വൈക്കം പെരുമയുടെ പട്ടികയിൽ വടക്കുപുറത്തുപാട്ട്

ദക്ഷിണകാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങാണ് വടക്കുപുറത്തുപാട്ട്.  2013 ഏപ്രിൽ മാസത്തിൽ ആഘോഷമായ വടക്കുപുറത്തുപാട്ടിനു ക്ഷേത്രം സാക്ഷ്യം വഹിച്ചു. 

ഐതിഹ്യം

ഊരാഴ്‌മക്കാരുടെ ക്ഷേത്രഭരണകാലത്ത് നാട്ടിലുണ്ടായ പകർച്ചവ്യാധിയിൽ അനേകം പേർക്കു ജീവഹാനി സംഭവിച്ചു. ക്ഷേത്രഭാരവാഹികളും നാട്ടുകാരും ഭയവി ഹ്വലരായി. കുജദോഷമാണ് കാരണമെന്നു പ്രശ്‌നവിധിയിൽ അറിവായതിനാൽ കുജന്റെ അധിദേവതയായ ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ വടക്കുംകൂർ രാജാവും ക്ഷേത്രഭാരവാഹികളും നാട്ടുകാരുടെ പ്രതിനിധികളും കൊടുങ്ങല്ലൂർ ഭഗവതീക്ഷേത്രത്തിൽ ഒരു മണ്ഡലകാലം ഭജനയിരുന്നു. ഭജനം പൂർത്തിയായ ദിവസം രാജാവിനു സ്വപ്‌നദർശനമുണ്ടായി. നാലമ്പലത്തിനു പുറത്ത് വടക്കുവശം 12 ദിവസം കളമെഴുത്തും പാട്ടും പാട്ട്‌കാലംകൂടുന്ന ദിവസം ഗുരുതിയും നടത്തിയാൽ ആപത്ത് ഒഴിയുമെന്നും 12 വർഷം കൂടുമ്പോൾ പതിവായി നടത്തിയാൽ ഈ വിധമുള്ള ആപത്ത് ഉണ്ടാവുകയില്ലെന്നുമായിരുന്നു ദർശനം.

ചടങ്ങ്

വടക്കുപുറത്തു പാട്ടിന്റെ പ്രധാന ചടങ്ങാണ് കളമെഴുത്ത്. പുതുശേരി കുറുപ്പന്മാരാണ് കളം വരയ്‌ക്കുന്നത്. 13 മുതൽ 16വരെ എട്ടു കൈകളിലും 17 മുതൽ 20 വരെ 16 കൈകളിലും 21 മുതൽ 23 വരെ 32 കൈകളിലും ആയുധമേന്തി പീഠത്തിലിരിക്കുന്ന ഭദ്രകാളിയുടെയും സമാപനദിവസം 64 കൈകളിലും ആയുധമേന്തി വേതാളത്തിന്റെ പുറത്തിരിക്കുന്ന ഭദ്രകാളിയുടെ വിശ്വരൂപവുമാണ് വരയ്‌ക്കുന്നത്.

കളമെഴുത്ത്

അരിപ്പൊടി, മഞ്ഞപ്പൊടി, വാകപ്പൊടി, പഞ്ചവർണപ്പൊടികൾ, ഉമിക്കരി കൂടാതെ അഭ്രവും കളംവരയ്‌ക്കുന്നതിനുപയോഗിക്കും. പീഠം, വസ്‌ത്രം, പൂക്കുല, നാളികേരം, കരിക്ക്, തെങ്ങിൻചൊട്ട, വെറ്റില, പാക്ക്, പട്ട് എന്നിവയും നെല്ല്, അരി, മഞ്ഞൾ, മലർ, പൂവ് തുടങ്ങിയ സാധനങ്ങൾകൊണ്ടുള്ള പറകൾവച്ചൊരുക്കിൽപെടും. കുരുത്തോല, വാഴക്കുല, കരിക്കിൻകുല എന്നിവകൊണ്ട് പന്തൽ അലങ്കരിക്കും. 2000 ചതുരശ്ര അടി വിസ്‌തീർണമുള്ള നെടുമ്പുരകെട്ടി അതിലാണ് വടക്കുപുറത്തു പാട്ട് നടത്തുന്നത്.

എതിരേൽപ്

വടക്കുപുറത്തുപാട്ട് നടക്കുന്ന ദിവസങ്ങളിൽ വൈക്കം ക്ഷേത്രത്തിലെ ദീപാരാധനയ്‌ക്കുശേഷം വടക്കേനടയിലുള്ള കൊച്ചാലിൻചുവട്ടിൽ പൂജകളും നിവേദ്യങ്ങ ളും കഴിഞ്ഞു ദേവിയെ എതിരേറ്റു കൊണ്ടുവരും. പ്രത്യേകം വ്രതമെടുത്ത സ്‌ത്രീകളാണ് കുത്തുവിളക്കു പിടിക്കുന്നത്. വൈക്കത്തപ്പന്റെ അത്താഴശ്രീബലി ആദ്യ പ്രദക്ഷിണം വടക്കുവശം എത്തുന്നതോടെ ഒന്നിച്ച് ദേവി, മൂന്നു പ്രദക്ഷിണം വയ്‌ക്കും. പിന്നീട് വൈക്കത്തപ്പൻ ശ്രീകോവിലിലേക്കും ദേവി കളത്തിലേക്കും പ്രവേ ശിക്കും. തുടർന്ന് കുറുപ്പന്മാർ പൂജയും തിരി ഉഴിച്ചിലും നടത്തും. വൈക്കത്തപ്പന്റെ നട അടച്ചശേഷമാണ് പാട്ട് ആരംഭിക്കുന്നത്. ഭദ്രോൽപത്തി, ദാരികവധം, കേശാ ദിപാദം, പാദാതികേശം വർണനകൾ ആണ് സ്‌തുതിക്കുന്നത്. പാട്ട് അവസാനിച്ചശേഷം പൂക്കുലകൊണ്ട് കാൽ മുതൽ മുഖം വരെയും മായ്‌ക്കും. മുഖം കൈകൊണ്ടും മായ്‌ക്കും. കളമെഴുതിയ പൊടികൾ ഭക്‌തർക്ക് പ്രസാദമായി നൽകും.

ചരിത്രം

വടക്കുപുറത്തുപാട്ട് 1965ൽ പുനരാരംഭിച്ചതിന്റെ ചരിത്രം ഇങ്ങനെ:  1965 ൽ അഷ്‌ടമി ദിവസത്തിന്റെ ആറാട്ടു ദിവസം ക്ഷേത്ര കിണറ്റുപുര മാളികയ്‌ക്കു തീ പിടിക്കുകയും പകർച്ചവ്യാധി പടർന്നുപിടിക്കുകയും ചെയ്‌തു. തുടർന്നു പ്രശസ്‌ത സംഗീതജ്‌ഞൻ പരേതനായ വൈക്കം വാസുദേവൻ നായരുടെ നേതൃത്വ ത്തിൽ പരേതനായ വടക്കുംകൂർ രാജരാജവർമ പരേതനായ വെട്ടിയത്ത് കോവിലകത്ത് രാജരാജവർമ്മ, പരേതനായ അരവിന്ദത്ത് മോഹനൻ പിള്ള, പരേതനായ കമീത്തറ വാസുദേവൻ, പരേതനായ പടിഞ്ഞാറെ ഇല്ലത്ത് നാരായണൻ മൂസത് തുടങ്ങിയവർ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കുവശമുള്ള ഭജനമഠത്തിൽ 12 ദിവസം ഭജനമിരുന്നു. വടക്കു പുറത്തുപാട്ട് മുടങ്ങിയത് ദേവീകോപത്തിന് ഇടയാക്കിയെന്ന് പ്രശ്‌നവിധിയിൽ അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ 41 ദിവസം ഭജനമിരുന്നു. വടക്കുപുറത്തുപാട്ട് പുനരാരംഭിക്കുകയും ചെയ്‌തു.

പുതുശേരി കുടുംബത്തിലെ ചെല്ലപ്പക്കുറുപ്പായിരുന്നു കളമെഴുത്ത് ആചാര്യൻ. സഹോദരൻ നാണപ്പക്കുറുപ്പാണ് കളത്തിൽ പൂജകളും മറ്റും നടത്തിയിരുന്നത്. ചേ ക്കോട്ടു കുടുംബാംഗമായ എസ്.കെ. പരമേശ്വരനായിരുന്നു വെളിച്ചപ്പാട്. വടക്കുപാട്ടിനോടനുബന്ധിച്ച് അന്ന് വൈക്കത്തപ്പനു ലക്ഷാർച്ചനയാണു നടത്തിയത്. ഇത് കൊടിമരച്ചുവട്ടിൽ ബ്രാഹ്‌മണരുടെ കാർമികത്വത്തിൽ വടക്കുപുറത്തുപാട്ടു നടക്കുന്ന 12 ദിവസംകൊണ്ട് പൂർത്തിയായി.