ജിപിയുടെ പട്ടാമ്പിയിലെ വീട്ടിലേക്കെത്തിയപ്പോൾ തുടർച്ചയായ രണ്ടാം വർഷവും മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു താരം. സിനിമയിലൂടെ വെള്ളിവെളിച്ചത്തിലേക്കെത്തിയ ജിപി അപ്രതീക്ഷിതമായാണ് മിനിസ്ക്രീനിലേക്ക് ചുവടുമാറ്റിയത്. എന്നാൽ കുറഞ്ഞ കാലത്തിനുള്ളിൽ കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയുമെല്ലാം പ്രിയപ്പെട്ട അവതാരകനായി മാറാൻ ജിപിക്ക് കഴിഞ്ഞു. ടിവി ഷോകളുടെ ഇടവേളകളിൽ സിനിമകൾ ചെയ്യുന്നു. വില്ലനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ത്രില്ലിലാണ് താരം... ഫാഷൻ, ഫുഡ്, സിനിമ, ഗോസിപ്..ജിപി മനസ്സുതുറക്കുന്നു.
എല്ലാത്തരം വസ്ത്രങ്ങളും ഇഷ്ടം...
ഫാഷൻ പരീക്ഷിക്കാനുള്ള സ്‌പേസ് ഭാഗ്യവശാൽ എനിക്ക് ലഭിക്കാറുണ്ട്. എന്നിരുന്നാലും ചെയ്യുന്ന ടിവി ഷോയുടെ സ്വഭാവത്തിനനുസരിച്ചാണ് ഞാൻ ഫാഷൻ തിരഞ്ഞെടുക്കുന്നത്. ഡി ഫോർ ഡാൻസിൽ എല്ലാത്തരം വസ്ത്രങ്ങളും പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ട്രഡീഷണൽ, ഫ്രീക്, കൂൾ, ഫോർമൽ സ്‌റ്റൈലിലുള്ള ഡ്രസും മേക്ക് ഓവറുമൊക്കെ പരീക്ഷിക്കാൻ കഴിഞ്ഞു. അതിനുശേഷം ഒരു ക്വിസ് പ്രോഗ്രാം നടത്തിയപ്പോൾ കുറച്ചുകൂടി ഫോർമൽ ആയുള്ള വേഷങ്ങളിലേക്ക് മാറി. ഇപ്പോൾ ചെയ്യുന്ന സാഹസിക സ്വഭാവമുള്ള ടിവി ഷോയിൽ അൽപം റഫ്& ടഫ് ശൈലിയിലുള്ള വേഷങ്ങളാണ് ധരിക്കാറുള്ളത്.
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഫ്ലെക്സിബിൾ ആയിട്ടുള്ള ശരീരപ്രകൃതമാണ് എന്റേത്. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലുള്ള വസ്ത്രങ്ങളും എനിക്ക് ചേരും എന്ന് പല ഫാഷൻ ഡിസൈനർമാരും പറഞ്ഞിട്ടുണ്ട്. സിംപിളായി വേഷം ധരിച്ച് ആൾക്കാരെ ഇംപ്രസ് ചെയ്യാൻ കഴിയുക എന്നതാണ് പ്രധാനം. ചുരുക്കത്തിൽ സന്ദർഭത്തിന് അനുസരിച്ച് വേഷം ധരിക്കുക എന്നതാണ് എന്റെ ഫാഷൻ സ്‌റ്റേറ്റ്മെന്റ്.
താജ്മഹൽ വിരിയുന്ന താടി...
കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളായി താടിയുടെ അതിപ്രസരമായിരുന്നു. അത്യാവശ്യം വേഗത്തിൽ താടി വളരുന്നതുകൊണ്ട് പല ഫാഷനുകൾ പരീക്ഷിക്കാൻ എളുപ്പമാണ്. എന്റെ നാട്ടുകാരനായ ബാവയാണ് ഹെയർ ഡ്രസ്സർ. അദ്ദേഹവുമായി കുറേക്കാലത്തെ പരിചയമുണ്ട്. അദ്ദേഹത്തിന് എന്റെ താടിയുടെ വളർച്ചയും ശൈലിയും അറിയാം. എങ്ങനെ ഡിസൈൻ ചെയ്താൽ നന്നാകുമെന്ന് അറിയാം. ഞങ്ങൾ ഒരുമിച്ചാണ് ഡിസൈനുകൾ നിർമിക്കുന്നത്. ആളുകൾ തമാശയ്ക്ക് പറയുന്നപോലെ താജ്മഹലും കുത്തബ്മിനാറും ലുട്ടുമുയലിനു വഴി കാണിക്കുന്ന ഡിസൈനുമൊക്കെ അങ്ങനെയാണ് പിറന്നത്. അവസാനമായി ചെയ്ത തമിഴ് സിനിമയിലും കട്ടത്താടി ലുക്കിലുള്ള വില്ലൻ വേഷമായിരുന്നു. താടി വച്ച് ബോറടിച്ചു ഇപ്പോൾ ഞാൻ മീശയിലേക്ക് കോൺസൻട്രേഷൻ മാറ്റിത്തുടങ്ങി.
ഭക്ഷണം കഴിക്കാൻ ഇഷ്ടം...
ഞാൻ ഡയറ്റിങ് നടത്തുന്നത് വരുന്ന ടിവി ഷോകൾ/ സിനിമകൾ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ്. എന്റെ ഒരു അനുഗ്രഹം ഞാൻ വലുതായി തടിക്കുന്ന പ്രകൃതമല്ല എന്നതാണ്. എന്തെങ്കിലും ഇൻസ്പിരേഷൻ ഉണ്ടെങ്കിലേ ജിമ്മിൽ ഒക്കെ പോയി വർക്ക് ഔട്ട് ചെയ്യാറുള്ളൂ. ടിവി ഷോകളുടെ ഇടവേളകളിൽ വീട്ടിലെത്തിയാൽ അമ്മയുടെ കൈ കൊണ്ടുണ്ടാക്കുന്ന ഫുഡ് ഒക്കെ അടിച്ച്, അലസമായി നടക്കാറാണ് പതിവ്.
ആരാധികമാർ...പ്രണയം...ഗോസിപ്...
പെൺകുട്ടികളുമായി ഞാൻ വളരെ കംഫർട്ടബിൾ ആണ്. കോളജ് കാലത്തുതന്നെ ആൺസുഹൃത്തുക്കളുടെ അത്രതന്നെ പെൺസുഹൃത്തുക്കളും ഉണ്ടായിരുന്നു. അതുകൊണ്ട് ഗോസിപ് പുതിയ കാര്യമല്ല. മീഡിയയിലെത്തിയപ്പോൾ സൗഹൃദം കുറച്ചുകൂടി വിശാലമായി. സഹപ്രവർത്തകരുമായി അടുത്തിടപഴകുന്ന കണ്ടപ്പോൾ പല ഗോസിപ്പും ഉണ്ടായി. പക്ഷേ എന്നെ നന്നായി അറിയാവുന്ന, എന്റെ സൗഹൃദം നന്നായി അറിയുന്ന സുഹൃത്തുക്കൾ ഇതൊന്നും കാര്യമായി എടുക്കാറില്ല.
കല്യാണം...
കല്യാണത്തെക്കുറിച്ച് ഗൗരവമായി ആലോചിച്ചു തുടങ്ങിയിട്ടില്ല. ഇപ്പോൾ ടിവി ഷോകളുടെ തിരക്കിലാണ്. ഇത്രയും വലിയൊരു കമ്മിറ്റ്മെന്റ് ഉൾക്കൊളളാനുള്ള ഒരു തയാറെടുപ്പ് ഇനിയും വന്നിട്ടില്ല. പിന്നെ എന്റെ ജീവിതത്തിൽ ഒരുവിധം കാര്യങ്ങളൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അതുപോലെ ഇതും സംഭവിക്കട്ടെ...
പുതിയ ടിവി ഷോകൾ, സിനിമകൾ...
ഞാൻ ഇപ്പോൾ ചെയ്യുന്ന അഡ്വഞ്ചർ ഗെയിം ഷോയുടെ ഫൈനൽ ഭാഗങ്ങൾ ഇനി ചിത്രീകരിക്കാറുണ്ട്. മലയാളത്തിൽ പുതിയ സിനിമകളൊന്നും കരാർ ആയിട്ടില്ല. വ്യത്യസ്തമായ വേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഞാൻ. തമിഴിൽ ജീവ നായകനാകുന്ന 'കീ' എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ അരങ്ങേറുന്നതിന്റെ ത്രില്ലിലാണ് ഞാൻ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam