Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാനിന്റെ റാണി വീണ്ടും, ഇക്കുറി സ്റ്റൈലിഷ് ആയതിങ്ങനെ

2018ലെ കാൻ ഫെസ്റ്റിവലിൽ ഒരുപാടു രാജകുമാരിമാരുണ്ടാകാം, പക്ഷേ കാനിന്റെ രാജകുമാരി ഒരെയോരാൾ മാത്രമാണ്– ഐശ്വര്യ റായ് ബച്ചൻ. ട്വിറ്ററുൾപ്പെടെയുള്ള സമൂഹമാധ്യമത്തിൽ ഇപ്പോൾ ഐശ്വര്യയുടെ കാനിലെ അപ്പിയറൻസാണ് സംസാരവിഷയം. എഴുപത്തിയൊന്നാമത് കാൻ ഫെസ്റ്റിവൽ ആഘോഷമാക്കുന്നതിനൊപ്പം കൊട്ടിഘോഷിക്കപ്പെ‌ടുന്ന പേരാണ് ഐശ്വര്യയുടേത്. കാനിൽ ഏറ്റവുമധികം പങ്കെടുത്ത ബോളിവു‍ഡ് സുന്ദരിയായ ആഷ് പതിനേഴാമത്തെ കാൻ ഫെസ്റ്റിൽ പങ്കെ‌ടുക്കുമ്പോഴും ആ മാസ്മരികതയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. കാനിലെ രണ്ടു ദിനങ്ങളിലും ഐശ്വര്യ അതിസുന്ദരിയായിരുന്നുവെന്നു പറയാതെവയ്യ.

ഡിസൈനർ മൈക്കൽ സിൻകോയുടെ മനോഹരമായ ബട്ടർഫ്ലൈ ഗൗൺ ആണ് ഇത്തവണയും ആഷ് തിരഞ്ഞെടുത്തത്. അള്‍ട്രാ വയലറ്റ്, ബ്ലൂ, റെ‍ഡ് ഗൗണിൽ ഒരു ചിത്രശലഭത്തെപ്പോലെ പാറിനടക്കുകയായിരുന്നു ആഷ് എന്നു പറഞ്ഞാലും അതിശയമില്ല. ആസ്താ ശർമയാണ് രണ്ടു ദിനങ്ങളിലും കിടിലൻ ലുക്കിലെത്താൻ ഐശ്വര്യയെ സഹായിച്ച സ്റ്റൈലിസ്റ്റ്. ത്രെഡ്‌വർക്കുകളും സ്‌വരോസ്കി ക്രിസ്റ്റലുകളുമൊക്കെ പതിച്ച പത്തടി നീളമുള്ള വസ്ത്രം നെയ്തെടുക്കാൻ മൂവായിരത്തോളം പേരുടെ കഠിനാധ്വാനമാണ് വേണ്ടിവന്നത്.

ഗൗണിനു ചേരുന്ന വയലറ്റ് നിറത്തിലുള്ള അലസമായി തൂങ്ങിക്കിടക്കുന്ന കമ്മലുകളും സ്റ്റേറ്റ്മെന്റ് റിങ്ങും ചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കും നടുവിൽ നിന്നും വകഞ്ഞു മാറ്റിയ മുടിയിഴകളുമൊക്കെ താരത്തിന്റെ മാറ്റുകൂട്ടി. അമ്മയ്ക്കൊപ്പം കൈകോർത്തുപിടിച്ച് കുഞ്ഞു ആരാധ്യയും റെഡ് കാർപറ്റിൽ ചുവടുവെക്കാനെത്തിയിരുന്നു. ചുവപ്പു നിറത്തിലുള്ള ഫ്രോക്കിൽ ആരാധ്യയും അമ്മയെപ്പോൽ സുന്ദരിയായി. കഴിഞ്ഞ തവണയും കാനിൽ തിളങ്ങാൻ ഐശ്വര്യക്കൊപ്പം ആരാധ്യയും ഉണ്ടായിരുന്നു. 

കാനിന്റെ രണ്ടാം ദിനത്തിലും ഐശ്വര്യ ആരാധകരുടെ പ്രതീക്ഷ തെല്ലും കൈവിട്ടില്ല. ഷിമ്മറി ഓഫ് ഷോൾഡർ ഡ്രസ്സിൽ ദേവതയെപ്പോലെ സുന്ദരിയായാണ് ആഷ് എത്തിയത്. ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനത്തിൽ മിനിമൽ ലുക്കിലാണ് താരം അവതരിച്ചത്. റാമി കാഡിയുടെ 20000 സ്‌വരോസ്കി കല്ലുകൾ പതിച്ച ഗൗണാണ് ആഷ് ധരിച്ചത്. അമ്മയു‌ടെ വസ്ത്രത്തിനു മാച്ച് ആയ മുട്ടൊപ്പം നില്‍ക്കുന്ന ഫ്രോക്കിലാണ് രണ്ടാം ദിനത്തിൽ ആരാധ്യ എത്തിയത്. ആരാധ്യയെ ചുംബിച്ചു നിൽക്കുന്ന ചിത്രവും ഐശ്വര്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. 'നിന്നെ നിരുപാധികം സ്നേഹിക്കുന്നു, ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ' എന്ന കാപ്‌ഷൻ സഹിതമാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്.

ഓരോ കാൻ അപ്പിയറന്‍സിലും തന്നോടു തന്നെ മൽസരിക്കും വിധത്തിൽ സ്റ്റൈലിഷായാണ് ഐശ്വര്യ എത്തിക്കൊണ്ടിരിക്കുന്നത്. കാന്‍സിൽ മറ്റു ചില ലുക്കുകളിലും ഐശ്വര്യ ശ്രദ്ധേയയായി. വെള്ള ഷർട്ടും ബ്ലാക്ക് റാപ് എറൗണ്ട് സ്കർട്ടും ഒപ്പം ഗ്ലാമർ കൂട്ടാൻ മനീഷ് അറോറ ഡിസൈൻ ചെയ്ത സീക്വിൻസിനാൽ സമൃദ്ധമായ ഓറഞ്ച് ജാക്കറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം മനീഷ് അറോറ ലേബലിലുള്ള മൾട്ടി കളറിലുള്ള സീക്വിൻസ് ഗൗണും ബ്ലാക് പാന്റ് സ്യൂട്ടിൽ കാഷ്വൽ ലുക്കിലെത്തിയതുമൊക്കെ ശ്രദ്ധിക്കപ്പെ‌ട്ടുവെങ്കിലും റെഡ് കാർപറ്റിലെ വെറൈറ്റി ലുക്കുകൾക്കാണ് കൂടുതൽ ആരാധകരെന്നു പ്രത്യേകം പറയേണ്ടല്ലോ.

ബിടൗണിൽ നിന്നും ദീപികയും കങ്കണ റണൗട്ടുമാണ് കാനിലെ റെഡ് കാർപറ്റിൽ ഇക്കുറി ചുവടുവച്ച രണ്ടു സുന്ദരിമാർ. പത്ത്, പതിനൊന്ന് തീയതികളിലാണ് ദീപിക കാനിൽ ചുവടുവച്ചത്. ദീപികയുടെ രണ്ടാം തവണത്തെ ഫിലിം ഫെസ്റ്റിവലാണിത്. കങ്കണയ്ക്കാകട്ടെ കാൻ ഫെസ്റ്റിവലിലെ കന്നിയങ്കമാണിത്. ബോളിവു‍ഡിന്റെ മറ്റൊരു പ്രിയതാരവും അടുത്തിടെ വിവാഹിതയുമായ സോനം കപൂർ പതിനാലിനും പതിനഞ്ചിനുമാണ് കാനിൽ ചുവടുവെക്കുന്നത്. ഇത്തവണത്തേതുൾപ്പെ‌െട എട്ടാം തവണയാണ് സോനം കാനിൽ പങ്കെ‌‌ടുക്കുന്നത്. മെയ് എട്ടിനാരംഭിച്ച കാൻ ഫെസ്റ്റിവൽ വരുന്ന പത്തൊമ്പതിനാണ് സമാപിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam