ഈ നടിമാർ മലയാളികളല്ലെന്നു പറഞ്ഞാൽ് ആരും വിശ്വസിക്കില്ല, കാരണം മലയാളികൾ അത്രയ്ക്ക് അവരെ ഏറ്റെടുത്തിട്ടുണ്ട്. തെന്നിന്ത്യൻ സിനിമാലോകത്തെ മിന്നിത്തിളങ്ങിയ രണ്ടു നക്ഷത്രങ്ങളാണ് ഇക്കുറി ഒന്നും ഒന്നും മൂന്നിൽ റിമിക്കൊപ്പം എത്തിയത്. നാടൻ സൗന്ദര്യത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മേനകയും ഒരുകാലത്തെ യുവാക്കളുടെ ഹരമായിരുന്ന രോഹിണിയും ആയിരുന്നു അത്.
മേനക എന്ന നടിയുടെ പേരു കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസ്സിൽ തെളിഞ്ഞു വരുന്ന മറ്റൊരു മുഖമാണ് നടൻ ശങ്കറിന്റേത്. പ്രേക്ഷക മനസ്സുകളിൽ ശങ്കർ–മേനക ജോഡിയെപ്പോലെ പ്രണയം നിറച്ചവർ കുറവാണ്. പണ്ടൊക്കെ എപ്പോഴും പൊതുവേദികളിൽ പോകുമ്പോള്‍ ശങ്കർ എവിടെ എന്നു പലരും ചോദിക്കുമായിരുന്നെന്നു മേനക പറയുന്നു. തനിക്കു മാത്രമല്ല ശങ്കറിനും ഇതുപോലുള്ള അനുഭവം ഉണ്ടായിരുന്നുവത്രേ.
തനിക്കു വന്നിരുന്ന പ്രണയലേഖനങ്ങളിൽ ഏറെയും ശങ്കറിനെക്കുറിച്ചുള്ളതായിരുന്നു. അന്നു താൻ സുരേഷ് കുമാറിനെ വിവാഹം കഴിക്കുകയാണെന്ന് പ്രചരിച്ച സമയമായിരുന്നു. സുരേഷ് കുമാറിനോട് ഒഴിഞ്ഞു മാറാൻ പറയണം, ശങ്കറിനെ വിവാഹം കഴിച്ചാൽ മതിയെന്നു പറയുന്ന എഴുത്തുകളായിരുന്നു ഏറെയും, ശങ്കറും സുരേഷ് കുമാറും ചേർന്നിരുന്നാണ് ഇവ വായിച്ചിരുന്നതെന്നും മേനക പറയുന്നു. എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ആദ്യമായി സുരേഷ് കുമാറിനെ കാണുന്നത്. അന്ന് ശങ്കറാണ് ഇതെന്റെ ക്ലോസ് ഫ്രണ്ടാണ് എന്നു പറഞ്ഞു പരിചയപ്പെടുത്തുന്നത്.
മാതൃഭാഷയായ തെലുങ്കു സിനിമയിലുള്ളവര്‍ പോലും മലയാളിയാണെന്നാണു വിചാരിച്ചിരുന്നതെന്നു പറയുന്നു രോഹിണി. താൻ ഏറ്റവും ഗോസിപ്പുകൾ കേട്ടിട്ടുള്ളത് നടൻ റഹ്മാനൊപ്പമായിരുന്നുവെന്നും രോഹിണി ഓര്‍ക്കുന്നു. രണ്ടുപേരും ടീനേജ് പ്രായക്കാരായിരുന്നു, അന്നു ഗോസിപ്പുകൾ വന്നപ്പോൾ എങ്ങനെ സംസാരിക്കുമെന്നൊക്കെ തോന്നിയിരുന്നു, പിന്നീട് റഹ്മാൻ തന്നെയാണ് പറഞ്ഞത് അതെന്തിനു ഗൗരവമാക്കിയെടുക്കണം വെറുമൊരു ഗോസിപ്പ് അല്ലേ എന്ന്.
നടൻ രഘുവരനുമായി പിരിഞ്ഞ് ഇത്ര വർഷം കഴിഞ്ഞിട്ടും മറ്റൊരു വിവാഹത്തിനു ചിന്തിക്കാത്തതിന്റെ കാരണവും രോഹിണി പറഞ്ഞു. തനിക്കൊരു രണ്ടാനമ്മയുണ്ടായിരുന്നു. കൊച്ചിലേ അമ്മ മരിച്ചതാണ്. അതുെകാണ്ട് ഒരു രണ്ടാനച്ഛൻ ഉണ്ടായാൽ അതു റിഷിയെ എങ്ങനെ ബാധിക്കുമെന്ന് തനിക്കു ഭയവുമുണ്ടായിരുന്നു. ഇപ്പോൾ നല്ല സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. റിഷിക്കു പൂർണ ശ്രദ്ധ കൊടുക്കാൻ പറ്റുന്നുണ്ട്. ഞങ്ങൾക്കിടയിൽ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ല.-രോഹിണി പറഞ്ഞു.
''രഘു നല്ല സ്നേഹമുള്ളയാളായിരുന്നു. ആരുവന്നു േചാദിച്ചാലും എന്തു വേണമെങ്കിലും കൊടുക്കും. അഡിക്ഷൻ എന്ന ഡിസീസായിരുന്നു പ്രശ്നം. ഞാൻ ആ ഡിസീസിനോടു തോറ്റുപോയി. രഘുവിനെ അതിൽ നിന്നും പുറത്തു കൊണ്ടുവരാൻ ഒരുപാടു ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനെയും അതു ബാധിക്കുമെന്നു തോന്നിയപ്പോഴാണ് പിരിയാൻ തീരുമാനിച്ചത്. രഘുവിനെയും രക്ഷപ്പെടുത്തണം എന്നു വിചാരിച്ചെങ്കിലും അഞ്ചു വയസ്സുള്ള മകനെയോർത്തപ്പോഴാണ് പിരിഞ്ഞത്. തന്റെ ആദ്യപ്രണയമായിരുന്നു രഘുവെന്നും േരാഹിണി പറഞ്ഞു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam