ദി മോസ്റ്റ് സ്‌റ്റൈലിഷ് ആക്റ്റര്‍ ഇന്‍ സൗത്ത് ഇന്ത്യ- ഇതാണ് അജിത് കുമാറിനെക്കുറിച്ച് ആരാധകര്‍ പറയുന്നത്. തലയെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന അജിത്തിന്റെ ഓരോ സിനിമയിലെ ലുക്കും വ്യത്യസ്തമാണ്. അത് വന്‍ ഹിറ്റാകുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ ദിവസമാണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേകത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. സകല റെക്കോഡുകളും തകര്‍ത്ത് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തന്നെ സൃഷ്ടിച്ചു. ഏറ്റവും വേഗത്തില്‍ അഞ്ച് ദശലക്ഷം വ്യൂസ് നേടുന്ന ടീസര്‍ എന്ന റെക്കോഡും ടീസര്‍ പുറത്തിറങ്ങി 12 മണിക്കൂറിനുള്ളില്‍ കരസ്ഥമാക്കി. സാക്ഷാല്‍ രജനിയുടെ കബാലിയെപ്പോലും പുറകിലാക്കി ടീസര്‍. ട്വിറ്ററില്‍ വേള്‍ഡ് വൈഡ് ട്രെന്‍ഡിങ് പട്ടികയില്‍ ഒന്നാമതായിരുന്നു വിവേകത്തിന്റെ ടീസര്‍.
സ്റ്റൈലിഷ് തല
വിവേകത്തില്‍ തല ശരിക്കും സ്റ്റൈലിഷ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്റര്‍പോള്‍ ഓഫീസറുടെ വേഷത്തില്‍ എത്തുന്ന അജിത്തിന്റെ ഗെറ്റപ്പ് ഗൗതം മേനോന്റെ ഹിറ്റ് ചിത്രമായ യെന്നൈ അറിന്താലിലേതിന് കുറച്ച് സമാനം തന്നെയാണ്. എന്നാല്‍ ബോഡി കുറേക്കൂടി ഫിറ്റ് ആണ്.
വിവേകത്തിന്റെ ആദ്യ പോസ്റ്ററില്‍ ഷാര്‍പ്പ് ഷൂട്ടറുടെ ലുക്കില്‍ അജിത് നില്‍ക്കുന്നതായിരുന്നു സംവിധായകന്‍ ശിവ പുറത്തുവിട്ടത്. അത് ഇന്റര്‍നെറ്റില്‍ വൈറലായി. അതുകഴിഞ്ഞ് സിക്‌സ് പാക്ക് ലുക്ക് എത്തി. അതും ആരാധകര്‍ തരംഗമാക്കി മാറ്റി.
ഇപ്പോള്‍ ടീസറിലും കിടു ലുക്കിലാണ് അജിത് എത്തിയിരിക്കുന്നത്. താരത്തിന്റെ ട്രേഡ്മാര്‍ക്കായ ബൈക്ക് ചേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയറെല്ലാം കുറഞ്ഞ് ആയോധനകലയില്‍ നിപുണനായ സ്റ്റൈലിഷ് നായകനെയാണ് ടീസറില്‍ കാണുന്നത്.
ഒരിക്കലും തന്റെ സിനിമകളെക്കുറിച്ച് അഭിമുഖങ്ങള്‍ നല്‍കാത്ത, ഓഡിയോ ലോഞ്ചുകളില്‍ പങ്കെടുത്ത് ഹൈപ്പ് ക്രിയേറ്റ് ചെയ്യാത്ത വ്യത്യസ്തനായ ഈ സൂപ്പര്‍ സ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി തീരും വിവേകം എന്ന നിലയിലാണ് ടീസറിന്റെ പോക്ക്.
അജിത് അവസാനം അഭിനയിച്ച വേതാളം വന്‍ ഹിറ്റായിരുന്നു. അതില്‍ വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു താരം എത്തിയത്.