ആഷിഖ് അബു ചിത്രമായ മായാനദി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി പ്രേക്ഷകമനസുകളിൽ സ്ഥാനം പിടിക്കുമ്പോൾ , ഈ ചിത്രത്തെ ഹൃദയത്തോടു ചേർത്തു പിടിക്കാൻ മായാനദിയുടെ കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷിനും ഒരു കാരണമുണ്ട്. തികച്ചും വ്യക്തി പരമായ ഒരു കാരണം. ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് സമീറ പൂർണ ഗർഭിണിയായിരുന്നു. ചിത്രത്തിൻറെ ഹൈലൈറ്റ് ആയ അവസാന സീനിലെ ഗൗൺ ഡിസൈൻ ചെയ്യുമ്പോൾ കുഞ്ഞുവാവയ്ക്ക് പ്രായം 15 ദിവസം. ഈ അവസ്ഥയിലും താൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു ചെയ്ത വർക്കാണ് മായാനദിയിലേത് എന്ന് സമീറ പറയുന്നു. സമീറയുടെ വിശേഷങ്ങളിലേക്ക്...
മായാനദി കരകവിഞ്ഞ് ഒഴുകുകയാണല്ലോ, ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനിങ് വിശേഷങ്ങൾ എന്തൊക്കെയാണ് ?
തീർത്തും റിയലിസ്റ്റിക് ആയ വസ്ത്രങ്ങളാണ് മായാനദിക്ക് വേണ്ടി ഞാൻ ഡിസൈൻ ചെയ്തത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ശൈലി പോലെ തന്നെ വസ്ത്രങ്ങളും തികച്ചും സിംപിൾ ആകണമെന്ന് ഡയറക്ടർ പറഞ്ഞിരുന്നു. അതിനാൽ കൂടുതലും ഇളം നിറങ്ങളും പേസ്റ്റൽ ഷേഡുകളുമാണ് ഉപയോഗിച്ചിരുന്നത്. പിന്നെ, കാഷ്വൽ വസ്ത്രങ്ങൾ, ജീൻസ്, സാരി, ഗൗൺ അങ്ങനെ എല്ലാ വിധത്തിലുള്ള വസ്ത്രങ്ങളും ചിത്രത്തിൽ പരീക്ഷിച്ചിട്ടുണ്ട്. കഥാപാത്രത്തിനും അവസരത്തിനും യോജിച്ച രീതിയിലാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
അപ്പുവിനും മാത്തനും വേണ്ടി ഏതെല്ലാം രീതിയിലുള്ള ഹോം വർക്കുകളാണ് നടത്തിയത് ?
സത്യത്തിൽ വലിയൊരു ഹോം വർക്ക് നടത്താനുള്ള സമയമൊന്നും മായാനദി ചെയ്യുമ്പോൾ ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. സാധാരണ ആഷിക് അബുവിന്റെ ചിത്രങ്ങൾ ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞത് ഒരു മാസത്തെ സമയമെങ്കിലും പ്രിപ്പറേഷനായി ലഭിക്കും. എന്നാൽ മായാനദി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തുടങ്ങിയ ഒരു ചിത്രമാണ്. ആഷിഖ് അബുവിന്റെ ചിത്രങ്ങളിൽ വർക്ക് ചെയ്യാൻ പൊതുവെ എളുപ്പമാണ്. ഡിസൈനർക്കും ഡിസൈനറുടെ ക്രിയേറ്റിവിറ്റിക്കും പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് അദ്ദേഹം. അതിന്റെതായ സ്വാതന്ത്ര്യവും ഉണ്ട്. ആ സ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ടാണ് അപ്പുവിന്റെയും മാത്തന്റെയും വസ്ത്രം ഡിസൈൻ ചെയ്തത്.
മായാനദിയിലെ കോസ്റ്റ്യൂം ഡിസൈനിങ് എത്ര മാത്രം എൻജോയ് ചെയ്തിരുന്നു?
വളരെ ചെറിയ സമയത്തിനുള്ളിൽ കോസ്റ്റ്യൂം ഡിസൈനിങ് നടത്തേണ്ടി വന്ന പടം, ഗർഭിണിയായിരിക്കെ ചെയ്യേണ്ടി വന്ന പടം, വൺ ലൈൻ കഥ കേട്ട് ഡിസൈനിങ് ആരംഭിച്ച പടം അങ്ങനെ മായാനദി എന്ന ഈ ചിത്രത്തിന് എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകതകൾ ഏറെയാണ്. പേരുപോലും നിർണയിക്കാത്ത അവസ്ഥയിലാണ് ചിത്രത്തിനു വേണ്ടി കോസ്റ്റ്യൂം തയ്യാറാക്കാൻ ആഷിഖ് ആവശ്യപ്പെടുന്നത്. പ്രണയകഥയാണ് എന്നു മാത്രമായിരുന്നു എന്നോട് ആദ്യം പറഞ്ഞിരുന്നത്. ആഷിഖ് അബുവിന്റെ നായികമാർ എല്ലാവരും സുന്ദരികൾ ആയിരിക്കും മേക്കപ്പ് വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്നവർ ആയിരിക്കും, ഈ ഒരു ലോജിക്കിൽ നിന്നുകൊണ്ടാണ് ഞാൻ അപ്പുവിന്റെ വസ്ത്രങ്ങൾ സ്കെച്ച് ചെയ്തത്.
പിന്നെ മാത്തനു വസ്ത്രധാരണത്തിലൂടെ ഒരു ഐഡന്റിറ്റി നൽകാൻ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമാണ് ചിത്രത്തിൽ മാത്തൻ ഉപയോഗിച്ചിരിക്കുന്ന ആ കാപ്. വളരെ പോസിറ്റിവ് ആയ ഫീഡ്ബാക്ക് ആണ് അതിനു ലഭിച്ചത്.
ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു വസ്ത്രങ്ങൾ ആയിരുന്നല്ലോ, ആദ്യഭാഗത്ത് അപ്പു ധരിച്ചിരുന്ന സാരിയും അവസാന സീനിൽ ധരിക്കുന്ന ഗൗണും ഇതിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ ?
സാരിയുടെ കാര്യം പറഞ്ഞാൽ, ഒരു വെഡ്ഡിങ് സീനിൽ ധരിക്കാനുള്ള സാരി എന്നു മാത്രമാണ് എന്നോടു പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഞാൻ ഒരു പച്ച സാരിയും സ്ലീവ് ലെസ് ബ്ലൗസും ഡിസൈൻ ചെയ്‌തു. എന്നാൽ രാത്രിയിൽ നടക്കുന്ന ഒരു വിവാഹ റിസപ്‌ഷൻ ആണ് അതിനാൽ പച്ച മാറ്റി ചുവപ്പു പരീക്ഷിച്ചാലോ എന്ന് ശ്യാം പുഷ്ക്കരൻ എന്നോട് ചോദിച്ചു. എന്തായാലും ഒരു ട്രയൽ നോക്കൂ. നല്ലതല്ല എങ്കിൽ മാറ്റി പിടിക്കാം എന്നു ഞാൻ പറഞ്ഞു. എന്നാൽ ആ സീൻ ഷൂട്ട് ചെയ്ത ശേഷം , ആഷിഖ് അബു സാരി നന്നായിട്ടുണ്ട് എന്നെനിക്ക് മെസ്സേജ് അയച്ചു.
ബോട്ടിൽ ഗ്രീൻ നിറത്തിലുള്ള ഒരു സാധാരണ സാരിയാണ് അത് . ചെറിയ ജെറി വർക്കുകൾ ഉള്ള ഒരു നോർമൽ സാരി. എന്നാൽ അതിന്റെ നിറം ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നത് തന്നെയാണ് ആ സീൻ ശ്രദ്ധിക്കപ്പെടാനുള്ള കാരണവും.
ക്ലൈമാക്സ് സീനിലെ ഗൗണിനെ പറ്റി പറഞ്ഞില്ല ?
സത്യം പറഞ്ഞാൽ ആ ഗൗൺ വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഒരു ചലഞ്ച് തന്നെയായിരുന്നു. പ്രസവിച്ചു രണ്ടാഴ്ച മാത്രം കഴിഞ്ഞപ്പോഴാണ് ആ ഗൗണിന്റെ ആവശ്യകതയെപ്പറ്റി ആഷിഖ് വിളിച്ചു പറയുന്നത്. പ്രസവം കഴിഞ്ഞു കുറഞ്ഞത് 45 ദിവസത്തെ റെസ്റ്റ് എങ്കിലും നിർദേശിക്കപ്പെട്ട ഞാൻ , കുഞ്ഞിനെ വീട്ടിലാക്കി നേരിട്ടു പോയി മെറ്റീരിയലുകൾ വാങ്ങി ഡിസൈൻ ചെയ്തതാണ് ആ ഗൗൺ. കുഞ്ഞിനെ ഒറ്റയ്ക്കാക്കി പോകുന്നതിന്റെ ടെൻഷൻ ഒരു ഭാഗത്ത്, ചെയ്യുന്ന കാര്യത്തിൽ പെർഫെക്ഷൻ വേണം എന്ന നിർബന്ധം മറുഭാഗത്ത് അങ്ങനെ റിസ്ക് എടുത്ത് ഡിസൈൻ ചെയ്തതാണ് ആ ഗൗൺ. അത് ശ്രദ്ധിക്കപ്പെട്ടതിൽ ഏറെ സന്തോഷം.
അപ്പോൾ കരിയറിലെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മായനദി ?
തീർച്ചയായും , പ്രസവത്തിനു രണ്ടു ദിവസം മുൻപ് വരെ ഞാൻ ചിത്രത്തിനായി വർക്ക് ചെയ്‌തു. പ്രസവിച്ച് 15ാം നാൾ മുതൽ വീണ്ടും. കുഞ്ഞുമായി ആദ്യമായി തിയറ്ററിൽ പോയി കാണുന്ന ചിത്രവും മായാനദിയാണ്. അതിനാൽ തന്നെ വ്യക്തിപരമായി എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മായാനദി.
പുതിയ പ്രോജക്ടുകൾ ?
കമ്മാര സംഭവം, ഒരായിരം കിനാക്കൾ എന്നീ ചിത്രങ്ങളുടെ വർക്കുകൾ പുരോഗമിക്കുന്നു
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam