സ്െെറ്റലായി നടക്കാൻ കൊതിയുണ്ടോ; അറിയാം മെയ്ക് ഓവർ രഹസ്യങ്ങൾ

സൗന്ദര്യഭ്രമം സ്ത്രീകൾക്ക് മാത്രമാ‌ണെന്നും അവർക്കുള്ളതാണ് ബ്യൂട്ടി പാര്‍ലറുകളെന്ന സങ്കല്പമൊക്കെ മാറി. സൗന്ദര്യ സങ്കല്പങ്ങൾ തുറന്നു പറയാനും അതിനുവേണ്ടി പണം ചെലവഴിക്കാനും പുരുഷന്മാർക്ക് മടിയൊന്നുമില്ല. കുതിച്ചു പായുന്ന ലോകത്തിൽ മാറിമറയുകയാണ് ഷാഷന്‍ ലോകം. ധരിക്കുന്ന വസ്ത്രത്തെപ്പോലെ പുരുഷന്മാരുെട ലുക്കിനെ നിർണയിക്കുന്ന ചില വസ്തുക്കളുണ്ട്. അവയിൽ ഒന്നു മതി നിങ്ങളെ അപൂർണനാക്കാൻ. പുരുഷന്മാരുടെ അലമാരയിൽ തീർച്ചയായും കരുതേണ്ട അ‍ഞ്ച് വസ്തുക്കൾ ഏതാണെന്നു നോക്കാം.

സൺഗ്ലാസ്

കണ്ണിനു സംരക്ഷണം നൽകുക എന്ന പ്രാഥമിക ദൗത്യത്തിനും അപ്പുറത്തേക്ക് വളർന്നു കഴിഞ്ഞു സണ്‍ഗ്ലാസുകൾ. നിങ്ങളുടെ ലുക്കിന് പൂർണത നൽകാൻ കയ്യിൽ ഒരു സൺഗ്ലാസ് വേണം. സന്ദർഭങ്ങൾക്കും വസ്ത്രങ്ങൾക്കുമനുസരിച്ച് സൺഗ്ലാസുകള്‍ മാറുന്നവരുണ്ട്. എന്നാൽ അതെല്ലാവർക്കും സാധ്യമാകണമെന്നില്ല. ഇവിടെ നിങ്ങൾ ചെയ്യേണ്ടത് മികച്ചൊരു സണ്‍ഗ്ലാസ് തിരഞ്ഞെടുക്കാനാണ്. കണ്ണിന്  വിഷമതകളുണ്ടാക്കുന്ന സൺഗ്ലാസുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. മുഖത്തിന് അനുയോജ്യമായ െഫ്രയിം നോക്കി എടുക്കുക. 

ഷൂസ്

വസ്ത്രങ്ങളോളം തന്നെ പ്രാധാന്യം ഷൂവിന് ഇന്ന് ലഭിക്കുന്നുണ്ട്. അത്രയേറെ പുതുമകൾ വിപണിയിൽ ഇന്നുണ്ട്. എത്ര വിലകൂടിയ ചെരുപ്പുകൾ ഉണ്ടെങ്കിലും ഷൂ ഇല്ലെങ്കിൽ പ്രതിസന്ധി നേരിടുന്ന സന്ദർഭങ്ങളുണ്ടാകും. രണ്ട് ജോഡി ഷൂ കരുതുന്നത് വളരെ നല്ലതാണ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ദീർഘകാല ഉപയോഗം സാധ്യമാകുന്ന ബ്രാന്റഡ് ഷൂ വാങ്ങാം. പാർട്ടികൾക്കോ കോളജുകളിലേക്കോ ധരിക്കുന്ന ഷൂവിൽ നിങ്ങൾക്ക് പരീക്ഷണങ്ങൾ തുടരാം. ഓൺലൈനിൽ നിന്നും മികച്ച ഡിസൈനുകളിലുള്ള വിലകുറഞ്ഞ ഷൂസ് ഇത്തരം ആവശ്യങ്ങൾക്കായി സ്വന്തമാക്കാം. ട്രെന്റ് മാറുമ്പോൾ ഷൂസ് മാറാൻ നിങ്ങൾക്ക് ഇത്തരം തെരഞ്ഞെടുപ്പ് സഹായകമാകും. 

വാലറ്റ് 

തന്റെ ലുക്കിനെക്കുറിച്ച് ബോധ്യമുള്ളവരും തോറ്റു പോകുന്ന ഒരു മേഖലയാണ് വാലറ്റ്. നല്ല വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്നും പുറത്തെടുക്കുന്ന കീറി പറഞ്ഞ വാലറ്റുകൾ നിങ്ങൾക്ക് ബാധ്യതയാണ്. തീരെ പ്രാധാന്യം നൽകാത്ത പോകുന്ന വാലറ്റുകളായിരിക്കും ചിലപ്പോഴെങ്കിലും നമ്മെ വിലയിരുത്താൻ മറ്റുള്ളവർ ഉപയോഗപ്പെടുത്തുക. ലതർ കൊണ്ടുള്ള ബ്രാന്റഡ് വാലറ്റുകൾ കൂടുതൽ ഇൗടുനിൽക്കും. കറുപ്പും ബ്രൗണും നിറങ്ങളാണ് വാലറ്റുകളിലെ സൂപ്പർ താരങ്ങൾ. എന്നാൽ ഇന്ന് നേവി ബ്ലൂവിന് കൂടൂതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. കൂടുതൽ ഷെയ്ഡുകളിലും ഡിസൈനുകളിലുമുള്ള വാലറ്റുകളുടെ വൻശേഖരമാണ് വിപണിയിലെത്തുന്നത്.

വാച്ച്

സ്മാർട് ഫോണുകളുടെ ആധിപത്യമുള്ള ലോകത്തിൽ സമയം അറിയാൻ വാച്ച് വേണമെന്നില്ല. എന്നാൽ കയ്യിൽ കെട്ടിയ വാച്ച് നിങ്ങൾക്ക് തരുന്ന ലുക്കും ആത്മവിശ്വാസവും വേറെ തന്നെയാണ്. പ്രവർത്തനരഹിതമായാലും വാച്ച് കെട്ടി കോളേജിൽ പോകുന്ന വിദ്യാർഥികൾ ഇന്നുമുണ്ട്. കയ്യിൽ വാച്ച് കിടക്കുമ്പോൾ എന്തോ പ്രത്യേകത നമുക്കുണ്ടെ‌ന്ന തോന്നലാണ് ഇതിനു കാരണം. ഇത് സത്യവുമാണ്. വൈന്റ് ചെയ്യുന്ന വാച്ചുകളിൽ നിന്നും സ്മാർട്ട് വാച്ചുകളിൽ എത്തി നിൽക്കുകയാണ് വിപണി. ഡിജിറ്റലും സൂചികളും സംയോജിക്കുന്ന ഹൈബ്രിഡ് വാച്ചുകള്‍ക്ക് യുവാക്കൾക്കിടയിൽ ഡിമാന്റ് കൂടുതലുണ്ട്. സാധ്യമെങ്കിൽ ഔദ്യോഗിക സന്ദർഭങ്ങൾക്കും സാധാരണ സന്ദർഭങ്ങൾക്കും വേണ്ടി രണ്ടു വാച്ചുകൾ കൂടെ കരുതുക. വാച്ചുകളുടെ ലോകത്ത് ബ്രാന്റുകൾക്ക് പ്രാധാന്യം കൂടുതലാണ്. 

ബാഗ്

വാലറ്റു പോലെയാണ്് ബാഗുകളുടെ അവസ്ഥയും. നന്നായി വസ്ത്രം ധരിച്ച , വില കൂടിയ സ്മാർട് ഫോൺ കയ്യിലുള്ള വ്യക്തിയും തോറ്റു പോകുന്നത് കയ്യിൽ കരുതുന്ന ബാഗിലായിരിക്കും. സ്റ്റെലിഷ് ഡിസൈനിലും നിറത്തിലുമുള്ള ബാഗ് കൂടെ കരുതാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രായത്തിനും ജോലിക്കും അനുയോജ്യമായിരിക്കണം ബാഗ്. ആവശ്യങ്ങൾക്കനുസരിച്ചുള്ള വലിപ്പത്തിൽ ബാഗ് തിരഞ്ഞെടുക്കുക. സാധനങ്ങൾ തരംതിരിച്ച് വയ്ക്കാൻ പാകത്തിൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുക. ഭാരം കുറഞ്ഞ ബാഗുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.