കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡാൻസ് റിയാലിറ്റി ഷോ ആയ 'ഡി 4 ഡാൻസി'ന്റെ നാലാം സീസൺ കൊടിയിറങ്ങുമ്പോൾ ഇനി കണ്ണുകൾ സൂര്യ ശ്രീജിത്തിലേക്ക്.
പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെയാണ് ജൂനിയർ വിഭാഗത്തിൽ നിന്നും പന്ത്രണ്ടുകാരനായ സൂര്യ ശ്രീജിത്ത് 'ഈസ്റ്റേൺ ഡി 4 ജൂനിയർ vs സീനിയറി'ന്റെ വിജയകിരീടം ചൂടിയത്. സൂര്യയുടെ വിശേഷങ്ങളിലേക്ക്:
ഞാൻ സൂര്യ
തിരുവനന്തപുരത്ത് ശ്രീകാര്യത്താണ് എന്റെ വീട്. പട്ടം സെന്‍റ് മേരീസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഞാൻ. ഡാൻസാണ് എന്റെ ഏറ്റവും വലിയ പാഷൻ.
അച്ഛൻ എന്റെ ഗുരു
എന്റെ അച്ഛൻ ഒരു കൊറിയോഗ്രാഫർ ആണ്. അച്ഛന്റെ ഡാൻസ് സ്കൂളിൽ നിന്നാണ് എനിക്ക് ഡാൻസിനോട് ഇഷ്ടം തോന്നിയത്. നാലാമത്തെ വയസ്സുമുതൽ ഞാൻ ഡാൻസ് പഠിച്ചു തുടങ്ങി. അച്ഛനാണ് എല്ലാം സപ്പോർട്ടും എന്റെ ആദ്യ ഗുരുവും.
ഡി 4 വേദിയിലേക്ക്
ഡി 4 ഡാൻസിന്റെ മുൻപുള്ള സീസണുകൾ ഞാൻ സ്ഥിരം കാണാറുണ്ടായിരുന്നു. ഡി 3 യിൽ അച്ഛന്റെ ടീമും മത്സരിക്കാനുണ്ടായിരുന്നു. അതിൽ ഞാനും ഉണ്ടായിരുന്നു. പക്ഷെ പെട്ടന്ന് എലിമിനേറ്റ് ആയി. ഇനിയും ഒരു സീസൺ വരുകയാണെങ്കിൽ എനിക്കും മത്സരിക്കണമെന്ന് തോന്നി. അത് അച്ഛനോട് പറയുകയും ചെയ്തു. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അച്ഛൻ ആദ്യം സമ്മതിച്ചില്ല. പിന്നീട് ഡാൻസിനോടുള്ള എന്റെ ഇഷ്ടം കണ്ട് ഓഡിഷനു വന്നു. ഫൈനൽ ഓഡിഷന് വെയ്റ്റിങ് ലിസ്റ്റിൽ ആയിരുന്നു. അപ്പോൾ വളരെ വിഷമം തോന്നിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞു സെലക്ട് ആയെന്നു അറിയിച്ചു.
വിജയത്തിലേക്കുള്ള യാത്ര
ഡി 4 ഡാൻസിൽ വരുന്നതിന് മുൻപ് എനിക്ക് എല്ലാ ഡാൻസ് സ്റ്റൈലുകളും അറിയില്ലായിരുന്നു. ഹിപ് ഹോപ്പായിരുന്നു ഏറെയിഷ്ടം. എന്നാൽ ഇവിടെ വന്നതിനു ശേഷമാണ് ഞാൻ പല സ്റ്റൈലുകളും പഠിച്ചത്. ഒരു ഡാൻസ് പഠിച്ചു തീർക്കാൻ മൂന്നു ദിവസമെങ്കിലും എടുക്കും. പ്രാക്റ്റീസ് സെക്ഷൻ രാത്രി വരെ നീളും. ഇടയ്ക്ക് പരിക്കുകളും ഉണ്ടായിട്ടുണ്ട്. എന്നാലും വീട്ടുകാരുടെയും ഡാൻസ് മാസ്റ്റേഴ്സിന്റെയും പ്രചോദനം കൊണ്ടു മുന്നേറാൻ സാധിച്ചു. ജഡ്ജസും നല്ല സപ്പോർട്ട് നൽകിയിട്ടുണ്ട്.
കുടുംബം
അച്ഛൻ അമ്മ പിന്നെ ഞാനും ഇതാണ് എന്റെ കുടുംബം. അച്ഛൻ ശ്രീജിത്ത് കൊറിയോഗ്രാഫർ ആണ് അമ്മ ലിതി ഹൗസ് വൈഫ് ആണ്.
ഫൈനലി ദി വിന്നർ
വിജയി ഞാൻ ആണെന്ന് പ്രഖ്യാപിച്ചപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നിയത്. വളരെയധികം സന്തോഷമുണ്ട്. അച്ഛനും അമ്മയും ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട് എന്നെ ഇതുവരെ എത്തിക്കാൻ. അതുകൊണ്ടുതന്നെ എന്റെ വിജയം അവർക്കുള്ളതാണ്. എന്നെ ഒരുപാടു സഹായിച്ച ഡാൻസ് മാസ്റ്റേഴ്സ്, ടീച്ചേഴ്സ്, കൂട്ടുകാർ പിന്നെ എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam