നായകനും നായികയും വില്ലത്തിയും ഇതാ നേർക്കുനേർ !

നോക്കെത്താ ദൂരത്ത് സീരിയൽ താരങ്ങളായ സ്നേഹയും ഷഫ്നയും കിരണും ഒന്നും ഒന്നും മൂന്നിൽ അതിഥികളായി എത്തിയപ്പോൾ

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിൽ ഇത്തവണ അതിഥികളായി എത്തിയത് സൂപ്പർഹിറ്റ് സീരിയലായ നോക്കെത്താ ദൂരത്തിലെ താരങ്ങളാണ്. സീരിയലിലെ നായകവേഷം കൈകാര്യം ചെയ്യുന്ന കിരണും നായികയായെത്തുന്ന ഷഫ്നയും സീരിയലുകളിലെ സ്ഥിരം വില്ലത്തി സാന്നിധ്യമായ സ്നേഹയുമാണ് റിമിക്കൊപ്പം കളിചിരികൾ പങ്കിടാനെത്തിയത്. 

സിനിമാലോകത്തിലൂടെ അഭിനയരംഗത്തെത്തിയ ഷഫ്ന ഇന്ന് സീരിയൽ രംഗത്തെ തിരക്കുള്ള താരങ്ങളിലൊരാളാണ്. കഥ പറയുമ്പോൾ പ്ലസ്ടു, നവാഗതർക്കു സ്വാഗതം, കന്മഴ പെയ്യും മുമ്പേ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ഷഫ്നയുടെ സീരിയൽ ലോകത്തേക്കുള്ള അരങ്ങേറ്റം മഴവിൽ മനോരമയിലെ സുന്ദരി എന്ന സീരിയലിലൂടെയായിരുന്നു. ഇപ്പോൾ നോക്കെത്താ ദൂരത്തിലെ നായികയായ അയ്യങ്കാർ പെൺകുട്ടിയായാണ് ഷഫ്ന വീണ്ടും കുടുംബസദസ്സുകളിലേക്ക് എത്തുന്നത്. 

സീരിയല്‍ ചെയ്യുന്നതിൽ ഏറെ സന്തുഷ്ടയാണ് ഷഫ്ന, താൻ സിനിമ ചെയ്യുമ്പോൾ കിട്ടിയിരുന്നതിനേക്കാൾ റീച്ച് ഇപ്പോൾ ലഭിക്കുന്നുണ്ടെന്നാണു താരം പറയുന്നത്. അഭിനയവുമായി മുമ്പോട്ടു പോകാൻ ഭർത്താവിന്റെ കട്ടസപ്പോർട്ടും ഷഫ്നയ്ക്കുണ്ട്. പ്ലസ്ടു എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച സജിൻ ആണ് ഷഫ്നയുടെ ഭർത്താവ്, ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

നടൻ കിരണിന്റെ ഏക അഭിനയപരിചയം മുമ്പൊരു കന്നട ചിത്രം ചെയ്തതായിരുന്നു, പിന്നീട് ഒാഡിഷനിലൂടെയാണ് നോക്കെത്താ ദൂരത്തിലെ നായക വേഷത്തിലേക്കെത്തുന്നത്, ബാംഗ്ലൂരില്‍ ഡയാലിസിസ് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് കിരണ്‍. പരസ്പരം സീരിയലിലൂടെ വില്ലത്തിയായ സ്നേഹയ്ക്ക് വില്ലത്തി വേഷങ്ങൾ ലഭിക്കുന്നതിൽ സന്തോഷമേയുള്ളു. നായികയാകുമ്പോൾ കരച്ചിൽ മാത്രമേ ഉണ്ടാകൂ, വില്ലത്തിയാകുമ്പോൾ അഭിനയിച്ചു തകർക്കാമല്ലോ എന്നാണ് സ്നേഹയുടെ വാദം.

Read more: Lifestyle Malayalam Magazine