കരീനയ്ക്കിതെന്തുപറ്റി, മിറയെ കോപ്പിയടിച്ചോ?

മിറ രജ്പുതും കരീന കപൂറും

അപ്റ്റുഡേറ്റ് ആയി ഫാഷൻ ഫോളോ ചെയ്യുന്ന കാര്യത്തിൽ ബിടൗൺ താരസുന്ദരിമാരെ വെല്ലുന്നവരുണ്ടാകില്ല. താരനിശകളോ സൽക്കാരങ്ങളോ എന്തും ആയിക്കൊള്ളട്ടെ ഒന്നിനൊന്നു മെച്ചമായ വസ്ത്രമായിരിക്കും ഓരോരുത്തരുടേതും. ഇതിൽ ചിലർക്കെങ്കിലും ഫാഷൻ ദുരന്തങ്ങളും സംഭവിക്കാറുണ്ട്. ഇപ്പോഴത്തെ വിശേഷം അതല്ല, ഫാഷന്റെ റാണി കരീന കപൂര്‍ മുൻകാമുകൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിറയുടെ വസ്ത്രം കോപ്പിയടിച്ചുവെന്നതാണ്.

അടുത്തിടെയായി നടത്തിയ ഒരു ഫോട്ടോഷൂട്ടിൽ കരീന ധരിച്ച വസ്ത്രമാണ് കോപ്പിയടി വിവാദത്തിൽപ്പെട്ടത്. കടുത്ത ഓറഞ്ച് നിറത്തിലുള്ള ഓഫ് ഷോൾഡർ ഗൗൺ പണ്ടെങ്ങോ കണ്ടതുപോലുണ്ടല്ലോ എന്നാലോചിച്ചു തലപുകച്ചവര്‍ അതു മിറയുടെ വസ്ത്രത്തിന്റെ കോപ്പിയാണെന്നും കണ്ടുപിടിച്ചു. കരീനയുടെ സ്റ്റൈലിസ്റ്റ് കൂടിയായ മോഹിത് റായ് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് അധികം കഴിയുംമുമ്പേ മിറയുടെ വസ്ത്രവുമായി താരതമ്യം ചെയ്തു പലരും രംഗത്തെത്തി. സംഗതി സത്യവുമായിരുന്നു, പണ്ടൊരു പൊതുപരിപാടിയിൽ പങ്കെ‌ടുക്കവേ മിറ ധരിച്ച വസ്ത്രത്തിന്റെ അതേ പകർപ്പാണ് കരീനയു‌ടേതും.

നിറവും ഡിസൈനുമെല്ലാം ഒരുപോലെയാകുമ്പോൾ പിന്നെ കോപ്പിയടി വിവാദവുമായി രംഗത്തെത്തുന്നവരെ പഴി പറയുന്നതെങ്ങനെയെന്നാണ് പലരും ചോദിക്കുന്നത്. ഒരേയൊരു വ്യത്യാസം മിറയുടെ ഗൗണിന് വെയ്സ്റ്റ് ബെല്‍റ്റ് ഉണ്ടായിരുന്നുവെന്നതാണ്. തീർന്നില്ല ഫോട്ടോഷൂട്ടിനായി കരീന ഹെയർസ്റ്റൈൽ ചെയ്തതുപോലും മിറയുടേതിനു സമാനമായിരുന്നുവെന്നു പറയുന്നവരുണ്ട്. 

സംഗതി അപ്രതീക്ഷിതമായി സംഭവിച്ചതാണെങ്കിലും അല്ലെങ്കിലും വിഷയത്തിൽ കരീനയെ പൊരിക്കുകയാണ് സമൂഹമാധ്യമം. കോപ്പിയടിക്കുമ്പോൾ മിനിമം മുൻകാമുകന്റെ ഭാര്യയെയാണെന്ന കാര്യമെങ്കിലും ഓർക്കേണ്ടതല്ലേ എന്നു ചിലർ ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നു. സംഗതി കരീന പോലും അറിഞ്ഞു കാണില്ലെന്നും സ്റ്റൈലിസ്റ്റിനു പറ്റിയ പിഴവിൽ കരീനയെ പഴി പറയുന്നതെന്തിനെന്നും പറയുന്നവരുണ്ട്. കോപ്പിയടിച്ചതാണെങ്കിലും അല്ലെങ്കിലും ഗൗണിൽ കരീന സുന്ദരിയായിട്ടുണ്ടെന്നും വിവാദത്തെ തള്ളിക്കളയുന്നുെവന്നും പറഞ്ഞെത്തുന്ന കരീനഫാൻസും കുറവല്ല. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam