മലയാളിപ്പെണ്ണാകണമെങ്കിൽ സാരിയുടുക്കണം, മുല്ലപ്പൂ ചൂടണം, അടക്കവും ഒതുക്കവുമുള്ള വസ്ത്രം ധരിക്കണം. ഈ വാക്കുകളൊക്കെ മലയാളിപ്പെണ്ണ് കേട്ടോ? കേട്ടെങ്കിൽ ഇന്നു കാണുന്ന ചുരിദാറും ലെഗ്ഗിങ്സും ജീൻസുമെല്ലാം എന്നേ കേരളക്കര വിട്ടേനെ ! മലയാളി സ്ത്രീകൾ കേൾക്കുന്നത് മറ്റുള്ളവരുടെ വാക്കുകളല്ല സ്വന്തം മനസിനെയാണ്.
കേരളം പിറന്ന് 62 വർഷത്തിനിടെ മലയാള സ്ത്രീയുടെ വസ്ത്രസങ്കൽപ്പത്തിൽ വന്ന മാറ്റങ്ങൾക്കു സാരിയോളം അഴകുണ്ട്, അതിലേറെ സൗകര്യവും. വേണ്ടെന്നും അരുതെന്നും പറഞ്ഞു സമൂഹം വിലക്കുകൽപ്പിച്ച പലതും ഇന്നു മലയാള സ്ത്രീകൾ കൂടെ കൊണ്ടു നടക്കുന്നു. മാറുപോലും മറയ്ക്കാൻ വിലക്കുണ്ടായിരുന്ന കാലത്തു നിന്നു മനം നിറയ്ക്കുന്ന വസ്ത്രമെന്ന ചിന്തയിലേക്കെത്തി മലയാളി.
കേരളത്തിൽ വലിയ കോലാഹലങ്ങളുണ്ടാക്കിയ വസ്ത്രങ്ങളായിരുന്നു ചുരിദാറും, ലെഗ്ഗിങ്സും, ജീൻസും. ചുരിദാറിനെ ഉത്തരേന്ത്യനെന്നും ലെഗ്ഗിങ്സിനെ അടിവസ്ത്രമെന്നും ജീൻസിനെ പരിഷ്കാരിയെന്നും വിളിച്ചു ചിലർ. പക്ഷേ, മലയാളി പെൺകുട്ടികൾ അവർ നൽകിയ സൗകര്യത്തെ സ്വീകരിച്ചു, സ്നേഹിച്ചു. സാരി നൽകുന്ന പ്രൗഡിയെ വേണ്ടെന്നു വച്ചതുമില്ല.
വർഷങ്ങൾക്കു മുൻപ് ചുരിദാർ വേണോ സാരി വേണോ എന്നൊരു കൺഫ്യൂഷനിലായിരുന്നു മലയാളി. ചുരിദാർ ഉത്തരേന്ത്യനാണ് നമ്മൾ മലയാളികൾ സാരിയുടെ ബ്രാൻഡ് അംബാസഡർമാരും. ‘‘ചുരിദാർ അണിഞ്ഞ് പ്രായം കുറയ്ക്കേണ്ട, സാരിയെടുക്കുന്ന ഐശ്വര്യം വേറെ എവിടെ കിട്ടാനാ’’ ഈ വാക്കുകൾക്കു മുന്നിൽ സ്വന്തം സൗകര്യവും സന്തോഷവും അടിയറ വച്ചില്ല മലയാളി. ഇന്നു ടീനേജുകാർ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതുമായ വസ്ത്രമാണ് ചുരിദാർ. കഴുകി സൂക്ഷിക്കാനും ധരിക്കാനും എളുപ്പം. ജോലി സ്ഥലത്തേക്കുള്ള ഓട്ടപ്പാച്ചിലിൽ മലയാളിയെ ഇത്രയേറെ സന്തോഷിപ്പിച്ച വസ്ത്രം വേറെയില്ലെന്നു പറയാം. പിന്നെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരമായിരുന്നു. അതിലും ചുരിദാർ വിജയിച്ചു. സ്കൂളിലെ ടീച്ചർമാരും ഒടുവിൽ അമ്പല നടയും ചുരിദാറിനു സ്വാഗതമരുളി. ചുരിദാറിനെക്കാൾ സുന്ദരി നീ സാരിയിലാണെന്നു കിന്നാരം പറഞ്ഞ ഭർത്താക്കൻമാരുടെ വാക്കുകളിലും അവൾ വീണില്ല. കാരണം അവൾക്കു പ്രധാനം കംഫർട്ട് ആയിരുന്നു.
ചുരിദാറിൽ നിന്നു കുർത്തയുടെയും ലെഗ്ഗിങ്സിന്റെയും ആശ്വാസത്തിലേക്കു ചേക്കേറിയിട്ട് അധികകാലം ആയില്ല. ലെഗ്ഗിങ്സ് മലയാളികളുടെ വസ്ത്രമല്ല, അടിവസ്ത്രമാണ് എന്നു പറഞ്ഞ് ആക്ഷേപിച്ചവരോടു പോയി പണി നോക്കാൻ പറഞ്ഞു പെൺകൊടികൾ. സ്വന്തം സൗകര്യമാണ് വലുതെന്നു സ്വയം പ്രഖ്യാപിച്ചു.
ആ പ്രഖ്യാപനം ലെഗ്ഗിങ്സിന്റെ പുതിയ താരോദയം കൂടെയായി. പ്രിന്റഡ്, ആങ്കിൾ ലെങ്ത് എന്നിങ്ങനെ സൗകര്യത്തിനും സൗന്ദര്യത്തിനും അനുസരിച്ചു രൂപം മാറി ലെഗ്ഗിങ്ങ്സും. തുന്നാൻ കടയായ കടയെല്ലാം കയറി ഇറങ്ങി മടുത്തപ്പോൾ ശരീരത്തെ തഴുകി കിടക്കുന്ന റെഡിമെയ്ഡ് കുർത്തകളെ പ്രണയിച്ചു. അതോടെ മലയാള മണ്ണ് ചുരിദാറിൽ നിന്നു കുർത്തയിലേക്കും ചുവടുവച്ചു.
ഇവിടെയൊക്കെയുണ്ടായിരുന്നെങ്കിലും ജീൻസ് സ്ത്രീകളുടെ കണ്ണിൽ നിന്ന് അകലം പാലിച്ചു. കാരണം ഇട്ടവൾ പരിഷ്ക്കാരിയായി, അഹങ്കാരിയായി. ജീൻസ് ധരിക്കുന്ന പെൺകുട്ടിയാണ് എന്നു പറഞ്ഞു കല്യാണം മുടങ്ങിയപ്പോൾ ജീൻസ് അവളിൽ ആത്മവിശ്വാസം നിറച്ചു. ടീനേജുകാർ പോലും ജീൻസിനെ പുൽകാൻ പേടിച്ച നാളുകളിൽ നിന്ന് ഇന്ന് നാൽപതിനു മുകളിൽ പ്രായമുള്ളവർ പോലും ജീൻസിന്റെ ആരാധകർ. യാത്രകളിൽ സന്തത സഹചാരിയായി ജീൻസ്. സാധാരണ ജീൻസിൽ നിന്ന് ജഗ്ഗിങ്സ്, ആങ്കിൾ ലെങ്ത്, ബൂട്ട് കട്ട്, സ്‌ലിം ഫിറ്റ് എന്നിങ്ങനെ പുതിയ രൂപങ്ങൾ തേടി ജീൻസും മലയാളി പെണ്ണും.
എന്തൊക്കെ ആരോപണങ്ങൾ ഉയർന്നാലും മലയാളി സ്ത്രീകളെ സംബന്ധിച്ച് കംഫർട്ടാണ് പ്രധാനം. എവിടെ അവർ ആഗ്രഹിക്കുന്ന ആശ്വാസം കിട്ടുന്നുവോ അതിനെ മലയാളി സ്ത്രീ സ്വന്തമാക്കും ആത്മാർഥമായി.
ശാലിനി ജയിംസ് (മന്ത്ര)
സമൂഹം ആവശ്യപ്പെടുന്ന അടക്കവും ഒതുക്കവും മുറുകെ പിടിക്കുന്നതായിരുന്നു എൺപതുകളിലെ മലയാളികളുടെ ഫാഷൻ. തൊണ്ണൂറുകളിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യാനും പുറത്തിറങ്ങാനും തുടങ്ങിയതോടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ മാറിക്കൊണ്ടിരുന്നു. കംഫർട്ട് എന്നതിനു പ്രാധാന്യം വന്നു. വളരെ പെട്ടെന്നു തന്നെ സൽവാർ–കുർത്ത–ദൂപ്പട്ട കോംബിനേഷൻ കേരളത്തിൽ തരംഗമായി. സാരിയെ അപേക്ഷിച്ച് കൂടുതൽ സൗകര്യപ്രദവുമായിരുന്നു ഇത്. സാങ്കേതിക വിദ്യ വിപുലമായതോടെ ടിവി, സിനിമ, യാത്ര തുടങ്ങിയവയിലൂടെ ഫാഷനെ കുറിച്ച് മലയാളികൾ കൂടുതൽ ബോധവാൻമാരായി. അതിനെ പെട്ടെന്നു സ്വീകരിക്കാനുള്ള തുറന്ന മനസും ഉണ്ടായിരുന്നു. ബൂത്തീക് തരംഗവും പെട്ടെന്നു പടർന്നു പന്തലിച്ചു. ധോത്തി പാന്റും ഞൊറികളുള്ള പാന്റുമെല്ലാം ചുരിദാറുകൾക്കൊപ്പം മാറി വന്നു. എ ലൈനിൽ നിന്നു സ്ട്രെയ്റ്റ് കട്ടിലേക്കും വെയ്സ്റ്റ് കട്ടിലേക്കും ലൂസ്, ബോക്സി സ്റ്റൈലിലേക്കും കുർത്ത വളർന്നു. റെഡിമെയ്ഡ് ലെഗ്ഗിങ്സിനെ പോപ്പുലറാക്കിയത് അവയുടെ ലഭ്യത തന്നെയാണ്. ഏതു കളറിലും സൈസിലും എവിടെയും കിട്ടും. കഴുകാനും ഉപയോഗിക്കാനും എളുപ്പം. മലയാളികൾ ഫാഷൻ ലോകത്തെ ഓരോ ചലനങ്ങളും വളരെ വേഗത്തിൽ അറിയുന്നവരാണ്. പുതിയ ട്രെൻഡുകൾ അവർ സ്വന്തമാക്കുന്നു. കംഫർട്ടിന് അപ്പോഴും രണ്ടാം സ്ഥാനമാണ്. ഫാഷനെ കുറിച്ച് ധാരണയുള്ള സമൂഹം സാമൂഹ്യപക്ഷപാതങ്ങളെ മാറ്റി നിർത്തുകയാണ് ചെയ്യുന്നത്.