഷട്ഡൗൺ കാലദൈർഘ്യത്തിൽ റെക്കോഡ് സൃഷ്ടിക്കുകയുമുണ്ടായി. 

ട്രംപിന്റെ മുൻഗാമിയായ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണത്തിലുമുണ്ടായി 16 ദിവസത്തെ സ്തംഭനം. 2013ൽ പുതിയ ബജറ്റ് പാസ്സാകുന്നതു റിപ്പബ്ളിക്കന്മാർ തടഞ്ഞതായിരുന്നു അതിനു കാരണം. അവരെ അതിനു പ്രേരിപ്പിച്ചതാകട്ടെ ഡമോക്രാറ്റിക് പാർട്ടിക്കാരനായ ഒബാമയുടെ  ആരോഗ്യ രക്ഷാ നിയമത്തോടുള്ള  (ഒബാമകെയർ) എതിർപ്പും. 

ഒബാമകെയർ നടപ്പാക്കുന്നത് ഒരു വർഷത്തേക്കു നിർത്തിവയ്ക്കണം, അതിനുവേണ്ടിയുള്ള തങ്ങളുടെ ശ്രമത്തെ സെനറ്റിൽ ഡമോക്രാറ്റുകൾകൂടി അനുകൂലിക്കണം, എങ്കിൽ മാത്രമേ തങ്ങൾക്കു ഭൂരിപക്ഷമുള്ള  പ്രതിനിധി സഭ ബജറ്റ് പാസ്സാക്കുകയുള്ളൂ-ഇതായിരുന്നു റിപ്പബ്ളിക്കന്മാരുടെ നിലപാട്. 

പതിനാറു ദിവസത്തെ ഭരണ സ്തംഭനം കാരണം 66 ലക്ഷം തൊഴിൽ ദിനങ്ങളും 250 കോടി ഡോളറിന്റെ ഉൽപാദനക്ഷമതയും രാജ്യത്തിനു നഷ്ടപ്പെട്ടു. കിഴക്കൻ ഏഷ്യ സന്ദർശിക്കാനുള്ള ഒബാമയുടെ പരിപാടി മുടങ്ങുകയും ചെയ്തു.    

ഇൗ വർഷത്തിലെ ജനുവരിയിലായിരുന്നു ട്രംപ് ഭരണത്തിലെ ആദ്യത്തെ ഷട്്ഡൗൺ. ഇപ്പോഴത്തെപ്പോലെ അതിനും കാരണമായിത്തീർന്നതു കുടിയേറ്റവുമായി ബന്ധപ്പെട്ട ഒരു തർക്കമാണ്. യുവാക്കളായ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപിന്റെ തീരുമാനത്തെക്കുറിച്ചായിരുന്നു തർക്കം. 

കുട്ടികളായിരുന്നപ്പോൾ മാതാപിതാക്കളോടൊപ്പം നിയമവിരുദ്ധമായി എത്തിയവരാണിവർ.  ഏഴു ലക്ഷത്തിലേറെ വരുന്ന ഇവരിൽ അധികപേരും മെക്സിക്കോ, എൽസാൽവദോർ, ഗ്വാട്ടിമാല, ഹോൻഡുറസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അമേരിക്കക്കാർ സാധാരണ ചെയ്യാൻ മടിക്കുന്ന  താഴ്ന്നതരം ജോലികൾ ചെയ്തു തുഛ വേതനം പറ്റി ജീവിക്കുന്നു. 

അവർക്കു നാടുകടത്തലിൽനിന്നു താൽക്കാലിക സംരക്ഷണം നൽകുന്ന ഒരു പരിപാടി  2014ൽ ഒബാമ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അതു റദ്ദാക്കാനും  ഇൗ വർഷം മാർച്ച് അഞ്ചിനുശേഷം അവരെ സ്വന്തം നാടുകളിലേക്കു തിരിച്ചയക്കാനുമായിരുന്നു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ട്രംപിന്റെ തീരുമാനം. 

അതു നീട്ടിവയ്ക്കണമെന്ന ഡമോക്രാറ്റുകളുടെ ആവശ്യത്തിന് അദ്ദേഹം വഴങ്ങിയില്ല. അതിൽ പ്രതിഷേധിച്ച് ഡമോക്രാറ്റുകൾ സെനറ്റിൽ  ധനവിനിയോഗ ബില്ലിനെ എതിർത്തു. നേരത്തെ തന്നെ പ്രതിനിധി സഭ അതു പാസ്സാക്കിയിരുന്നു. സെനറ്റിന്റെ കൂടി അംഗീകാരം കിട്ടാത്തതിനെ തുടർന്നു വിവിധ വകുപ്പുകൾക്കും ഏജൻസികൾക്കും പ്രവർത്തനത്തിനു പണം കിട്ടാതായി. ഷട്ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നു. 

കുടിയേറ്റക്കാരുടെ പ്രശ്നം പിന്നീടു ചർച്ചചെയ്തു തീരുമാനിക്കാമെന്നു റിപ്പബ്ളിക്കൻ പാർട്ടി ഉറപ്പു നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ് സെനറ്റിൽ ബില്ലിനെ പിന്തുണക്കാൻ ഡമോക്രാറ്റുകൾ സമ്മതിക്കുകയുംചെയ്തു. മൂന്നു ദിവസത്തിനുശേഷം ആ ഷട്ഡൗൺ അവസാനിച്ചത് അങ്ങനെയാണ്. 

ഇത്തവണ അത്തരമൊരു ഒത്തുതീർപ്പുണ്ടായില്ല. ക്രിസ്മസിനോട് അനുബന്ധിച്ച കുറേ ദിവസങ്ങൾ ഫ്ളോറിഡയിലെ തന്റെ എസ്റ്റേറ്റിൽ വിശ്രമിക്കാനും ഗോൾഫ് കളിക്കാനും ഉദ്ദേശിച്ചതായിരുന്നു ട്രംപ്. പക്ഷേ, ഷട്ഡൗൺ കാരണം അദ്ദേഹത്തിനു വൈറ്റ്്ഹൗസിൽതന്നെ തങ്ങേണ്ടിവന്നു. അങ്ങനെ അദ്ദേഹത്തിന്റെ ക്രിസ്മസ് ആഘോഷത്തിനും മങ്ങലേറ്റു.