എവിട്ട എന്ന സുന്ദരിയാണ് ഇപ്പോൾ ലോകത്തിന്റെ ചർച്ചാ വിഷയം. തന്റെ പരിമിതികളെ കരുത്താക്കി എവിട്ട മലേഷ്യൻ സൗന്ദര്യറാണി പാട്ടത്തിനായി മത്സരിക്കുകയാണ്. ലോകം മുഴുവൻ ഇന്ന് ഇവളുടെ കൂടെയുണ്ട്, അതിനൊരു കാരണവുമുണ്ട്. 20 വയസ്സ് മാത്രമാണ് മലേഷ്യൻ സ്വദേശിനിയായ എവിട്ട ഡെൽമുണ്ടോയുടെ പ്രായം. എന്നാൽ ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ട കളിയാക്കലുകളും ഒറ്റപ്പെടലുമെല്ലാം ഈ ചെറിയ പ്രായത്തിനുള്ളിൽ എവിട്ട നേരിട്ടു കഴിഞ്ഞു. അതിനുള്ള കാരണം, ദേഹമാസകലം നിറഞ്ഞു നിൽക്കുന്ന എവിട്ടയുടെ മറുകുകൾ ആയിരുന്നു. ദേഹത്ത് അമിതമായി മറുകുകൾ പ്രത്യക്ഷപ്പെടുന്ന ജനിതക വൈകല്യത്തോടെയാണ് എവിട്ട പിറന്നു വീണത്. ഇരു തോളുകളിലും പടർന്ന വലിയ മറുകുകൾക്ക് പുറമെ, മുഖത്തും കൈകാലുകളിലും നിരവധി ചെറിയ മറുകുകളും ഇവർക്കുണ്ടായിരുന്നു.
കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ ഇതിനു പ്രതിവിധി തേടി മാതാപിതാക്കൾ അലഞ്ഞു എങ്കിലും ഫലം ഉണ്ടായില്ല. സ്‌കൂളിൽ ചേർന്നതോടെ കാര്യങ്ങൾ എവിട്ടയുടെ പിടി വിട്ടു പോയി. ശരീരം മുഴുവൻ കറുത്ത മാറുകകളുള്ള അവളെ കുട്ടികൾ കൂടെ കൂട്ടിയില്ല എന്നു മാത്രമല്ല, കളിയാക്കി ചിരിക്കാനും തുടങ്ങി. കൂട്ടുകാർ ഇല്ലെങ്കിലും എവിട്ട ജീവിതത്തിൽ തോറ്റില്ല. മിടുക്കിയായി പഠിച്ചു, പഠനശേഷം സംഗീതവും ഗിറ്റാർ വായനയും പഠിച്ചു. അതിനിടെ മറുകുകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്ന ഓപ്പറേഷനു വിധേയയാകാൻ എവിട്ട തീരുമാനിച്ചു.
എന്നാൽ ആ ഓപ്പറേഷൻ ജീവനും ശരീരത്തിനും അപകടം വരുത്തി വച്ചേക്കാം എന്ന ഡോക്ടർമാരുടെ മുന്നറിയിപ്പിനു മുന്നിൽ എവിട്ട ഓപ്പറേഷനിൽ നിന്നും പിന്മാറി. താൻ എങ്ങനെ പിറന്നോ അങ്ങനെ തന്നെ ജീവിക്കാൻ അവൾ തീരുമാനിച്ചു. ആ തീരുമാനം, ഒട്ടേറെ ആത്മവിശ്വാസം എവിട്ടക്ക് നൽകി. അങ്ങനെയാണ്, തന്നെ കളിയാക്കിയവർക്ക് ഒരു പാഠം നൽകാം എന്ന വിചാരത്തോടെ മലേഷ്യൻ സൗന്ദര്യ റാണി പട്ടത്തിനായി എവിട്ട മത്സരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കഴിഞ്ഞ വർഷത്തെ സൗന്ദര്യ റാണിയുമായാണ് എവിട്ട മത്സരിച്ചത്. മത്സരത്തിന്റെ വിധിക്കായി കാത്തിരിക്കുകയാണ് ഈ സുന്ദരി. ഈ സൗന്ദര്യത്തിനു കൂട്ടായി, ആത്മവിശ്വാസത്തിനു 'ഓൾ ദ് ബെസ്റ്റ്' പറഞ് ലോകം മുഴുവൻ അവൾക്കൊപ്പം ഉണ്ട്.
Read more: Trending News In Malayalam, Beayy Tips In Malayalam, Viral Stories in Malayalam