വിവാദങ്ങളും വിമർശനങ്ങളുമായി അറുപത്തിയഞ്ചാമത് ദേശീയ പുരസ്കാര സമര്‍പ്പണം കടന്നു പോയിരിക്കുകയാണ്. ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കുമെന്ന തീരുമാനമാണ് അവാർഡ് ജേതാക്കളുടെ പ്രതിഷേധത്തിനു കാരണമായത്. ഇതോടെ മലയാളത്തിൽ നിന്നുൾപ്പെടെ അറുപത്തിയെട്ടോളം ജേതാക്കളാണ് വിട്ടുനിന്നത്. ചടങ്ങിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച ശ്രീദേവിയെ പ്രതിനിധീകരിച്ചെത്തിയ മകൾ ജാൻവി കപൂറിലായിരുന്നു മിക്കവരുടെയും കണ്ണുകൾ.
അമ്മയ്ക്കു ലഭിച്ച അംഗീകാരം സ്വീകരിക്കാനാണ് ജാൻവി അച്ഛൻ ബോണി കപൂറിനും സഹോദരി ഖുഷിക്കുമൊപ്പം എത്തിയത്. ശ്രീദേവിക്കു വേണ്ടി മൂവരുംചേർന്ന് അവാർഡ് സ്വീകരിക്കുമ്പോൾ ജാൻവിയുടെ സാരി എങ്ങോ കണ്ടുമറന്നപോലുണ്ടല്ലോ എന്ന ഭാവമായിരുന്നു കണ്ടവർക്കെല്ലാം. അതു തെറ്റായില്ല, അമ്മയ്ക്കു പ്രിയപ്പെട്ടൊരു സാരി ധരിച്ച് അതീവസുന്ദരിയായാണ് ജാൻവി ചടങ്ങിനെത്തിയത്. ഐവറി ഷെയ്ഡിലുള്ള സാരിയിൽ പിങ്കും ഗോള്‍ഡൻ കളറും ചേർന്ന ബോർഡർ എലഗന്റ് ലുക് കൂട്ടുന്നതായിരുന്നു. ഒപ്പം സാരിക്കു ചേരുന്ന ജിമിക്കിയും വളകളുമൊക്കെ ജാൻവിയുടെ മാറ്റുകൂട്ടി.
ശ്രീദേവിയുടെ പ്രിയപ്പെട്ട കോസ്റ്റ്യൂം ഡിസൈനറും ബെസ്റ്റ് ഫ്രണ്ടുമായ മനീഷ് മൽഹോത്രയാണ് ജാൻവിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. '' ശ്രീദേവി മാമിന് ' മോം ' എന്ന ചിത്രത്തിലെ അതുല്യമായ പ്രകടനത്തിനു ലഭിച്ച ദേശീയ പുരസ്കാരം സ്വീകരിക്കാൻ േപാവുകയാണ് അതിസുന്ദരിയായ ജാൻവി കപൂർ. നമ്മുടെയെല്ലാം നിത്യജീവിതത്തിൽ എന്നെന്നും മിസ് ചെയ്യുന്ന നടിയും സുഹൃത്തുമൊക്കെയാണവർ. ഈ അമൂല്യവും വൈകാരികവുമായ നിമിഷത്തില്‍ അമ്മയ്ക്കു പ്രിയപ്പെട്ട സാരിയുടുത്ത് ജാൻവി കപൂർ''- എന്ന ക്യാപ്ഷനോടെയാണ് മനീഷ് ചിത്രം പങ്കുവച്ചത്.
ശ്രീദേവി മരിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ആ ആഘാതത്തിൽ നിന്നു മുക്തമാകാൻ താരത്തിന്റെ ആരാധകരിൽ പലർക്കും ഇനിയും കഴിഞ്ഞിട്ടില്ല. ബോളിവുഡിന്റെ നിത്യവസന്തമായി മാറിയ ശ്രീദേവിക്കു പകരം ഇനിയാരെന്ന ചോദ്യവും ബാക്കി. കെട്ടിലുംമട്ടിലും ശ്രീദേവിയുടെ അതേ സൗന്ദര്യം പകർന്നു കിട്ടിയ ജാൻവി അമ്മയെപ്പോലെ ബിടൗണിൽ ഇടം നേടാനുള്ള തയാറെടുപ്പിലാണിപ്പോൾ. ജാൻവി നായികയായി അരങ്ങേറ്റം കുറിക്കുന്ന ധടക് എന്ന ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ ഹൃദയാഘാതം സംഭവിച്ചാണ് ശ്രീദേവി വിടപറയുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam