ഒത്ത ഉയരം, മെലിഞ്ഞു കൊലുന്നനെയുള്ള ശരീരം, പട്ടുനൂൽപോലെ പാറിപ്പറക്കുന്ന മുടി, ഒരു മോഡൽ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിൽ ഉദിക്കുന്ന രൂപം ഏതാണ്ട് ഇതുപോലൊയൊക്കെയാകും. എന്നാൽ അതൊക്കെ കാറ്റിൽ പറത്തുകയാണ് വെറും മൂന്നടികൊണ്ടു മോഡലിങ് രംഗത്തു വിസ്മയം തീർക്കുന്ന ഒരു സുന്ദരി.
തനിക്കു ലഭിച്ച ശരീരത്തിന്റെ കുറ്റങ്ങളോ കുറവുകളോ നോക്കി സമയം കളയാതെ ശരീരത്തെ അങ്ങേയറ്റം സ്നേഹിക്കുകയും തന്റെ ഉയരത്തെ യാതൊരു വിഷമവുമില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഇവളെ വ്യത്യസ്തയാക്കുന്നത്. ഇരുപതുകാരിയായ ഈ മോഡലിന്റെ പേര് ഡ്രു പ്രെസ്റ്റാ. പൊക്കമില്ല എന്നതുകൊണ്ട് താൻ മാറ്റി നിർത്തപ്പെടേണ്ടവളല്ലെന്നും മറ്റു മോഡലുകളെപ്പോലെ സുന്ദരിയും സെക്സിയുമാണ് താനെന്നും പറയുകയാണിവൾ.

മൂന്നടി നാലിഞ്ചു മാത്രം പൊക്കമുള്ള പ്രെസ്റ്റ കുട്ടിക്കാലത്ത് ഏറെ വിവേചനങ്ങൾ നേരിട്ടിരുന്നു. സമപ്രായക്കാർ പോലും അവളെ അകറ്റി നിർത്തി. ഈ സാഹചര്യത്തിലാണ് പ്രെസ്റ്റ് അമേരിക്കയിലെ റെനോ എന്ന തന്റെ സ്വദേശത്തു നിന്നും ലൊസാഞ്ചലസിലേക്കു ചേക്കേറുന്നത്. ഫാഷൻലോകത്തെ പ്രസ്റ്റോയുടെ ചുവടുവയ്പ്പ് തനിക്കു സമാനമായുളളവരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. തുടക്കത്തിൽ പലരും പ്രെസ്റ്റയുടെ ഈ തിരഞ്ഞെടുപ്പിൽ അത്ഭുതം പ്രകടിപ്പിച്ചിരുന്നു, എന്നാൽ അവളുടെ മാതാപിതാക്കൾ പൂർണ പിന്തുണയേകി.
മോഡലിങ് രംഗത്തു വന്നപ്പോൾ പലരും താൻ സെക്സിയായി പോസ് ചെയ്യുന്നതിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഏതു സൈസിലും സെക്സിയാകാം എന്നു ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു താനെന്നു പറയുന്നു പ്രെസ്റ്റ. പലരും തന്നെ കളിയാക്കുകയും വേദനിപ്പിക്കുന്ന പേരുകൾ വിളിക്കുകയും ചെയ്തിരുന്നു. എല്ലാവരും എന്തിനാണു തന്നെ മാത്രം ഇങ്ങനെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ആലോചിച്ചു വളർന്ന ബാല്യമായിരുന്നു പ്രെസ്റ്റയുടേത്. ഇന്ന് അവരുടെ ചോദ്യങ്ങൾക്കും കൗതുകങ്ങൾക്കുമെല്ലാമുള്ള മറുപടിയാണ് പ്രെസ്റ്റയുടെ വിജയകരമായ മോഡലിങ് ജീവിതം.

ബിക്കിനി ധരിച്ചു പോസ് ചെയ്യാനും മടിയില്ലെന്ന് തെളിയിച്ചിട്ടുണ്ട് പ്രെസ്റ്റ. ഇനി എപ്പോഴെങ്കിലും മറ്റു മോഡലുകളെപ്പോലെയുള്ള ശരീരം ലഭിച്ചിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ അവൾ ഉത്തരം നൽകും – 'ഒരിക്കലുമില്ല'
തന്റെ ഈ ശരീരത്തെ അത്രമേൽ സ്നേഹിക്കുന്നുണ്ടെന്ന് ഈ ലോകത്തോടു മുഴുവനായി ഉറക്കെ പറയുകയാണ് മോഡലിങ്ങിലൂടെ വിജയക്കൊയ്ത്തു തുടരുന്ന ഈ പെൺകൊടി. ചെറിയ കുറവുകളിൽ പോലും അപകർഷതാബോധവും പേറി ശിഷ്ടകാലം നിരാശരായി ജീവിക്കുന്നവർക്കൊരു മാതൃകയാണ് പ്രെസ്റ്റയുടെ ജീവിതം. ജനനം കൊണ്ടല്ല തുടർന്നു നാം തിരഞ്ഞെടുക്കുന്ന ജീവിതം കൊണ്ടാണ് വ്യത്യസ്തയാകേണ്ടതെന്ന് പറഞ്ഞുവെക്കുകയാണ് പ്രെസ്റ്റ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam