വധുവിന്റെ വേഷത്തിൽ സ്വപ്ന സുന്ദരിയെപ്പോലെ എത്തിയ കരീനയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. കരീനയെന്തേ വിവാഹവേഷത്തിൽ എന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഒരു ഫാഷൻ ഷോയ്ക്കു വേണ്ടിയാണ് താരം കണ്ണഞ്ചിപ്പിക്കുന്ന ലുക്കിലെത്തിയത്. ഖത്തറിൽ സംഘടിപ്പിച്ച ബോളിവുഡ് ഫാഷൻ ഷോയിൽ പ്രശസ്ത ഫാഷൻ ഡിസൈനർ വിക്രം ഫഡ്നിസിനു വേണ്ടിയാണ് കരീന വധുവായി ചുവടുവച്ചത്.
സ്വർണ നിറത്താൽ ഇഴചേർന്ന ഡൾ പീച്ച് ലെഹംഗയും എംബ്രോയ്ഡറിയാൽ സമൃദ്ധമായ ചോളിയും അതിനു ചേരുന്ന ദുപ്പട്ടയുമൊക്കെ കരീനയുടെ മാറ്റുകൂട്ടി. ഒപ്പം കുന്ദൻ ജ്വല്ലറി കൂടിയായപ്പോൾ കരീന അസ്സൽ വധുവായെന്നു പറഞ്ഞാൽ മതിയല്ലോ. എന്തായാലും പരമ്പരാഗത വധുവായെത്തിയ കരീനയുടെ അതിഗംഭീര ലുക്കിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
ഗർഭകാലത്തും സോകോള്‍ഡ് വിശ്രമ സങ്കൽപങ്ങളെ കാറ്റിൽ പറത്തി റാംപിൽ ചുവടുവച്ചയാളാമ് കരീന. നിറവയറുമായി റാംപിനെ കീഴടക്കിയ അപൂർവം ചില നടിമാരിലൊരാളുമായിരുന്നു താരം. ശേഷം തൈമുർ പിറന്നപ്പോഴും മാസങ്ങൾക്കുള്ളിൽ കരീന തന്റെ അഭിനയ മേഖലയിലേക്കു തിരികെ വന്നിരുന്നു. ഗർഭം ധരിക്കുന്നതോ അമ്മയാകുന്നതോ ഒന്നും കരിയറിന് തടസ്സമല്ലെന്നു തെളിയിക്കുകയായിരുന്നു ഓരോ തവണയും ബോളിവുഡിന്റെ ബെബോ.
ഇനി സൈസ് സീറോ ആയി ഇന്നും ശരീരം കാത്തു സൂക്ഷിക്കുന്നതിനു പിന്നിൽ കടുത്ത ഡയറ്റിങ് ആയിരിക്കുമെന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, എന്തിനു വേണ്ടിയും ഭക്ഷണത്തെ ഒഴിവാക്കാൻ കരീന തീരെ ഒരുക്കമല്ല. '' ഞാനൊരു പഞ്ചാബി പെൺകുട്ടിയാണ്, എനിക്കു ഭക്ഷണമെന്നാൽ ഏറെയിഷ്ടമാണ്. ഗർഭകാലത്ത് ഞാൻ ധാരാളം ഭക്ഷണം കഴിച്ചിട്ടുണ്ട്. തൈമുർ ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും വർക്ഔട്ട് ചെയ്യൽ ആരംഭിച്ചിരുന്നു. ആദ്യം ലളിതമായ വർക്കൗട്ടുകളിലൂടെയാണ് തുടങ്ങിയതെങ്കിൽ പിന്നീട് കാര്‍ഡിയോയും യോഗയുമൊക്കെ ചെയ്തു''- കരീന പറയുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam