കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടി പാവകളെ ഏറ്റെടുത്ത് എംഫോര്‍മാരി ബ്രൈഡല്‍ ഫാഷന്‍ വീക്ക്. പ്രളയജലം തകര്‍ത്ത ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിനായി തുടക്കമിട്ട ചേക്കുട്ടി പാവകളെ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ ഡിസൈനര്‍ അഞ്ജു മോദിക്കും സൂപ്പര്‍ മോഡലുകള്‍ക്കും പരിചയപ്പെടുത്തിയത് പ്രശസ്ത ഹെയര്‍ സ്റ്റൈലിസ്റ്റ് അംബിക പിള്ളയായിരുന്നു. കഥകള്‍ അറിഞ്ഞ സൂപ്പര്‍ മോഡലുകളും ചേക്കുട്ടിയുടെ ആരാധകരായി. റാംപിലേക്ക് ഒരുങ്ങുന്നതിനിടയിലുള്ള ഇടവേളകളില്‍ പാവക്കുട്ടികളുടെ നിര്‍മാണത്തില്‍ ഇവര്‍ പങ്കുചേര്‍ന്നു.
ഫാഷന്‍ ലോകത്ത് ചേക്കുട്ടിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി നൂറോളം പാവക്കുട്ടികളെ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ചേക്കുട്ടി പാവകളുടെ വില്‍പനയിലൂടെ കണ്ടെത്തുന്ന പണം ചേന്ദമംഗലം ഗ്രാമത്തിന്റെ അതിജീവന പ്രക്രിയയ്ക്കായിട്ടായിരിക്കും വിനിയോഗിക്കുക. ഈ ആശയം പ്രചരിപ്പിക്കുന്നതിനായി എംഫോര്‍മാരി ബ്രൈഡല്‍ ഫാഷന്‍ വീക്കിന്റെ വേദി വിനിയോഗിക്കുകയാണെന്ന് അംബിക പിള്ള പറഞ്ഞു. 'പ്രളയം ചേന്ദമംഗലത്തെ നെയ്ത്തുകാരെ ബാധിച്ച കാര്യം ഫാഷന്‍ ലോകത്തെ പലര്‍ക്കും അജ്ഞാതമാണ്. നെയ്ത്തുകാരുടെ തറികള്‍ നഷ്ടപ്പെട്ടത് അവര്‍ക്ക് അറിയില്ല. ഇത് ചേന്ദമംഗലത്തുകാരുടെ ഉപജീവനമാര്‍ഗമായിരുന്നുവെന്ന് അവര്‍ക്ക് അറിയില്ല. നെയ്ത്തുകാര്‍ക്ക് ഫാഷന്‍ ലോകത്തിന്റെ പിന്തുണയും സഹായവും ആവശ്യമാണെന്നും അവര്‍ അറിയുന്നില്ല. അവരിലേക്ക് നെയ്ത്തുകാരുടെ അതിജീവനകഥകള്‍ എത്തിക്കുന്നതിനും ഫാഷന്‍ ലോകത്തിന്റെ പിന്തുണ തേടുന്നതിനുമാണ് ചേക്കുട്ടികളെ നിര്‍മിക്കുന്നത്,'- അംബിക പിള്ള വ്യക്തമാക്കി.
സൂപ്പര്‍മോഡല്‍ നയൊണിക ചാറ്റര്‍ജിയായിരുന്നു അംബിക പിള്ളയ്‌ക്കൊപ്പം പാവക്കുട്ടികളുടെ നിര്‍മാണത്തില്‍ പങ്കുചേരാന്‍ ആദ്യമെത്തിയത്. പിന്നീട് സൊണാലികയടക്കമുള്ള മോഡലുകളുമെത്തി. പാവക്കുട്ടിയുടെ പേരും അതിന്റെ അര്‍ത്ഥവും അംബിക പിള്ളയോട് ചോദിച്ചു മനസിലാക്കുകയും ചെയ്തു. ചേന്ദമംഗലം കൈത്തറിയെക്കുറിച്ചും അവര്‍ ചോദിച്ചറിഞ്ഞു. ഒരുക്കത്തിനിടയില്‍ ലഭിച്ച ഇടവേളകളിലെല്ലാം പാവക്കുട്ടികളെ നിര്‍മിക്കാന്‍ എല്ലാവരും ഓടിയെത്തി. എംഫോര്‍മാരി വെഡിങ് വീക്കിന്റെ വേദി അലങ്കരിക്കാന്‍ പല വലിപ്പത്തിലുള്ള നൂറുകണക്കിന് പാവക്കുട്ടികളെയാണ് ഇവര്‍ ഒരുക്കുന്നത്.
നെയ്ത്തുകാരുടെ അവസ്ഥ നേരിട്ടു കണ്ടറിയുന്നതിന് പ്രമുഖ ഡിസൈനറായ അഞ്ജു മോദിയും സംഘവും ശനിയാഴ്ച ചേന്ദമംഗലം സന്ദര്‍ശിക്കും. കേരളത്തിലുള്ള സുഹൃത്തുക്കളില്‍ നിന്ന് ചേന്ദമംഗലത്തെ നെയ്ത്തുകാരെക്കുറിച്ച് അറിഞ്ഞ അഞ്ജു മോദി അവരുടെ അതിജീവനശ്രമത്തില്‍ പങ്കാളിയാകുമെന്നും വ്യക്തമാക്കി.