ഇന്ത്യൻ ഫാഷൻ രംഗത്തെ പല സ്റ്റൈലുകളും പിന്നീട് ആഗോളതലത്തിലേക്കു കടമെടുക്കപ്പെട്ടതായി നാം കണ്ടിട്ടുണ്ട്. റെഡ് കാർപറ്റോ അവാർഡ് നിശകളോ എന്തുമായിക്കൊള്ളട്ടെ ഇന്ത്യയുടെ തനതായ സൗന്ദര്യമായ സാരി എന്നേ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. ആൺവേഷങ്ങളിലെ നാടൻ സൗന്ദര്യമായ മുണ്ടിനുമുണ്ട് ആരാധകരേറെ, തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ മുണ്ട് ഹിറ്റ്‌ലിസ്റ്റിൽ ഇടം നേടിയ കാഴ്ച ലുങ്കി ഡാൻസ് എന്ന ഗാനത്തിലൂെട നാം അറിഞ്ഞതാണ്. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ നമ്മുടെ ലുങ്കിക്ക് ഒരൽപം ട്വിസ്റ്റ് നൽകി വ്യത്യസ്തമായൊരു വസ്ത്രം പുറത്തിറക്കിയിരിക്കുകയാണ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫാഷൻ ബ്രാൻഡായ സാറ.
സാറ പുറത്തിറക്കിയിരിക്കുന്ന പുതിയ വസ്ത്രം കണ്ട് ഏറ്റവും അമ്പരന്നിരിക്കുന്നത് തെന്നിന്ത്യക്കാർ തന്നെയാണെന്നു പ്രത്യേകം പറയേണ്ടല്ലോ. അപ്പൂപ്പന്റെയോ അച്ഛന്റെയോ മുണ്ടിലൊരൽപം മാറ്റങ്ങൾ വരുത്തിയാൽ സാറയുടെ സ്റ്റൈലൻ വസ്ത്രമായി. ഫ്ലോയിങ് സ്കര്‍ട്ട് എന്ന പേരിലാണ് ബ്രാൻഡ് സംഗതി വിപണിയിലിറക്കിയതെങ്കിലും ആർക്കും ആ വിളി അത്രയ്ക്കങ്ങിഷ്ടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല മിക്കവരും ഒരേസ്വരത്തിൽ വിളിക്കുന്നത് ലുങ്കിയെന്നാണ്.
ബ്രൗൺ കളറിൽ ചെക് ഡിസൈനുകളോടു കൂടിയ സ്കർട്ടിന്റെ വില കേട്ടാണ് പലരും അന്താളിച്ചിരിക്കുന്നത്, ഒന്നും രണ്ടുമല്ല ഏതാണ്ട് ആറായിരത്തി അഞ്ഞൂറിനടുത്തു വരും. മുൻഭാഗത്തു ഞൊറിഞ്ഞുകുത്തിയതു പോലുള്ള ഡിസൈനും സ്ലിറ്റുമെല്ലാം സ്കര്‍ട്ടിനെ വ്യത്യസ്തമാക്കുന്നു. പോളിസ്റ്ററും വിസ്കോസും ചേർന്നു നിർമിച്ച സ്കർട്ട് ഡ്രൈ ക്ലീനിങ് മാത്രമേ ചെയ്യാൻ പാടൂവെന്നും നിർമാതാക്കള്‍ പറയുന്നുണ്ട്.
എന്തായാലും സ്കർട്ടിന്റെ ചിത്രങ്ങൾ പുറത്തുവിട്ടതോടെ സമൂഹമാധ്യമത്തിലാകെ ട്രോളുകളുടെ മേളമാണ്. വെറും മുന്നൂറു രൂപ മാത്രം കൊടുത്ത് അമ്മാവനും അച്ഛനുെമാക്കെ സ്വന്തമാക്കുന്ന ലുങ്കിക്കു രൂപമാറ്റം നൽകി ആറായിരത്തിൽപ്പരം രൂപയ്ക്കു വിൽക്കുന്ന ബുദ്ധി അപാരമെന്നു ചിലർ കമന്റ് ചെയ്യുന്നു. ലുങ്കിക്കു ചെറിയ മാറ്റം നൽകി സ്കർട്ട് എന്നു വിളിച്ചതിനെ മസാലദോശയെ പാൻ ഗ്രിഡിൽഡ് റൈസ് പാൻകേക്ക് സ്റ്റഫ്ഡ് വിത് സ്പൈസ്ഡ് പൊട്ടറ്റോസ് എന്നു വിളിക്കും പോലെയുണ്ടെന്നു പറഞ്ഞവരും കുറവല്ല.
ഫ്ലോയിങ് സ്കർട്ട് എന്നല്ല ഇതിനെ ലുങ്കി സ്കർട്ട് എന്നാണു വിളിക്കേണ്ടതെന്നു പറയുന്നവരും ഉണ്ട്. ഇനി എന്തായാലും ഫ്ലോയിങ് സ്കർട്ട് വാങ്ങാൻ കാശില്ലെങ്കിൽ വിഷമിക്കേണ്ട അച്ഛന്റെ മുണ്ടിനെയൊന്നു മാറ്റിമറിച്ചാൽ മതിയെന്നും പറയുന്നവരുണ്ട്.
അതിനിടയിൽ ലുങ്കിയുടെ സ്റ്റൈൽ മോഷ്ടിച്ച കമ്പനിക്കാർ ഒരിടത്തുപോലും ലുങ്കി എന്ന പേരിനെ പരാമർശിക്കാത്തതിൽ ദുഃഖം രേഖപ്പെടുത്തുന്നവരുമുണ്ട്. ഒരു സംസ്കാരത്തിന്റെ ഭാഗമായ വസ്ത്ര ധാരണത്തെ കോപ്പി ചെയ്യുമ്പോൾ അവർക്കുള്ള ക്രെഡിറ്റ് കൂടി വച്ചൂടെ എന്നു രോഷത്തോടെ ചോദിക്കുകയാണവർ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam