Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾക്കിതു കാര്യമാണ്, നിങ്ങൾ‌ക്കോ മിസിസ് ട്രംപ്?

Melania Trump

കുടിയേറ്റക്കാരുടെ കുട്ടികളെ അവരിൽനിന്നു വേർപിരിക്കരുതെന്ന് പ്രസിഡന്റ് ട്രംപിനോട് ഭാര്യ മെലാനിയ പറഞ്ഞത് സോഷ്യൽ മീഡിയ കയ്യടിച്ചു സ്വീകരിച്ചിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ. ഇപ്പോൾ പക്ഷേ കാറ്റ് മാറി വീശുകയാണ്. അതേ മെലാനിയയ്ക്കെതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ പഴയ ആശംസക്കാർ നടത്തുന്നത്. കാരണം ഒരു പച്ചക്കോട്ടാണ്. പിന്നിൽ ‘ഞാനിതൊന്നും കാര്യമാക്കുന്നില്ല, നിങ്ങളോ’ എന്നെഴുതിയ നീളൻ കോട്ട്. 

ടെക്സസിൽ കുടിയേറ്റക്കാരുടെ കുട്ടികളെ പാർപ്പിക്കുന്ന ഒരു അഭയകേന്ദ്രം സന്ദർശിക്കാനെത്തിയപ്പോഴാണ് മെലാനിയ വിവാദ കോട്ട് ധരിച്ചത്. വളരെ ശ്രദ്ധയോടെ വസ്ത്രധാരണം ചെയ്യുന്ന, മുന്‍ മോഡൽ കൂടിയായ മെലാനിയ ഇൗ വസ്ത്രം തിരഞ്ഞെടുത്തത് അശ്രദ്ധമായല്ലെന്നാണ് ആരോപണം. കോട്ടിന്റെ ചിത്രം പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. മാതാപിതാക്കളിൽനിന്നു വേർപെട്ട കുട്ടികളെ അപമാനിക്കാനാണു മെലാനിയ ഇത്തരം വാചകങ്ങളുള്ള കോട്ട് ധരിച്ചെത്തിയതെന്നായിരുന്നു ആരോപണം. 

അതേസമയം, കോട്ടിലെ വാചകങ്ങൾക്കു പിന്നിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്ന് മെലാനിയ ട്രംപിന്റെ‌ വക്താവ് പറഞ്ഞു. ടെക്സസിൽ സംരക്ഷണ കേന്ദ്രത്തിൽ എത്തിയ മെലാനിയ കുട്ടികളോടും ജീവനക്കാരോടും സംസാരിച്ചിരുന്നു. 

എന്നാൽ, തന്റെ ഭാര്യയുെട കോട്ടിലെ വാചകങ്ങൾ വ്യാജ വാർത്ത സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്ന ട്വീറ്റുമായി പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് രംഗത്തെത്തി. മാധ്യമങ്ങൾ സത്യസന്ധതയില്ലാത്തവരാണെന്ന് മെലാനിയ മനസ്സിലാക്കിയെന്നും ട്രംപ് ട്വീറ്റിൽ പറയുന്നു.

യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച് പിടിയിലാകുന്നവരുടെ കുട്ടികളെ പിടിച്ചെടുത്തു മാറ്റിപ്പാർപ്പിക്കുന്ന ട്രംപിന്റെ സീറോ ടോളറൻസ് നയത്തിനെതിരെ ലോകമെമ്പാടും നിന്ന് കനത്ത പ്രതിഷേധമാണ് ഉയർന്നത്. മെലാനിയയും ട്രംപിന്റെ മകൾ ഇവാൻകയുമടക്കം, ഉത്തരവ് പിൻ‌വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമ്മർദത്തെത്തുടർന്ന് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവ് പിൻവലിച്ചിരുന്നു.