അഴകളവിനൊപ്പം ബുദ്ധിസാമർഥ്യവും മാറ്റുരയ്ക്കുന്ന വേദിയാണ് സൗന്ദര്യ മല്‍സര വേദികൾ. ആകാരവടിവും അവതരണ ശൈലിയും മാത്രം പോരാ, ലോക കാര്യങ്ങളെക്കുറിച്ചുള്ള അറിവും ചിന്താശേഷിയുമൊക്കെ ഇത്തരം വേദികളിൽ അളക്കാറുണ്ട്. സൗന്ദര്യ മൽസര വേദികളിൽ മിക്കവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചോദ്യോത്തര റൗണ്ടിനാണ്. ആലോചിക്കാൻ പോലും സമയമില്ലാതെ നിമിഷനേരം കൊണ്ട് മറുപടിയിലൂടെ വിധികർത്താക്കളെ ഞെട്ടിച്ചാലേ വിജയപ്പട്ടം സ്വന്തമാക്കാനാകൂ. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വിഡിയോയും സൗന്ദര്യ മൽസരവേദിയിൽ മറുപടികൊണ്ടു വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയ ഒരു മൽസരാർഥിയുടേതാണ്.
മിസ് ഫിലിപ്പീൻസിനെ തിരഞ്ഞെടുക്കാന്‍ നടത്തിയ സൗന്ദര്യ മല്‍സര വേദിയിലാണ് വിധികർത്താക്കളെയും കാഴ്ചക്കാരെയുമൊക്കെ ഒരുപോലെ അമ്പരപ്പിച്ച ആ മറുപടിയുണ്ടായത്. സൗന്ദര്യ മൽസര വേദികളിൽ ഇന്നോളം കേട്ടതിൽ വച്ച് ഏറ്റവും സത്യസന്ധമായ ഉത്തരം എന്ന ക്യാപ്ഷൻ സഹിതമാണ് വിഡിയോ വൈറലാകുന്നത്.
മിസ് ഫിലിപ്പീന്‍സ് മൽസരത്തിൽ പങ്കെടുത്ത പതിനഞ്ചു മൽസരാർഥികളിൽ സാന്ദ്ര ലെമൊണൊൺ എന്ന യുവതിയെയാണ് ചോദ്യോത്തര റൗണ്ടിലേക്ക് ആദ്യം ക്ഷണിച്ചത്. സർക്കാരിന്റെ ഒരു പദ്ധതിയെക്കുറിച്ചായിരുന്നു സാന്ദ്രയോടു ചോദിച്ചത്. ''സർക്കാരിന്റെ ബിൽഡ് ബിൽഡ് ബിൽഡ് എന്ന പദ്ധതിയെക്കുറിച്ചുള്ള താങ്കളുടെ ഉൾക്കാഴ്ച എന്താണ്'' എന്നതായിരുന്നു സാന്ദ്രയ്ക്കു ലഭിച്ച ചോദ്യം.
എന്നാൽ തനിക്കറിയാത്ത ചോദ്യത്തെക്കുറിച്ചു മറുപടി പറഞ്ഞു സമയം കളയാൻ സാന്ദ്ര കൂട്ടാക്കിയില്ല. ആയിരക്കണക്കിന് കാണികളെയും വിധികർത്താക്കളെയും നോക്കി ആത്മവിശ്വാസത്തോടെ അവൾ നൽകിയ മറുപടി തനിക്കാ പദ്ധതിയെക്കുറിച്ച് കാര്യമായി അറിയില്ലെന്നാണ്.
'' സർക്കാരിന്റെ ബിൽഡ് ബിൽഡ് ബിൽഡ് പദ്ധതിയെക്കുറിച്ചുള്ള ഉൾക്കാഴ്ച എന്തെന്നാൽ.. സത്യം പറയട്ടെ ഞാൻ ഈ ചോദ്യോത്തര റൗണ്ടിനു വേണ്ടി ഏറെ പഠിച്ചിരുന്നു, എന്നാൽ ഈ പദ്ധതിയെക്കുറിച്ച് എനിക്കു വലുതായൊന്നും അറിയില്ല. പക്ഷേ നല്ലൊരു ചോദ്യത്തിന് ഉത്തരം നൽകാനെങ്കിലും ഞാനിവിടെ ശ്രമിക്കുന്നുണ്ട്. നന്ദി''- ഇതായിരുന്നു സാന്ദ്രയുടെ മറുപടി.
യാതൊരു ചമ്മലുമില്ലാതെ തന്റെ അറിവില്ലായ്മ തുറന്നു പറയാൻ കാണിച്ച സാന്ദ്രയുടെ ധീരതയെ അഭിനന്ദിക്കാനും വേദിയിലുള്ളവർ മറന്നില്ല. പരിപാടിയുടെ അവതാരകയും 2015ലെ മിസ് യൂണിവേഴ്സുമായ പിയ വേസ്ബാച്ചും സാന്ദ്രയുടെ മറുപടിയെ അഭിനന്ദിച്ചു. എനിക്കവളുടെ സത്യസന്ധത ഇഷ്ടമായെന്നും നുണ പറയുന്നതിനേക്കാൾ നല്ലതു തന്നെയാണ് ഇതെന്നും പിയ വേദിയിൽ പറഞ്ഞു.
പരീക്ഷയ്ക്കു വേണ്ടി കുത്തിയിരുന്നു പഠിച്ച് ചോദ്യപേപ്പർ കിട്ടുമ്പോൾ പഠിച്ചതൊന്നും വരാതിരുന്ന അവസ്ഥയായി സാന്ദ്രയുടേതെന്നു പറഞ്ഞാണ് പലരും വിഡിയോ പങ്കുവെക്കുന്നത്. ചില സമയങ്ങളിൽ ബുദ്ധിസാമര്‍ഥ്യത്തിന് പഠനത്തിന്റെ പിൻബലം ആവശ്യമില്ല മറിച്ച് സത്യസന്ധത മതിയെന്നു പറയുന്നവരും ഉണ്ട്. മൽസരത്തിൽ വിജയിയായില്ലെങ്കിലും ആരാധകരുടെ ഉള്ളം കവർന്ന് താരമായിരിക്കുകയാണ് സാന്ദ്ര ഇപ്പോൾ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam