ഗുസ്തിയെ കീഴടക്കിയ പെൺകൊടികളുടെ കഥ പറഞ്ഞ ദംഗൽ ഇന്നും പ്രേക്ഷക മനസ്സുകളിലെ പ്രിയചിത്രമാണ്. ഫോഗാട്ട് സഹോദരിമാരുടെ ജീവിതത്തെ കാഴ്ചക്കാരിലേക്കെത്തിച്ച നടിമാരൊക്കെയും പ്രശംസയും നേടുകയുണ്ടായി. സോകോൾഡ് പെൺസങ്കല്‍പങ്ങളെ കാറ്റിൽ പറത്തിയ ദംഗലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് സാനിയ മൽഹോത്ര. മുടി പറ്റെവെട്ടി മേക്കപ്പോ അണിഞ്ഞൊരുങ്ങലുകളോ ഇല്ലാതെ ബബിതാ ഫോഗാട്ട് ആയി സ്ക്രീനിൽ നിറഞ്ഞുനിന്ന താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
ട്രാക്ക് സ്യൂട്ടും സ്പോർട്സ് വസ്ത്രങ്ങളും മാത്രം ധരിച്ചു ചിത്രത്തിൽ കണ്ട സാനിയയുടെ പുതിയ സ്റ്റൈലിഷ് ലുക്ക് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കാര്യം ബിടൗണിൽ പിച്ചവച്ചു തുടങ്ങിയിട്ടേ ഉള്ളുവെങ്കിലും ഫാഷൻ ചോയ്സിന്റെ കാര്യത്തിൽ താനൊട്ടും പുറകിലല്ലെന്നു തെളിയിക്കുന്നതാണ് സാനിയയുടെ ഓരോ ചിത്രങ്ങളും.
സാനിയയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ കടന്നു പോയാൽ ഫാഷന്റെ പല വെറൈറ്റികളും കാണാം. ഓൾഡ് ജനറേഷന്റെ പ്രിയപ്പെട്ട സ്റ്റൈൽ ഐക്കണണായ സ്കർട്ടും ലൂസ് ഷർട്ടും മുതൽ ന്യൂജനറേഷന്റെ ഫേവറിറ്റ് പീസായ ഡെനിം ക്ലോത് വരെ അക്കൂട്ടത്തിലുണ്ട്. ഡെനിമും ആങ്കിൾ ലെങ്ത് ജീൻസുമാണത്രേ സാനിയയുടെ പ്രിയ വേഷം.
ഫാഷൻ പരീക്ഷണങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സാനിയ ചുരിദാറിൽ നടത്തിയ പുത്തൻ ലുക്കും ആരാധകർക്ക് ഏറെ ഇഷ്ടമായിട്ടുണ്ട്. ഓഫ് ഷോൾഡർ വസ്ത്രത്തിനു മുകളിലായി അലസമായിട്ട പച്ചനിറത്തിലുള്ള ദുപ്പട്ടയും വലിയ മൂക്കുത്തിയുമൊക്കെ താരത്തിന്റെ സൗന്ദര്യം ഇരട്ടിച്ചുവെന്നാണ് കമന്റുകളേറെയും.
ഇനി സാനിയയുടെ ഫാഷനും സ്റ്റൈലുമൊക്കെ എത്ര ഗംഭീരമായാലും ആരാധകർക്ക് ഏറെയിഷ്ടം ആ മനോഹരമായ ചുരുളന്‍ മുടിയാണെന്നതിൽ സംശയമില്ല. ഫാഷന്റെ കാര്യത്തിൽ എന്തൊക്കെ പരീക്ഷണങ്ങൾ ചെയ്താലും കേളീ ഹെയർ സ്റ്റൈലിൽ മാത്രം മാറ്റം കൊണ്ടുവരാൻ സാനിയ തയാറല്ല.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam