ഇടവേളയ്ക്ക് ശേഷം അഹാന

അഹാന കൃഷ്ണകുമാർ..നടൻ കൃഷ്ണകുമാറിന്റെ നാലു പെൺമക്കളിൽ സീനിയർ. പെൺപടയുടെ പാട്ടും ഡാൻസുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മോഡലിങ്ങിലൂടെ സിനിമയിൽ എത്തിയ അഹാന കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനിടയ്ക്ക് ആൽബത്തിൽ പാടി അഭിനയിക്കുന്നു, മോഡലിങ് ചെയ്യുന്നു...   ടോവിനോയോടൊപ്പം അഭിനയിക്കാനിരിക്കുന്ന പുതിയ സിനിമയുടെ ത്രില്ലിലാണ് താരം...ഫാഷൻ, കരിയർ എന്നിവയെക്കുറിച്ചു അഹാന മനസ്സുതുറക്കുന്നു.

മോഡലിങ്...

നല്ല വസ്ത്രങ്ങൾ അണിഞ്ഞു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എന്റെ ഒരു സീനിയർ വേദിക എന്നൊരു ബുടീക് തുടങ്ങി. അപ്പോൾ എന്നെ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ വിളിക്കുമായിരുന്നു. പിന്നെ ബിരുദത്തിനു തിരഞ്ഞെടുത്തത് വിഷ്വൽ കമ്യൂണിക്കേഷനാണ്. ചെന്നൈയിൽ പഠിക്കുമ്പോൾ പഠനത്തിന്റെ ഭാഗമായി മോഡലിങ് ചെയ്യുമായിരുന്നു. സിനിമയിൽ അഭിനയിച്ചപ്പോൾ മോഡലിങ് അനുഭവം ഉപകാരപ്രദമായി.

ഫാഷൻ...

ഫാഷൻ വളരെ താൽപര്യമുള്ള മേഖലയാണ്. പുതിയ ഫാഷൻ ട്രെൻഡുകൾ അപ്ഡേറ്റ് ചെയ്യാറുണ്ട്. അതിനായി ഓൺലൈനിലും ബുട്ടീക്കുകളിലും അലഞ്ഞു തിരിയാൻ മടിയില്ല. സാരി, സൽവാർ, ലെഹംഗ എന്നിവയിലെ പുതിയ പരീക്ഷണങ്ങൾ അണിഞ്ഞു നോക്കാറുണ്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹംഗകൾ കാണുമ്പോൾ ഭയങ്കര കൊതി തോന്നും.  അതുപോലെ ബോളിവുഡ് നടിമാർ ഒക്കെ ഇടുന്ന സബ്യസാചിയുടെ ഡിസൈനർ ഡ്രസ് കാണുമ്പോഴും അസൂയ തോന്നാറുണ്ട്.

 

ഫേവറിറ്റ് ഡ്രസ്...

ജീൻസും ലൂസ് ടീ ഷർട്ടുമാണ് ഇഷ്ട വേഷം. എനിക്ക് റിപ്പ്ഡ് ജീൻസ് വളരെ ഇഷ്ടമാണ് (അച്ഛൻ കേൾക്കേണ്ട)...

ജീൻസും ലൂസ് ടീ ഷർട്ടുമാണ് ഇഷ്ട വേഷം. എനിക്ക് റിപ്പ്ഡ് ജീൻസ് വളരെ ഇഷ്ടമാണ് (അച്ഛൻ കേൾക്കേണ്ട). വൈറ്റ് ആണ് ഫേവറിറ്റ് നിറം. ഒരു വൈറ്റ് ടീ ഷർട്ടും ബ്ലൂ റിപ്പ്ഡ് ജീൻസും ധരിച്ച് അലസമായി ഇരിക്കാൻ ഭയങ്കര ഇഷ്ടമാണ്. 

ഫാഷൻ സ്‌റ്റേറ്റ്മെന്റ്... 

കംഫർട്ട് ആണ് പ്രധാനം. മറ്റുള്ളവർ നമ്മൾ ധരിക്കുന്ന വസ്ത്രത്തെ പറ്റി നല്ലതു പറഞ്ഞാലും നമ്മൾ ഉള്ളിൽ കംഫർട്ടബിൾ അല്ലെങ്കിൽ കാര്യമില്ല. അതുപോലെ ഔചിത്യം. സന്ദർഭത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുക പ്രധാനമാണ്. മാർക്കറ്റിൽ പോകുമ്പോൾ കല്യാണത്തിന് പോകുന്ന പോലെ പോകാറില്ല. നമുക്ക് ചേരുന്ന, ആത്മവിശ്വാസം നൽകുന്ന, സിംപിളായ വസ്ത്രങ്ങൾ ധരിക്കുക എന്നതാണ് എന്റെ ഫാഷൻ സ്‌റ്റേറ്റ്മെന്റ്.

ഫെമിനിസ്റ്റാണോ?....

ഫെമിനിസം എന്ന വാക്കിന്റെ അർഥം അൽപം വളച്ചൊടിക്കപ്പെട്ടു പോയി. സോഷ്യൽ മീഡിയയിലെ ചർച്ചകൾ സൈലന്റായി ശ്രദ്ധിക്കാറുണ്ട്. പുരുഷന്മാരെ എതിർക്കുകയല്ല ഫെമിനിസം. എനിക്ക് നിരവധി ആൺസുഹൃത്തുക്കളുണ്ട്. അവരുമായി സൗഹൃദപരമായി ഇടപെടാറുമുണ്ട്. എന്റെ വീട്ടിൽ ഞങ്ങൾ അഞ്ചു സ്ത്രീകളാണ്. വീട്ടിലെ ആവശ്യങ്ങൾക്കായി  ഞാൻ രാത്രിയിൽ ഒറ്റയ്ക്ക്  ഡ്രൈവ് ചെയ്യാറുണ്ട്. സമത്വത്തിൽ വിശ്വസിക്കുന്നു എന്നല്ലാതെ ഫെമിനിസ്റ്റ് ആകാൻ വേണ്ടി ശ്രമിക്കാറില്ല. ഹാപ്പിയായി ജീവിക്കുക ജീവിക്കാൻ അനുവദിക്കുക, അത്രയേയുള്ളൂ.

ഫെമിനിസം എന്ന വാക്കിന്റെ അർഥം അൽപം വളച്ചൊടിക്കപ്പെട്ടു പോയി. സോഷ്യൽ മീഡിയയിലെ ചർച്ചകൾ സൈലന്റായി ശ്രദ്ധിക്കാറുണ്ട്...

പ്രണയം..വിവാഹം

പ്രണയത്തെ കുറിച്ച് അത്ര ഫാന്റസിയായിട്ടുള്ള സങ്കൽപങ്ങൾ ഒന്നുമില്ല. ഇപ്പോൾ എന്റെ ശ്രദ്ധ കരിയറിൽ മാത്രമാണ്. അതൊക്കെ നടക്കേണ്ട സമയത്ത് നടക്കും എന്ന് വിശ്വസിക്കുന്നു.

സ്വപ്നം...

വലിയൊരു സംഭവമാകണം! മറ്റു ഭാഷകളിൽ അഭിനയിക്കണം. വലിയ അഭിനേതാക്കളുടെയും സംവിധായകരുടെയും കൂടെ പ്രവർത്തിക്കണം. ടോവിനോ തോമസിന്റെ കൂടെ അഭിനയിക്കുന്ന ലൂക്ക എന്നൊരു സിനിമയിലാണ് അടുത്തതായി അഭിനയിക്കുന്നത്. അതൊരു സ്വപ്ന സിനിമയാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam