'കുറച്ചു നിറം കൂടി ഉണ്ടായിരുന്നെങ്കിൽ, കാണാന്‍ സുന്ദരിയായേനെ'. നിറം അൽപം കുറഞ്ഞവരെ കാണുമ്പോൾ പലരും പറയുന്നൊരു കാര്യമാണിത്. സത്യത്തിൽ നിറത്തെ അടിസ്ഥാനപ്പെടുത്തി സൗന്ദര്യത്തെ നിർവചിക്കേണ്ടതുണ്ടോ? ഇല്ലേയില്ലെന്നു പറയും മനോരമ ഓൺലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയൽ സൗന്ദര്യ മൽസരത്തിലെ വിജയിയായ മരിയ ഫ്രാൻസിസ്. തൊലിപ്പുറത്തു കാണുന്നതല്ല സൗന്ദര്യം ആത്മവിശ്വാസവും പോസിറ്റീവ് എനർജിയുമൊക്കെയാണ് യഥാർഥ സൗന്ദര്യം എന്നു തെളിയിച്ച അഴകിന്റെ റാണി. സൗന്ദര്യ മൽസര വേദികളിലെ സ്ഥിരം വിജയ സങ്കല്‍പങ്ങളെ തിരുത്തിയാണ് മരിയ വിധികർത്താക്കളുടെ ഐകകണ്ഠേനയുള്ള തീരുമാനത്തിലൂടെ പ്രേക്ഷകർ ആഗ്രഹിച്ച ആ ഫലപ്രഖ്യാപനത്തിൽ ഇടം നേടിയത്. മിസ് മില്ലേനിയൽ പട്ടത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചുമൊക്കെ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് മരിയ.
ഈ നേട്ടം സ്വപ്ന തുല്യം
ഇതൊരു സ്വപ്ന തുല്യമായ നേട്ടമായിട്ടാണ് ഞാൻ കാണുന്നത്. എനിക്കു മാത്രമല്ല എന്റെ മാതാപിതാക്കൾക്കും ഇതൊരു അഭിമാന നിമിഷമാണ്. മാതാപിതാക്കൾ എന്നെയോർത്ത് അഭിമാനിക്കുന്നതിനേക്കാൾ സന്തോഷം പകരുന്ന മറ്റൊരു കാര്യവുമില്ല. അവർ സന്തോഷത്താൽ കരയുകയായിരുന്നു, അമ്മയും അച്ഛനും എനിക്കിരുവശവുമായി വന്നുനിന്ന നിമിഷമൊന്നും മറക്കാനാവില്ല. എല്ലാ അച്ഛനമ്മമാർക്കും കിട്ടുന്ന അവസരമല്ലല്ലോ അത്. അവർ മാത്രമല്ല ഒരുപാടു സുഹൃത്തുക്കളും എന്നെയോർത്ത് അഭിമാനിക്കുന്നുവെന്നു പറഞ്ഞു വിളിച്ചിരുന്നു.
ആത്മവിശ്വാസം, അതാണെന്റെ കരുത്ത്
കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നു പറയാം. സുഹൃത്തുക്കളാണ് നീ ഒന്നു ശ്രമിച്ചു നോക്കൂ എന്നു പറഞ്ഞ് മിസി മില്ലേനിയൽ മൽസരത്തിൽ പങ്കെടുപ്പിക്കുന്നത്. അന്ന് ചിത്രങ്ങള്‍ അയച്ചപ്പോഴും വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഓഡീഷനു ഞാൻ സിലക്ട് ആയി എന്നറിഞ്ഞപ്പോൾ തന്നെ ഷോക്ക് ആയിരുന്നു, പിന്നീട് അവസാന 21പേരിലേക്കു കൂടി തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോഴും ഞാൻ ആ ഷോക്കിൽ നിന്നു വിട്ടുമാറിയിരുന്നില്ല. സബ്ടൈറ്റിൽ ഏതെങ്കിലുമൊക്കെ കിട്ടുമെന്ന് േതാന്നിയിരുന്നു, പലരും നല്ല ഫോട്ടോജെനിക് ആണെന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മിസ് ഫോട്ടോജെനിക് ആകും എന്നാണു കരുതിയിരുന്നത്. എന്റെ റാംപ് വാക് തുടക്കത്തിൽ അത്ര പോരായിരുന്നു. കൊറിയോഗ്രാഫർ ജൂഡ് സാറിന്റെ പരിശീലനമാണ് എന്റെ റാംപ് വാക് മികച്ചതാക്കിയത്.
ഞാനാണ് അഴകിന്റെ റാണി എന്നറിഞ്ഞപ്പോൾ എന്താണു പറയേണ്ടതെന്നു േപാലും മറന്നു പോയിരുന്നു, അത്രയ്ക്കും സന്തോഷമായിരുന്നു. ആത്മവിശ്വാസമുണ്ടെങ്കിൽ ഏതറ്റം വരെയും പോകാം എന്നാണു ഞാൻ വിശ്വസിക്കുന്നത്, മിസ് മില്ലേനിയൽ എനിക്കു പഠിപ്പിച്ച പാഠവും അതാണ്. ഗ്രൂമിങ്ങിനിടയ്ക്ക് ജൂഡ് സാറിന്റെ ട്രെയിനിങ് വിസ്മരിക്കാനാവില്ല, പിന്നെ ആ 21പേരും എന്റെ ആത്മവിശ്വാസം വർധിക്കാൻ വളരെ സഹായിച്ചിട്ടുണ്ട്.
കേളീ ഹെയർ, മരിയാസ് സ്റ്റൈൽ
പഠിക്കുന്ന സമയത്തൊക്കെ ഇതുപോലത്തെ മുടിയുള്ളവർ ഇല്ലായിരുന്നു, അന്നൊക്കെ മടികൊണ്ടു ഞാൻ കെട്ടിയിട്ടു നടക്കുമായിരുന്നു. പക്ഷേ പിന്നീടു ഞാൻ തിരിച്ചറിഞ്ഞു എന്നിൽ ഏറ്റവും സൗന്ദര്യമുള്ളത് ഈ മുടിയാണ്. ഇത്തരത്തിലുള്ള മുടി ലഭിച്ചതു തന്നെ അനുഗ്രഹമായിട്ടാണു കാണുന്നത്. പലരും എന്റെ ഐഡന്റിറ്റി ആയി കാണുന്നതു തന്നെ ഇപ്പോൾ ഈ മുടിയാണ്. ആദ്യം നല്ലതുപോലെ മുടിയുണ്ടായിരുന്നു, പിന്നീടു വെട്ടിയാണ് ഇത്രയായത്. പലരും ഈ മുടി ഒന്നു സ്ട്രെയിറ്റൻ ചെയ്തൂടെ എന്നു ചോദിച്ചിട്ടുണ്ട്.
സൗന്ദര്യ സങ്കൽപം
മേക്അപ്പിന്റെ കാര്യത്തിൽ ഒട്ടും ശ്രദ്ധ ചെലുത്താത്ത വ്യക്തിയാണു ഞാൻ. ലിപ്സ്റ്റിക്, ഐലൈനർ ഒക്കെ വല്ലപ്പോഴും ഇട്ടാൽ ആയി. പിന്നീട് ഗ്രൂമിങ് സെഷന്‍ സമയത്താണ് നമുക്കുള്ള സൗന്ദര്യത്തെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചു മനസിലാകുന്നത്. അന്നുതൊട്ടാണ് എന്റെ ചർമത്തെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചൊക്കെ ബോധവതിയാകുന്നത്. പിന്നെ സൗന്ദര്യം പ്രകൃതിദത്തമാണ് എന്നു വിശ്വസിക്കുന്നയാളാണു ഞാൻ. തൊലിപ്പുറമേയുള്ളതല്ല, ഒരു വ്യക്തിയുടെ ഉള്ളിലാണു സൗന്ദര്യമുള്ളത്. ഞാൻ ഒരു വ്യക്തിയുടെ ചർമമോ പുറംകാഴ്ചയോ നോക്കിയല്ല സൗന്ദര്യത്തെ അളക്കുന്നത്, മറിച്ച് അയാളുടെ പോസിറ്റീവ് എനർജിയും ആത്മവിശ്വാസവും സഹായമനസ്കതയും ഒക്കെയാണ് എന്റെയുള്ളിലെ സൗന്ദര്യം.
അന്നവരെല്ലാം 'ബ്ലാക്' എന്നു വിളിച്ചു
സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് കുട്ടികൾ എന്നെ ബ്ലാക് എന്നു വിളിച്ചു കളിയാക്കിയിരുന്നത് ഓർക്കുന്നുണ്ട്. ഇപ്പോൾ മോഡലിങ്ങിലേക്കൊക്കെ ഇറങ്ങിയപ്പോൾ ഇതൊരു കുറവായിട്ടേ തോന്നിയിട്ടില്ല, മാത്രമല്ല പലരും പറഞ്ഞിട്ടുണ്ട് കാണാൻ ഒരു ഇന്റർനാഷണൽ മോഡലിന്റെ ലുക് ഉണ്ടെന്ന്. ഈ വിജയത്തോടെ കൂടുതൽ പേരും പറയുന്നുണ്ട്, ആ തിരിച്ചറിയല്‍ എനിക്കു മനോരമ ഓൺലൈൻ തന്ന ഭാഗ്യമാണ്. നിറം കുറഞ്ഞുവെന്നു പറഞ്ഞ് ഫെയർനസ് ക്രീമുകൾക്കു പിന്നാലെ പോകുന്നവരോടു പറയാൻ ഒരേയൊരു കാര്യമേയുള്ളു, നിറം എങ്ങനെ വർധിപ്പിക്കാം എന്നല്ല നിങ്ങൾക്കു ലഭിച്ച സ്കിന്‍ ടോണിനെ എങ്ങനെ വൃത്തിയോടെ സംരക്ഷിക്കാം എന്നതാണു ശ്രദ്ധിക്കേണ്ടത്.
ചിരി, അതിലാണു കാര്യം
ഈ പോസിറ്റീവ് എനർജിയുടെ രഹസ്യം എന്താണെന്ന് എനിക്കും അറിയില്ല. ഗ്രൂമിങ് സമയത്ത് യോഗയും മെഡിറ്റേഷനുമൊക്കെ പഠിപ്പിച്ചിരുന്ന നൂതൻ മനോഹർ മാഡത്തിന്റെ ക്ലാസുകൾ വളരെയധികം സഹായിച്ചിട്ടുണ്ട്. ഉള്ളിൽ ടെൻഷൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിരിയോടെ ഇരിക്കാനാണ് എനിക്കിഷ്ടം. നമ്മളെ കാണുമ്പോൾ മറ്റൊരാൾ അയ്യോ അവൾ ടെൻഷനടിച്ചിരിക്കുകയാണല്ലോ എന്നു തോന്നുന്നതിനേക്കാൾ നല്ലതല്ലേ ഇത്രയും ടെൻഷൻ ഉണ്ടായിട്ടും അവൾ എത്ര ആത്മവിശ്വാസത്തോടെയാണു കാര്യങ്ങളെ സമീപിക്കുന്നത്, അതുപോലെയാകാൻ ശ്രമിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത്. ഞാൻ കാരണം മറ്റൊരാൾ ചിരിക്കാൻ കഴിയുന്നെങ്കിൽ അതിൽ സന്തുഷ്ടയാകും.
പ്ലാൻസ്
ആദ്യത്തെ പ്ലാൻ കോളജിലേക്കു പോവുക. അവിടെ സുഹൃത്തുക്കൾക്കെല്ലാം സന്തോഷം പങ്കുവെക്കുക എന്നതാണ്. ഡിസൈനിങ് കോഴ്സ് മുഴുവനായിട്ടേ ഇനി മറ്റൊന്നിലേക്കുള്ളു. ഇന്ന് ഞാൻ ഒരു സൗന്ദര്യ മൽസരത്തിലെ വിജയിയാണ്, ആ ഉത്തരവാദിത്ത ബോധവും എന്നിലുണ്ട്. സമൂഹത്തിന് എന്നെക്കൊണ്ടാവുന്ന വിധം സഹായം നല്‍കാൻ ആഗ്രഹിക്കുന്നുണ്ട്.
ആ സ്വപ്നം
ഇന്റർനാഷണൽ മോഡലിങ് രംഗത്ത് എന്റേതായ പേരു പതിപ്പിക്കാൻ വലിയ ആഗ്രഹമുണ്ട്. എന്റെ ഡിസൈനുകൾ കൂടുതൽ പേരിലേക്കെത്തിക്കണം എന്നും ആഗ്രഹമുണ്ട്.എന്നാലും ഡിസൈനിങ്ങിനേക്കാളുമൊക്കെ മുന്നിൽ നിൽക്കുന്നത് ഇന്റർനാഷണൽ മോഡലിങ് തന്നെയാണ്. വോഗ് മാഗസിൻ ഒക്കെ കാണുമ്പോള്‍ വലിയ ആഗ്രഹമാണ് ഒരിക്കൽ എന്റെയും മുഖം അങ്ങിനെ അച്ചടിച്ചു വരണമെന്ന്.
അഭിനയത്തിലേക്ക്
അഭിനയം എനിക്കു വളരെ ഇഷ്ടമുള്ള മേഖലയാണ്. നല്ലൊരു അവസരം വന്നാൽ ഒരിക്കലും പോവാതിരിക്കില്ല. കാത്തിരുന്നുകാണാം.
സന്തുഷ്ട കുടുംബം
അമ്മ കോട്ടയം സ്വദേശിനിയും അച്ഛൻ ഇടുക്കി സ്വദേശിയുമാണ്. ഞാൻ ജനിച്ചത് കോട്ടയത്തു പാലായിലാണ്, പ്ലസ് ടുവിനു പഠിക്കുന്ന ഒരനുജനുമുണ്ട്. അമ്മയും അച്ഛനും അനിയനും ഡൽഹിയിൽ ആണിപ്പോള്‍, കണ്ണൂരിൽ നിഫ്റ്റിൽ പഠിക്കുന്ന ഞാൻ അവധിക്കാലങ്ങളിലാണ് അവര്‍ക്കടുത്തേക്ക് എത്തുന്നത്.
Read more: Lifestyle Malayalam Magazine