താഴ്‌വാര പക്ഷികള്‍ എന്ന മലയാള പരമ്പരയിലൂടെ അഭിനയ രംഗത്തേക്കു കടന്നു വന്ന അമ്പിളി ദേവി, 2001 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ 'കലാതിലകം' ആയതിനു ശേഷമാണ് സിനിമകളിലേക്ക് എത്തിച്ചേരുന്നത്. നൃത്ത മത്സരങ്ങളില്‍ ധാരാളം അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുളള അമ്പിളിദേവി അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാകാനും അധിക സമയം വേണ്ടി വന്നില്ല. ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിൽ വീണ്ടും സജീവമായിരിക്കുന്നു. പുതിയ വിശേഷങ്ങള്‍ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് അമ്പിളി ദേവി.
ഒരു ചെറിയ ബ്രേക്കിനു ശേഷം അഭിനയത്തില്‍ വീണ്ടും സജീവമായി, അമ്പിളി ദേവിയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?
വാസ്തവത്തില്‍ ഞാന്‍ അഭിനയത്തില്‍ നിന്നു വിട്ടുനിന്നിട്ടൊന്നുമില്ല. ഇപ്പോൾ ഞാന്‍ ഒരു സീരിയല്‍ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ജോണ്‍ പോള്‍ സാർ സംവിധാനം ചെയ്യുന്ന മഴവില്‍ മനോരമയിലെ സ്ത്രീ പദം എന്ന സീരിയലാണ്. ഡെലിവറിയുടെ സമയത്ത് റെസ്റ്റൊക്കെയായി അഭിനയത്തില്‍ ഒരിടവേള വന്നു. അതുകഴിഞ്ഞ് മകന് ഒന്നര വയസ്സായപ്പൊ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. ഒരുപാടു വർക്കുകളൊന്നും ചെയ്യുന്നില്ലെങ്കിലും എപ്പോഴും എന്‍റെ സാന്നിധ്യം അഭിനയമേഖലയിലുണ്ടാകാറുണ്ട്.
അഭിനയത്തില്‍ മാത്രമല്ലല്ലൊ, നൃത്തത്തിലും ഈ സാന്നിധ്യം എപ്പോഴും നിലനിര്‍ത്താറില്ലെ?
അതെ. ഞാന്‍ നൃത്തക്ലാസ് എടുക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പെ ക്ലാസ് എടുത്തു തുടങ്ങിയതാണ്. ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു സോളോ ഭരതനാട്യം കച്ചേരി ചെയ്യണമെന്നത്. അതു കഴിഞ്ഞ ഡിസംബർ നാലിനു തിരുവനന്തപുരത്ത് വച്ചു സംഭവിച്ചു. പ്രെഗ്നന്‍സി സമയത്തു ഡാന്‍സ് പ്രോഗ്രാമുകളില്‍ നിന്നു മാറിയതിനു ശേഷം ഡാന്‍സിലേക്കുളള ഒരു മെയിന്‍ എന്‍ട്രി എന്നത് ആ കച്ചേരിയിലൂടെ ആയിരുന്നു.
അഭിനേത്രിയാണ്, നര്‍ത്തകിയാണ് എന്നാലും പ്രേക്ഷകരിപ്പോഴും ഓര്‍ക്കാനിഷ്ടപ്പെടുന്നത് സമയം സീരിയലിലെ തുളസിക്കുട്ടിയായിട്ടല്ലേ?
എല്ലാവരും ആദ്യം ഓർക്കുന്നത് യൂത്ത് ഫെസ്റ്റിവല്‍ കാലത്തെയാണ്, പിന്നെ സമയത്തിലെ തുളസിക്കുട്ടിയെയും മീരയുടെ ദുഃഖവും മുത്തുവിന്‍റെ സ്വപ്നത്തിലെ മീരയെയുമാണ്. എന്‍റെ ആദ്യ സീരിയല്‍ ദൂരദര്‍ശനിലെ താഴ്‌വാര പക്ഷികളായിരുന്നു. അതു കുട്ടികള്‍ക്കു വേണ്ടിയുളള ഒന്നായിരുന്നു. ഞാന്‍ ഒമ്പതില്‍ പഠിക്കുമ്പോഴാണ് അതിലഭിനയിച്ചത്. അതിനു ശേഷം പത്തില്‍ പഠിക്കുമ്പോഴാണ് കലാതിലകമാകുന്നത്. അതിനു ശേഷമാണ് സമയത്തിലഭിനയിക്കുന്നത്. ക്ഷയിച്ച ഒരു ബ്രാഹ്മണ കുടുംബത്തിലെ അച്ഛന്‍റെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയമകളായാണ് അഭിനയിച്ചത്. ഇപ്പോഴും ആളുകള്‍ ആ കഥാപാത്രത്തെ ഓർക്കുന്നുണ്ട്. അമ്മമാര്‍ പലപ്പോഴും മക്കളോടു പറയുന്നതായി അറിയാന്‍ പറ്റിയിട്ടുണ്ട് ,സമയത്തിലെ തുളസിക്കുട്ടിയെ പോലെയാകണമെന്നൊക്കെ.
മീരയുടെ ദുഃഖവും മുത്തുവിന്‍റെ സ്വപ്നവും ഇതുപോലെ പ്രേക്ഷക പ്രീതി നേടിത്തന്നില്ലെ?
എന്‍റെ സ്ത്രീ ജന്മം എന്ന സീരിയല്‍ കണ്ടിട്ട് സംവിധായകന്‍ വിനയന്‍ സാറിന്‍റെ ഭാര്യയാണ് എന്നെപ്പറ്റി സാറിനോടു പറയുന്നത്, അങ്ങനെയാണ് എന്നെ കാസ്റ്റ് ചെയ്യുന്നത്. നടന്‍ അനൂപ് ചേട്ടന്‍ അന്ന് സ്ത്രീ ജന്മത്തിലഭിനയിക്കുന്ന കാലമായിരുന്നു. ആ ചേട്ടന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് പിന്നീട് ഞാന്‍ എറണാകുളത്തെ വിനയന്‍ സാറിന്‍റെ വീട്ടില്‍ പോകുന്നത്. പോളിയോ വന്നു കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ട കഥാപാത്രമാണെന്നറിയാമായിരുന്നു. പക്ഷേ വീല്‍ ചെയറില്‍ ഇരിക്കുന്ന കഥാപാത്രമാകുമെന്നാണ് കരുതിയത്. കഥ മുഴുവന്‍ പറഞ്ഞു കഴിഞ്ഞപ്പോഴാണ് കഥാപാത്രത്തെ മൊത്തത്തില്‍ തിരിച്ചറിഞ്ഞത്. സാര്‍ അപ്പോള്‍ തന്നെ എന്നോടു ചെയ്തു കാണിച്ചു തരാന്‍ പറഞ്ഞു. ഞാന്‍ ചെയ്തു കാണിക്കുകയും അവിടെ വച്ചു തന്നെ ഫിക്സ് ചെയ്യുകയും ചെയ്തു. ഷൂട്ടിങ്ങ് എല്ലാം വളരെ പ്രയാസമായിരുന്നു. ഓരോ ദിവസവും ഷൂട്ട് കഴിഞ്ഞു വന്നാല്‍ നല്ല ശരീരം വേദനയാകും. നിലത്ത് നിരങ്ങി നിരങ്ങി സൈഡ് ഒക്കെ മുറിയും..പിറ്റേ ദിവസവും അതേ ഭാഗം വച്ച് കല്ലിലൂടെയും മണ്ണിലൂടെയും നിരങ്ങണം. ഒരുപക്ഷേ അതിനെടുത്ത ആത്മാർഥമായ കഷ്ടപ്പാടിന്‍റെ ഫലം കൊണ്ടാകാം പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ആളുകള്‍ആ കഥാപാത്രത്തെ ഓർക്കുന്നത്.
ഇത്രയേറെ നല്ല കഥാപാത്രം ചെയ്തിട്ടും സിനിമാലോകത്തു നിന്നു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ടോ?
സിനിമയായാലും സീരിയലായാലും കഴിവു മാത്രം പോര, ഭാഗ്യം കൂടി വേണം എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പിന്നെ ഞാന്‍ സിനിമ ചെയ്യണമെന്ന് വിചാരിച്ച് അതിനായി ശ്രമിച്ചിട്ടൊന്നും ഇല്ല. എനിക്ക് പഠിത്തം മുമ്പോട്ടു കൊണ്ടു പോകണമെന്നായിരുന്നു ആഗ്രഹം, അങ്ങനെ പല അവസരങ്ങളും മാറ്റി വച്ചു.
തിരസ്കരിച്ച ഏതെങ്കിലും കഥാപാത്രത്തെ ഓർത്തു പിന്നീട് വിഷമം തോന്നിയിട്ടുണ്ടോ?
അത്തരത്തിലൊന്നായിരുന്നു ബാലേട്ടനിലെ കഥാപാത്രം. അതിലെ അനിയത്തി കഥാപാത്രത്തിനായി ആദ്യം എന്നെ സമീപിച്ചു എങ്കിലും പിന്നീടു പരീക്ഷ കാരണം അതില്‍ നിന്നു പിന്മാറേണ്ടി വന്നു. അതില്‍ നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷേ പിന്നീടു മാസങ്ങള്‍ക്കു ശേഷം ഹരിഹരന്‍ പിളള ഹാപ്പിയാണ് എന്ന സിനിമയില്‍ ലാലേട്ടന്‍റെ അനിയത്തിയായി അഭിനയിക്കാന്‍ സാധിച്ചു. അത് ഒരു സന്തോഷമായിരുന്നു.
നൃത്തത്തിലേക്കുളള കടന്നു വരവ്?
മൂന്നു വയസ്സു മുതല്‍ ഞാന്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ്. എന്‍റെ ചേച്ചിയെ നൃത്തം പഠിപ്പിക്കാനായി സാര്‍ വീട്ടിലോട്ടു വരും. അവര്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും നോക്കി ഇരിക്കും ഞാന്‍. സാര്‍ പോയാല്‍ ചുമ്മാ ചുവടു വച്ചു നോക്കും. ഈ താൽപര്യം കണ്ടാണ് വീട്ടുകാരെന്നെ സാറിനു കീഴില്‍ നൃത്തം പഠിപ്പിക്കുന്നത്. പിന്നീട് പല ഗുരുക്കന്മാരിലായി പഠിച്ചു തുടങ്ങി. ഭരതനാട്യത്തില്‍ ഡിപ്ലോമയും എം എ യും എടുത്തു. പിന്നെ നൃത്തത്തിനൊക്കെ മാതാപിതാക്കളെ പോലെ തന്നെ ടീച്ചേഴ്സൊക്കെ ഒരുപാട് സപ്പോർട്ടീവായിരുന്നു.
താഴ്‌വാര പക്ഷികള്‍ മുതല്‍ സ്ത്രീപദം വരെ, സീരിയലുകളില്‍ വലിയൊരു മാറ്റം സംഭവിച്ചതായി തോന്നുന്നുണ്ടൊ?
തീര്‍ച്ചയായും. പണ്ടൊക്കെ സീരിയല്‍ നടക്കുമ്പോൾ കുറേ കൂടി റിലാക്സ് ചെയ്ത് അഭിനയിക്കുവാനുളള അവസരം ഉണ്ടായിരുന്നു. എടുക്കുന്ന സീനുകള്‍ വളരെ കുറവായിരുന്നു. ഫ്രീ ടൈമുകളില്‍ ലൊക്കേഷനിലിരുന്നു പഠിച്ച കാലവും കളിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നങ്ങനെ അല്ല, ഒരു ദിവസം ഇത്ര എപ്പിസോഡ് തികയ്ക്കണമെന്ന കൃത്യമായ ടാര്‍ജെറ്റ് വന്നു. ശരിക്കൊന്ന് ഇരിക്കാന്‍ പോലുമുളള സമയം ഇല്ല, സ്ട്രെസ്സ് കൂടി.പലപ്പോഴും അതിലെ കലാമൂല്യം പോലും ഇക്കാരണത്താല്‍ നഷ്ടപ്പെടുന്ന അവസ്ഥയും വന്നു.
അമ്മയെന്ന കലാക്കാരിയെ മകനെങ്ങനെ നോക്കി കാണുന്നു?
മകന്‍ അമര്‍ നാഥ്, ഇപ്പോൾ നാലു വയസ്സായി. അവന്‍ കുഞ്ഞിലെ തൊട്ടു കാണുന്നതാണ് അഭിനയവും നൃത്തവുമെല്ലാം. അവന്‍ നേരില്‍ കണ്ടറിയുന്നത് കൊണ്ട് അവനറിയാം അമ്മയുടെ ജോലി.
ഭാവി പരിപാടികള്‍?
ഒന്നും പ്ലാന്‍ ചെയ്തു മുമ്പോട്ടു പോകുന്ന ഒരു വ്യക്തിയല്ല ഞാന്‍. എന്നാലും ഡാന്‍സ് മുമ്പോട്ടു കൊണ്ടുപോകണം. നല്ല കഥാപാത്രങ്ങള്‍ സിനിമയിലായാലും സീരിയലിലായാലും എന്നെ തേടി വന്നാല്‍ തീര്‍ച്ചയായും ചെയ്യണം.
Read more: Glitz n Glamour, Trending