Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാക്മേ ഫാഷൻ വീക്കിൽ ഇന്ന് റാംപിലെത്തുന്നത് കഥയും കാമ്പുമുള്ള കാഴ്ചകൾ!

sreejith-style ശ്രീജിത്ത് ജീവൻ

മുംബൈ ജിയോ ഗാർഡനിൽ അരങ്ങുണർന്ന ലാക്‌മേ ഫാഷൻ 2018സമ്മർ റിസോർട് എഡിഷനിൽ ഇന്ന് വൈകിട്ട് റാംപിലെത്തുക ഡിസൈനർ വസ്ത്രങ്ങളുടെ വെറും കെട്ടുകാഴ്ചയല്ല, കഥയും കാമ്പുമുള്ള കാഴ്ചകളാകുമെന്നുറപ്പ്. ഫാഷൻ അരങ്ങുകളുടെ നിർവചനം മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന റീഇമാജിൻ ഫാഷൻ എന്ന ചിന്തയാണ്  ഇത്തവണ ലാക്‌മേ ഫാഷൻ വീക്കിന്റെ പുതുമ. ഇക്കുറിയും മലയാളിക്ക് അഭിമാനിക്കാൻ  സസ്റ്റെനബിൾ ഫാഷൻ സമവാക്യവുമായി കൊച്ചിയുടെ സ്വന്തം ഡിസൈനർ ശ്രീജിത്ത് ജീവൻ റാംപിലെത്തും. 

 #MakefashionGood

ഫാഷൻ പ്രകൃതിസൗഹൃദമായാൽ മാത്രം പോര നന്മയുടെയും ചേർത്തുനിർത്തലിന്റെയും  കൂടി കലയാകണമെന്നു  ഫാഷൻ ലോകം ചിന്തിച്ചുതുടങ്ങിയിട്ട്  നാളെറെയായി. ഇതിന്റെ നേര്‍സാക്ഷ്യമാകും  ലാക്‌മേ റാംപിലെ ഇന്നത്തെ സസ്റ്റെനബിൾ ഫാഷൻ ഡേ. ഗ്രാമീണ ഇന്ത്യയുടെ തനതു കൈവേലകൾക്കും തുണിത്തരങ്ങൾക്കും  പ്രാമുഖ്യം നൽകിയിരുന്ന പതിവ് ഇനി ഗ്രാമീണ കലാകാരന്മാർക്കു നേരിട്ടു പ്രയോജനപ്പെടും വിധം രൂപപ്പെടുത്തുകയാണ്  ഫാഷൻ ഫോർ ഗുഡ് എന്ന ശ്രമത്തിലൂടെ. ഗ്രാമങ്ങളിലെ തയ്യൽത്തൊഴിലാളികളുടെ  ശാക്തികരണത്തിനായി അവരുടേതായ ലേബൽ പുറത്തിറക്കുന്നുവെന്നതാണ്  ഇക്കുറി ഫാഷൻ വീക്കിന്റെ പ്രത്യേകത.

ഉഷ സിലായ് ലേബൽ

തയ്യൽ മെഷീൻ നിർമാണ കമ്പനിയായ ഉഷ ഇന്റർനാഷനലിന്റെ  കീഴിൽ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ഉഷ സിലായ് ശൃംഖലയിലെ ആയിരത്തഞ്ഞൂറിലേറെ  തയ്യൽ സ്കൂളുകളിലെ വനിതാ തൊഴിലാളികളെ ശാക്തീകരിക്കുന്നതാണു  പുതിയ ചുവടുവയ്പ്. ഇതിന്റെ ഭാഗമായി ഉഷ സിലായ് എന്ന ഡിസൈനർ വസ്ത്ര ബ്രാൻഡ് ആണ് റാംപിൽ അവതരിപ്പിക്കുക. ശ്രീജിത്ത് ജീവൻ, അമിത് വിജയ, റിച്ചാർഡ് പാണ്ഡവ്, സായന്തൻ സർക്കാർ, സോഹം ദവേ എന്നി ഡിസൈനർമാരുടെ നേതൃത്വത്തിൽ ആറുമാസത്തിലേറെയായി  നടക്കുന്ന പരിശീലനത്തിന്റെയും തയാറെടുപ്പുകളുടെയും  ശ്രമമാണ് ഈ ഷോ. ‘ ഗ്രാമീണ തൊഴിലാളികളുടെ  കഴിവ് ഫാഷൻ മേഖലയിൽ ഉപയോഗപ്പെടുത്താറുണ്ടെങ്കിലും  അതു വ്യത്യസ്തമാണ്. അവരെ നഗരങ്ങളില്‍ കൊണ്ടുവന്നു താമസിപ്പിച്ച് ജോലിയെടുപ്പിക്കുകയാണ്  പതിവ്. പലപ്പോഴും അവര്‍ക്കു ലഭിക്കുന്ന സാഹചര്യങ്ങൾ പരിമിതമായിരിക്കും. ഇതിൽ നിന്നുവ്യത്യസ്തമായി അവരുടെ നാട്ടിൽ ചെന്ന്, അവരുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച്, അവർക്കു പുതിയ മേഖല പരിചയപ്പെടുത്തി., അവർക്ക് അത് ഭാവിയിലും ഉപയോഗപ്പെടുത്താനുള്ള  ശ്രമമാണിത്’, ശ്രീജിത്ത് ജീവൻ പറയുന്നു.

നന്മയുടെ ഫാഷൻ

പോണ്ടിച്ചേരിയിലെ  ഉഷ സിലായ് ക്ലസ്റ്ററുമായി ചേർന്നാണ് ശ്രീജിത്ത് ജീവൻ ലാക്മേ ഷോയ്ക്കു വേണ്ടി തയാറെടുത്തത്. സെപ്റ്റംബറിൽ പോണ്ടിച്ചേരിയിലെത്തി  തയ്യൽ തൊഴിലാളികളുമായി  നേരിൽ സംസാരിച്ചു സാഹചര്യങ്ങൾ വിലയിരുത്തി. വിനോദസഞ്ചാരികളും  യുണിവേഴ്സിറ്റി വിദ്യാർഥികളും ഉൾപ്പെടെ സജീവമായ ഫാഷൻ സർക്കിളാണ് പുതുച്ചേരിയിലേത്. പക്ഷേ ഈ സ്ത്രീകൾ തീരെ എക്സ്പോഷർ ഇല്ലാത്തവരായിരുന്നു. റൺവേ ഫാഷൻ നേരിൽ കാണുന്നതു പോയിട്ട് അവിടത്തെ ലോക്കൽ സ്റ്റോറുകൾ കണ്ടിട്ടുകൂടിയില്ല  അവർ. പേടിയാണ് , തങ്ങളെ പോലുള്ളവർക്ക് അവിടെ പോകാൻ കഴിയില്ലല്ലോ എന്നവർ തുറന്നു പറഞ്ഞു. അവരെ അത്തരം കടകളിൽ കൊണ്ടുപോവുകയാണ്  ആദ്യം ചെയ്തത്. അവർ 200 രൂപയ്ക്കു തയ്ച്ചുകൊടുക്കുന്ന  ബ്ലൗസും ആ കടകളിൽ 4000 രുപയ്ക്കു പ്രദർശിപ്പിച്ചിരിക്കുന്ന  വസ്ത്രവും തമ്മിലെ വ്യത്യാസം മനസിലാക്കാനും ആ ഫിനിഷിങ്ങിൽ  അവർക്കു ചെയ്യാനാവുമെന്ന  സാധ്യത അവരെ ബോധ്യപ്പെടുത്താനും  വേണ്ടിയായിരുന്നു  അത്,  ശ്രീജിത്ത് ജീവൻ പറയുന്നു.

തുടർന്നുള്ള മാസങ്ങളിൽ അവർക്കുള്ള പരിശീലനം, റിപ്പോർട് അവതരിപ്പിക്കൽ, മൂഡ് ബോർഡ് ക്രിയേഷൻ തുടങ്ങിയ തിരക്കിട്ട ജോലികൾ. 

പോണ്ടിച്ചേരി vibes

സിംപിള്‍ ആയ, പോണ്ടിച്ചേരിയുടെ  തുടിപ്പുകൾ ഉൾക്കൊള്ളുന്ന, ഈസി റിസോർട്ട് െവയർ  ഡിസൈനുകളാണ്  ലാക്മേ വീക്കിനായി ഒരുക്കിയതെന്നു  ശ്രീജിത്ത് ജീവൻ. തമിഴ് സംസ്കാരവും  ഫ്രഞ്ച് കൊളോണിയൽ ശേഷിപ്പുകളും അരബിന്ദോ ആശ്രമവുമാണ് പുതുച്ചേരിയുടെ ഹൃദയത്തുടിപ്പുകൾ. ആശ്രമത്തിന്റെ സ്വഛതയും മറ്റു കാഴ്ചകളും വസ്ത്രങ്ങളിലെ നിറങ്ങളിൽ കാണാം. വെള്ള, ഗ്രേ, മഞ്ഞ, കറുപ്പ് നിറങ്ങളാണ് കലക്ഷനിൽ. പ്രധാനമായും കോട്ടൺ ഫാബ്രികിൽ ആണ് ഡിസൈനുകൾ ഒരുക്കിയിട്ടുള്ളത്. അവിടത്തെ വിന്റേജ് കെട്ടിടങ്ങളുടെ  ജനാലകൾ വ്യത്യസ്തമാണ്. ഇതാണ് വസ്ത്രങ്ങളിലെ പ്രധാന മോട്ടിഫ്. ആ ജനാലച്ചില്ലുകളിലൂടെയുള്ള  കഥ പറച്ചിലാണ് തന്റെ കലക്ഷന്റെ ആത്മാവെന്നു ശ്രീജിത്ത് വിശദീകരിക്കുന്നു. ഓരോ ജനാലയ്ക്കും അവ കാണുന്ന കാഴ്ചകളുടെ കഥകളോരൊന്നും പറയാനുണ്ടാകും. അതുപോലെ പത്തു സ്ത്രീകൾ ഒരുക്കുന്ന പത്തു വ്യത്യസ്ത വസ്ത്രങ്ങൾ, അവ പറയുന്നത് അവരുടെ ജീവിത കഥയും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam