സൂപ്പർ മോഡലുകളെത്തി; സ്വപ്ന ഡിസൈനുകളുമായി വിഖ്യാത ഡിസൈനർമാരും കൊച്ചിയിലേക്ക്. ലേ മെറിഡിയൻ കൺവൻഷൻ സെന്ററിലെ റാംപിൽ ഇന്നു മുതൽ മൂന്നു നാൾ വിവാഹ ഫാഷൻ സങ്കൽപങ്ങളുടെ ഉത്സവം. 10-ാം വാർഷികം ആഘോഷിക്കുന്ന പ്രമുഖ വൈവാഹിക പോർട്ടലായ എംഫോർമാരി.കോം സംഘടിപ്പിക്കുന്ന വെഡ്ഡിങ് വീക്ക് ഫാഷൻ ഷോയിൽ രാജ്യത്തെ പ്രമുഖരായ മൂന്നു ഡിസൈനർമാരാണു മൂന്നു ദിവസമായി റാംപിൽ ഡിസൈനുകൾ അവതരിപ്പിക്കുക.
ആദ്യദിനമായ ഇന്നു ബോളിവുഡിന്റെയും പ്രിയപ്പെട്ട ഡിസൈനറായ അഞ്ജു മോദി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണു മോഡലുകൾ റാംപിലെത്തിക്കുന്നത്. രാജ്യത്തെ തനതു വസ്ത്രങ്ങളെയും പരമ്പരാഗത ബിംബങ്ങളെയും കോർത്തിണക്കിയ വിവാഹ വസ്ത്രങ്ങളുടെ പുത്തൻ ഡിസൈനുകളാണു അഞ്ജു അവതരിപ്പിക്കുന്നത്.
പാശ്ചാത്യ- പൗരസ്ത്യ വിവാഹ ഡിസൈനുകളുടെ വൈവിധ്യമാണു നാളെ സെലിബ്രിറ്റി ഡിസൈനറായ തരുൺ താഹിലിയാനി കൊച്ചിക്കു മുന്നിൽ ആവിഷ്കരിക്കുക. ഫൈനൽ ഷോയിൽ ഡിസൈനറായ ഗൗരവ് ഗുപ്ത നാളെയുടെ വിവാഹ സങ്കൽപങ്ങളെ ആധുനികതയുടെ അഴകോടെ അവതരിപ്പിക്കും. രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ 20 വനിതാ മോഡലുകളും നാലു പുരുഷ മോഡലുകളുമാണു റാംപിലെത്തുക. ലക്ഷ്മി റാണ, സൊണാലിക സഹായ്, ഐശ്വര്യ സുസ്മിത, ഹേമാംഗി പാർതേ, അർച്ചന അകിൽ കുമാർ, സപ്ന കുമാരി, നയോനിക ചാറ്റർജി തുടങ്ങിയ സൂപ്പർ മോഡലുകളും കൊച്ചിയിലെത്തിയിട്ടുണ്ട്.
ഫാഷൻ ഷോ കാണാൻ താൽപര്യമുള്ളവർക്ക് എന്റെഡീൽ.കോം വെബ്സൈറ്റിൽ നിന്ന് ടിക്കറ്റുകൾ സ്വന്തമാക്കാം.
ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന െചയ്യും. കല്യാൺ ജ്വല്ലേഴ്സ് മുഖ്യ പ്രായോജകരായ എംഫോർമാരി വെഡ്ഡിങ് വീക്കിന്റെ സഹ പ്രായോജകർ ഡിഎച്ച്ഐ, അംബിക പിള്ള സലൂൺസ്, ഇവിഎം ബിഎംഡബ്ല്യു, ലേ മെറിഡിയൻ എന്നിവരാണ്.