'രാംലീലയിൽ ദീപികയ്ക്കായ് ഒരുക്കിയത് 50 മീറ്റർ ഫ്ലെയറുള്ള ലെഹംഗ'

ഡിസൈനുകളും ഫാഷനും തിരഞ്ഞ് അഞ്ജു മോദി നടന്നത് ഇന്ത്യയുടെ ഉൾഗ്രാമങ്ങളിലൂടെയാണ്. പാരമ്പര്യത്തിനും സംസ്കാരത്തിനും ഊന്നൽ നൽകിയ അഞ്ജുവിന്റെ ഡിസൈനുകളൊക്കെയും പ്രകൃതിയിൽ നിന്നും മനുഷ്യബന്ധങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടവയാണ്. ഈ യാത്ര മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടും തുടരുകയാണ്. വസ്ത്രാലങ്കാരത്തിന് ഇന്ത്യൻ ഫിലിം ഫെയർ പുരസ്കാരം നേടിയ, ബ്രൈഡൽ ഫാഷൻ മേഖലയിൽ രാജ്യത്തെ മുൻനിര ഡിസൈനറായ അഞ്ജു മോദി സംസാരിക്കുന്നു.

കോലങ്ങൾ, നൂലിഴകളിൽ

1980 ൽ തുടങ്ങിയതാണു വസ്ത്ര സങ്കൽപങ്ങൾ തേടിയുള്ള യാത്ര. വസ്ത്രങ്ങളോടായിരുന്നു എന്നും അഭിനിവേശം. വരുമാനമാർഗം എന്നതിനപ്പുറം മനസ്സിന്റെ സന്തോഷമാണ് ഓരോ ഡിസൈനിലും കണ്ടെത്തിയത്. കർണാടകയുടെയും ആന്ധ്രയുടെയും തമിഴ്നാടിന്റെയും കേരളത്തിന്റെയും ഗ്രാമങ്ങളിലൂടെ നെയ്ത്തുകാരെത്തേടി ഒരുപാടു സ‍ഞ്ചരിച്ചു. 

എനിക്കു നെയ്യാനറിയില്ല. പക്ഷേ, ഡിസൈൻ ചെയ്യാനറിയാം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഗ്രാമങ്ങളും നെയ്ത്തുകാരും എനിക്കു വലിയ പാഠങ്ങൾ പകർന്നു. നെയ്ത്തുകാരുടെ വീടുകളിൽ മാസങ്ങളോളം താമസിച്ചു. ബാലരാമപുരത്തൊക്കെ ഏറെ നാളുകൾ ചെലവഴിച്ചു. 

രാവിലെ വീടുകളുടെ മുറ്റത്ത് അവർ വരയ്ക്കുന്ന കോലങ്ങൾ എന്റെ ഡിസൈനുകളെ ഒരുപാടു സ്വാധീനിച്ചു. ഭക്തിയോടെ അവർ നിലത്തെഴുതുന്ന ആ വരകളും പാറ്റേണുകളും അതേ ഭക്തിയോടെ ഞാൻ എന്റെ വസ്ത്രങ്ങളിലേക്കും കൊണ്ടുവന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവെന്ന വിശ്വാസമാണ് എനിക്കുമുള്ളത്. നാടൻ നന്മകളും ബന്ധങ്ങളുടെ പവിത്രതയുമൊക്കെ എന്റെ വസ്ത്രങ്ങളിലും കാണാം.  

അഞ്ജു മോദി

വിഷമിക്കേണ്ട, നാം ഒരുമിച്ചാണ്

കേരളം എനിക്കു സ്വന്തം നാടുതന്നെയാണ്. പ്രളയത്തെത്തുടർന്നു വസ്ത്രങ്ങളെല്ലാം ചെളിപിടിച്ചുപോയ കേരളത്തിലെ നൂറുകണക്കിനു നെയ്ത്തുകാരുടെ കാര്യമോർക്കുമ്പോൾ സങ്കടമുണ്ട്. സ്വന്തം കുടുംബത്തിലുള്ള ഒരാൾക്ക് അസുഖം വരുമ്പോഴുണ്ടാകുന്നതുപോലുള്ള ദുഖം. പക്ഷേ, കേരളത്തോടു സങ്കടപ്പെടേണ്ട എന്നു പറയാനാണു  തോന്നുന്നത്. ലോകത്തിനു മുഴുവൻ പ്രചോദനമേകുന്ന അതിജീവനത്തിന്റെ പാഠമാണു കേരളം ലോകത്തിനു നൽകിയത്. വിവേഴ്സ് ക്ലസ്റ്ററുകളിൽ ഇവിടുത്തെ കാര്യം സംസാരിക്കുന്നുണ്ട്. പ്രളയത്തിൽ കഷ്ടത അനുഭവിച്ച കേരളത്തിലെ നെയ്ത്തുകാരെ വരും ദിവസങ്ങളിൽ സന്ദർ‌ശിക്കും. കഴിയുന്ന സഹായങ്ങളെല്ലാം നൽകും. മറ്റു ഗ്രൂപ്പുകളിൽ നിന്നും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഷോയുടെ ടിക്കറ്റുകളിലൂടെയുള്ള വരുമാനവും ദുരിതാശ്വാസ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്.

അഞ്ജു മോദി

പ്രകൃതിയുടെ നിറങ്ങൾ

എന്റെ വസ്ത്രങ്ങളിലെ നിറങ്ങളെല്ലാം പ്രകൃതിയിൽ കാണുന്നവയാണ്. മണ്ണിന്റെയും ചെളിയുടെയും മണലിന്റെയും വെള്ളത്തിന്റെയും ചെമ്മാനത്തിന്റെയും കുങ്കുമത്തിന്റെയും ചെടികളുടെയും പൂക്കളുടെയും നിറങ്ങൾ. സ്വാഭാവിക നിറങ്ങളാണ് ഉപയോഗിക്കുന്നത്. ഓർഗാനിക് നിറങ്ങൾ ചേർത്തു തയാറാക്കുന്ന ഹാൻഡ്മെയ്ഡ് വസ്ത്രങ്ങൾ. 

മഞ്ഞ, ഓഫ്‌വൈറ്റ് നിറങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകാറുണ്ട്, പ്രത്യേകിച്ച് ബ്രൈഡൽ കലക്ഷനുകളിൽ. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്നതാണ് ഓരോ വസ്ത്രവും. പാശ്ചാത്യ രീതികളൊന്നും ഇതിലേക്കു കൊണ്ടുവന്നിട്ടില്ല.

സിനിമയും ഫാഷൻ ഷോകളും

രണ്ടും ഇഷ്ടമാണെങ്കിലും ഹൃദയത്തോടു കുറച്ചുകൂടി ചേർന്നു നിൽക്കുന്നതു ഷോകളാണെന്നു പറയേണ്ടിവരും. നമ്മുടെ മനസ്സിലുള്ള, കുറേയെറെ നാളായി സ്വപ്നത്തിൽ താലോലിക്കുന്ന ഒരു ഡിസൈൻ മോഡലുകളിലൂടെ പുറം ലോകത്തേക്ക് എത്തിക്കുകയാണ് ഫാഷൻ ഷോകളിൽ. സിനിമയിൽ സന്ദർഭത്തിനും കഥയ്ക്കും അനുസരിച്ചുള്ള വസ്ത്രങ്ങളാണു ചെയ്തെടുക്കുന്നത്. നമ്മുടെ സ്വപ്നങ്ങളേക്കാൾ സിനിമയുടെ സാഹചര്യങ്ങൾക്കു പ്രാധാന്യം കൊടുത്തേ മതിയാകൂ. 

    

പക്ഷേ, രാംലീല എന്ന സിനിമയിൽ ദീപികയ്ക്കു വേണ്ടി ചെയ്ത വസ്ത്രങ്ങളൊക്കെ മനസ്സിനു സന്തോഷം തന്നവയാണ്. 50 മീറ്റർ ഫ്ലെയറുള്ള ലെഹംഗയാണു ചെയ്തത്, അൽപം പോലും ഹെവിയാകാതെ. ബാജിറാവു മസ്താനിയെന്ന സിനിമയാണു ഫിലിം ഫെയർ അവാർഡ് വാങ്ങിത്തന്നത്, 2016 ൽ. പത്മാവത് സിനിമയ്ക്കു വേണ്ടിയും സഞ്ജയ് ലീല ബൻസാലി സമീപിച്ചിരുന്നു. പക്ഷേ, മൂന്നു വർഷത്തെ പ്രോജക്ടായതിനാൽ സ്വീകരിക്കാൻ കഴിഞ്ഞില്ല. ഒട്ടേറെ ബോളിവുഡ് താരങ്ങൾക്കായി വാർഡ്രോബുകൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്.

2018 ബ്രൈഡൽ കലക്‌ഷൻ

ഒരു വൃന്ദാവനമാണ് ഈ പതിപ്പിലെ വസ്ത്രശേഖരത്തിലൂടെ ഒരുക്കിയത്. രാധയുടെ കൃഷ്ണനുള്ള സമർപണം. ഭക്തിയുടെയല്ല, പാരമ്പര്യത്തിന്റെയും തനിമയുടെയും സംസ്കാരത്തിന്റെയും ആഘോഷമായിരുന്നു ഓരോ വസ്ത്രവും. ഓരോ വധുവിനും ആഘോഷിക്കാനുള്ളതൊക്കെയും വസ്ത്രങ്ങളിലുണ്ട്, കടും നിറങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയില്ലെങ്കിലും.