സ്വയംവരത്തിനായി ഒരുങ്ങി നില്‍ക്കുന്ന രാജകുമാരികളെപ്പോലെ റോസാപ്പൂക്കളാല്‍ അലംകൃതമായ വേദിയിലേക്ക് അവര്‍ ഒഴുകിയിറങ്ങി. ഒട്ടും തിടുക്കമില്ലാതെ വിവാഹ മണ്ഡപത്തിലേക്കു നടന്നു കയറുന്ന വധുവായി മാറുകയായിരുന്നു റാംപിലെത്തിയ ഓരോ സുന്ദരികളും. എംഫോര്‍മാരി. കോം വെഡിങ് ഫാഷന്‍ വീക്കിന്റെ രണ്ടാം ദിനത്തില്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ തരുണ്‍ താഹിലിയാനി അവതരിപ്പിച്ച ബ്രൈഡല്‍ കലക്‌ഷൻ കാണികളുടെ മനം കവര്‍ന്നു.
ഇന്ത്യയുടെ രാജകീയ പ്രൗഢിയും ചിത്രകലാ പാരമ്പര്യവും സമന്വയിപ്പിച്ച് തരുണ്‍ തെഹ്‌ലാനി ഒരുക്കിയ വസ്ത്രവിസ്മയം അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കടുംചുവപ്പില്‍ തുടങ്ങി പേസ്റ്റല്‍ പിങ്ക് നിറങ്ങളുടെ വശ്യത ഒപ്പിയെടുത്ത ബ്രൈഡല്‍ കലക്ഷന്‍ ഇന്ത്യന്‍ വസ്ത്രപാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതി. ആധുനിക വധുവിന്റെ ആത്മവിശ്വാസവും പരമ്പരാഗത വധുവിന്റെ ലജ്ജയും ഒരേ വേദിയില്‍ അനാവരണം ചെയ്യപ്പെടുകയായിരുന്നു. എണ്ണഛായാചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ഓരോ ചലനവും അവയ്ക്കിടയിലുള്ള നിശ്ചലഭാവങ്ങളും.
സ്‌നേഹം ചേര്‍ത്തു നെയ്‌തെടുത്ത ലെഹംഗകളില്‍ ആരേയും മോഹിപ്പിക്കുന്ന ചിത്രപ്പണികള്‍. ചുവപ്പിന്റെ കയറ്റിറക്കങ്ങളില്‍ സുവര്‍ണനൂലുകൊണ്ട് തുന്നിയെടുത്ത ഡിസൈനുകളില്‍ ഇന്ത്യയുടെ മുഗള്‍ ചിത്രകലാപാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുകള്‍ നിറഞ്ഞു.പരമ്പരാഗത വധുവിന്റെ ഇഷ്ടനിറമായ ചുവപ്പില്‍ ഇത്രയധികം വൈവിധ്യം സാധ്യമാണോയെന്ന് അമ്പരപ്പിക്കുന്ന വിധമായിരുന്നു തരുണിന്റെ വിവാഹ വസ്ത്രശേഖരം.
സൂപ്പര്‍ മോഡലുകളായ ലക്ഷ്മി റാണ, സൊനാലിക സഹായ്, ഐശ്വര്യ സുസ്മിത, ഹേമാംഗി പാര്‍തേ, സോണി കൗര്‍, നയോനിക ചാറ്റര്‍ജി എന്നിവരടങ്ങുന്ന പത്തു സുന്ദരികള്‍ ചുവപ്പിന്റെ രാജകുമാരികളായി റാംപില്‍ അണി നിരന്നു.
ഇവരെ സാക്ഷിയാക്കി തരുണ്‍ തെഹ്‌ലാനി വേദിയിലെത്തി. വിവാഹ വസ്ത്രങ്ങളുടെ രൂപകല്‍പനയില്‍ തന്നെ സ്വാധീനിക്കുന്ന കാഴ്ചകളും അനുഭവങ്ങളും അദ്ദേഹം കൊച്ചിയിലെ ഫാഷന്‍ ആരാധകരുമായി പങ്കു വച്ചു. അതിനുശേഷമായിരുന്നു സദസിനെ അമ്പരപ്പിച്ച ക്രിസ്റ്റല്‍ കാഴ്ചകളുടെ അരങ്ങേറ്റം.
ഇളം നിറങ്ങളില്‍ നെയ്‌തെടുത്ത ലെഹംഗകളില്‍ വിലയേറിയ ക്രിസ്റ്റലുകള്‍ പതിപ്പിച്ചെടുത്ത വിവാഹ വസ്ത്രശേഖരമായിരുന്നു രണ്ടാം റൗണ്ടിലേക്കായി തരുണ്‍ തെഹ്ലാനി കരുതി വച്ചത്. റാംപിലെ വെള്ളിവെളിച്ചത്തില്‍ തരുണ്‍ തെഹ്‌ലാനിയുടെ ക്രിസ്റ്റല്‍ ബ്രൈഡല്‍ കലക്‌ഷൻ ധരിച്ചെത്തിയ സുന്ദരിമാര്‍ നക്ഷത്രലോകത്തിലെ രാജകുമാരികളെപ്പോലെ വെട്ടിത്തിളങ്ങി.
ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഷോ സ്റ്റോപ്പര്‍ ബോളിവുഡ് താരം കിയാര അദ്വാനി എത്തി. ഇളം പിങ്ക് നിറത്തിലുള്ള ലെഹംഗയും കുന്ദന്‍ ആഭരണങ്ങളും അണിഞ്ഞാണ് കിയാരയെത്തിയത്. കരഘോഷത്തോടെ കിയാരയെ കാണികള്‍ വരവേറ്റു.
ഫാഷന്‍ പ്രേമികളുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയാണ് എംഫോര്‍മാരി.കോം വെഡിങ് ഫാഷന്‍ വീക്കിന്റെ രണ്ടാം ദിനത്തിനു തിരശീല വീണത്. ആധുനിക വധുവിന്റെ മാറുന്ന വസ്ത്രസങ്കല്‍പങ്ങളെ അനാവരണം ചെയ്യുന്ന കലക്ഷനാണ് മൂന്നാം ദിനത്തെ സമ്പന്നമാക്കാന്‍ തയ്യാറെടുക്കുന്നത്.
പ്രമുഖ ഡിസൈനര്‍ ഗൗരവ് ഗുപ്തയായിരിക്കും അവസാന ദിവസത്തെ വിസ്മയിപ്പിക്കാന്‍ എത്തുന്നത്. പുതിയ കാലത്തിന്റെ അഴകേറും വിവാഹ വസ്ത്രശേഖരം അനാവൃതമാകാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം. കൊച്ചിയിലെ ലേ മെറീഡിയനിലെ വേദിയിലേക്കാണ് ഇനി എല്ലാ കണ്ണുകളും.