Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവിയെക്കുറിച്ച് അമ്മാവന്റെ വെളിപ്പെടുത്തലുകൾ; ആശങ്കയിൽ ആരാധകർ!

sridevi വേണുഗോപാൽ റെഡ്ഡി, ശ്രീദേവി

ബോളിവു‍ഡിന്റെ നിത്യവസന്തമായിരുന്നു നടി ശ്രീദേവി, കോമഡിയും റൊമാൻസും ക്യാരക്ടർ റോളുകളുമൊക്കെ ഒരുപോലെ വഴങ്ങുന്ന നടി. ബാലവേഷത്തിലൂടെ ആരംഭിച്ച് മലയാളം തമിഴ് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ വെന്നിക്കൊടി പാറിച്ചതിനു ശേഷമാണ് ശ്രീദേവി ബിടൗണിന്റെ സ്വന്തം താരറാണിയായത്. അമ്പതുകളിലും യുവനായികമാരെപ്പോലും വെല്ലും സൗന്ദര്യം കാത്തുസൂക്ഷിച്ച നായികയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടലിൽ ബാത്ടബ്ബിൽ വീണു ശ്രീദേവി മരിച്ചുവെന്ന വാർത്ത ഇന്നും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് അമ്മാവൻ വേണുഗോപാല്‍ റെഡ്ഡി നടത്തിയ ചില വെളിപ്പെടുത്തുകലാണ് ആരാധകരെയാകെ അമ്പരപ്പിക്കുന്നത്.

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ വേണുഗോപാൽ വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാവുകയാണിപ്പോൾ. സംഗതിയെല്ലാം സത്യമാണോ അതോ ശ്രീദേവിയുടെ മരണത്തെ പലരും മുതലെടുക്കുകയാണോ എന്ന സംശയവും പലർക്കുമുണ്ട്.

ബോണി കപൂറുമായുള്ള ശ്രീദേവിയുടെ‌ വിവാഹത്തിൽ അമ്മ തീരെ തൽപരയായിരുന്നില്ലെ‌ന്നു പറയുന്നു അദ്ദേഹം. വിവാഹിതനായിരുന്ന ബോണി ഭാവിമരുമകനാകുന്നതിനോട് ശ്രീദേവിയുടെ അമ്മ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും വീട്ടിൽ വരുന്ന അവസരങ്ങളിൽ ബോണിയെ മര്യാദപൂർവം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ല. പക്ഷേ ബോണിയും ശ്രീദേവിയും വിവാഹിതരാകുമെന്ന തീരുമാനത്തിൽ നിന്നു പിന്മാറാൻ തയാറായിരുന്നില്ലെന്നും വേണുഗോപാൽ പറയുന്നു. 

സൗന്ദര്യസംരക്ഷണത്തിനായി ശ്രീദേവി ഒന്നിലേറെ സർജറികൾ ചെയ്തിട്ടുണ്ടെന്ന വാദവും വേണുഗോപാൽ ഉയർത്തുന്നു. മൂക്കിന്റെ ഭംഗി കൂട്ടാനായി അമേരിക്കയിലായിരുന്നു ശ്രീദേവി സർജറി ചെയ്തിരുന്നത്. ശ്രീദേവിയുടെ അമ്മയുമായി സംസാരിക്കുമ്പോഴാണ് തങ്ങൾ ഇത്തരം കാര്യങ്ങൾ മനസ്സാലിക്കിയത്. മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് ആശങ്കപ്പെ‌ട്ടിരുന്ന അമ്മയായിരുന്നു ശ്രീദേവിയെന്നും അദ്ദേഹം പറയുന്നു. ബോണി പൂർണ ആരോഗ്യവാനല്ലെന്നും അതിനാൽ മക്കളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നുമാണ് ശ്രീദേവി പറഞ്ഞിരുന്നതെന്നാണ് അമ്മാവന്റെ വാദം. 

ശ്രീദേവി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബോണി കപൂറിനെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരുടെയും സാമ്പത്തികാവസ്ഥ അത്ര തൃപ്തികരമായിരുന്നില്ല. ചില ചിത്രങ്ങൾ ചെയ്തു വേണ്ടത്ര വിജയം കണ്ടെത്താതിരുന്നതോടെ ഏറെ തകർന്നിരുന്നു അവർ. ശ്രീദേവിയുടെ സ്വത്തുക്കൾ പലതും വിറ്റായിരുന്നു ആ നഷ്ടങ്ങൾ നികത്തിയത്. ഇക്കാര്യം ശ്രീദേവിയെ എന്നും അലട്ടിയിരുന്നു. അകമേ വിഷമങ്ങളെല്ലാം ഒതുക്കിവച്ച് പുറമെ പുഞ്ചിരിയുമായി നടക്കുകയായിരുന്നു അവർ. ശ്രീദേവി സിനിമയിലേക്കു തിരിച്ചു വരാനുണ്ടായ കാരണവും ഈ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വേണുഗോപാൽ വ്യക്തമാക്കുന്നത്.

എന്തായാലും പ്രിയനടിയെക്കുറിച്ചുള്ള വെളിപ്പെ‌ടുത്തലുകൾ തള്ളാനും കൊള്ളാനും വയ്യാതെയിരിക്കുകയാണ് ആരാധകവൃന്ദം. ഈ വിഷയത്തിൽ കപൂർ കുടുംബം ഇതുവരെയും പ്രതികരിച്ചിട്ടുമില്ല. മരിച്ച് അധികനാൾ കഴിയുംമുമ്പെ നടിയുടെ സ്വകാര്യജീവിതം സംബന്ധിച്ച പരാമർശങ്ങൾ പരസ്യമാക്കിയതിനെതിരെ വിമർശിക്കുന്നവരുമുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam