കൊച്ചുണ്ണിയും പക്കിയും കൂട്ടാളികളും കൊട്ടകങ്ങളില്‍ തിമര്‍ത്താടുകയാണ്. കേരളം സ്‌നേഹിച്ചൊരു കള്ളന്റെയും അവന്റെ ചങ്കായ ചങ്ങാതിയുടെയും ഇതിഹാസ തുല്യമായ കഥ പറഞ്ഞ സിനിമ കായംകുളം കൊച്ചുണ്ണിയില്‍ സംവിധായകനേയും നിര്‍മാതാവിനേയും കാമറാമാനേയുമൊക്കെ പോലെ അംഗീകരിക്കപ്പെടേണ്ട ഒരാളാണ് കോസ്റ്റ്യൂം ഡിസൈനറും. കാരണം അഭിനയിച്ചാല്‍ മാത്രം പോരല്ലോ, ലുക്കില്ലെങ്കില്‍ പിന്നെന്തു കാര്യം. മോഹന്‍ലാലും നിവിന്‍ പോളിയും നയിക്കുന്ന താരനിരകൊണ്ടും കഥാപാത്രങ്ങളുടെ എണ്ണം കൊണ്ടും ബൃഹത്തായ ഒരു ചിത്രത്തില്‍ കോസ്റ്റ്യൂം ഡിസൈനര്‍ക്കു വലിയ വെല്ലുവിളികളാണുള്ളത്. ടേക്ക് ഓഫിലെ സമീറയെ അണിയിച്ചൊരുക്കിയ ധന്യ ബാലകൃഷ്ണനാണ് കൊച്ചുണ്ണിയ്ക്കും പക്കിയ്ക്കും വേണ്ട വസ്ത്രങ്ങളും ബെല്‍റ്റും തൊപ്പിയും ചെരുപ്പുമൊക്കെ തയാറാക്കിയത്. പതിനെട്ടാം നൂറ്റാണ്ടിലേക്കു തിരിഞ്ഞു നടന്ന് അന്നത്തെ ശൈലിയ്ക്കനുസരിച്ചുള്ള കുപ്പായങ്ങളും മറ്റും തേടിപ്പോയതിന്റെ കഥ ധന്യ പറയുന്നു.
കളിയാക്കാനാണെന്നു കരുതി!
ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല ഇങ്ങനെയൊരു പ്രോജക്ട്. ഒരു ദിവസം വൈകുന്നേരം ഒരു കോള്‍ വന്നു. റോഷന്‍ ആന്‍ഡ്ര്യൂസ് ആണെന്നു പരിചയപ്പെടുത്തി. ഞാനൊരു ചരിത്ര സിനിമ ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമാകാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചു. ടേക്ക് ഓഫില്‍ ഞാന്‍ നല്‍കിയ കോസ്റ്റ്യൂംസ് ഇഷ്ടമായി. അതു കണ്ടിട്ടാണ് ഈ പ്രോജക്ടിലേക്കു വിളിച്ചത് എന്നും പറഞ്ഞു. ആദ്യമൊന്നും എനിക്കു വിശ്വസിക്കാനായില്ല . ആരോ പറ്റിക്കാന്‍ വേണ്ടി വിളിച്ചതാണെന്നേ കരുതിയുള്ളൂ. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. അപ്പോഴാണ് കളിയല്ലെന്ന് കുറച്ചെങ്കിലും വിശ്വാസം ആയത്. അദ്ദേഹം എല്ലാം പറഞ്ഞിട്ടുണ്ടല്ലോ. ഓകെ ആണല്ലോ. എന്നാണ് സംസാരിക്കാനാകുക എന്നു ചോദിച്ചു. ഞാന്‍ രണ്ടു ദിവസം കഴിഞ്ഞ് ചെല്ലാം എന്നു പറഞ്ഞു.
അവിടെ ചെല്ലുമ്പോള്‍ വലിയൊരു റിസര്‍ച്ച് വിങ് തന്നെയുണ്ടായിരുന്നു. ചിത്രത്തിനു വേണ്ടി ഗവേഷണം നടത്തുന്ന വലിയ കൂട്ടം. പക്ഷേ റോഷന്‍ സര്‍ പറഞ്ഞത് അവരില്‍ നിന്നുള്ള വിവരങ്ങള്‍ കൂടാതെ എന്റേതായ രീതിയില്‍ അന്വേഷിക്കണം എന്നായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന കഥയാണ്. യഥാര്‍ഥ കഥാപാത്രത്തിന്റെ ഒരു ചിത്രം പോലും ഇല്ല. ആകെയുള്ളത് പുസ്തകങ്ങളില്‍ നിന്നുള്ള വിവരവും കുറച്ച് പെയിന്റിങ്ങുകളും ആയിരുന്നു. ഇതിനു വേണ്ടി മ്യൂസിയങ്ങളും കൊട്ടാരങ്ങളുമൊക്കെ സന്ദര്‍ശിച്ചു. അതില്‍ നിന്നൊക്കെ കിട്ടിയ വിവരം അനുസരിച്ചാണ് കൊച്ചുണ്ണിയിലെ ഓരോ കഥാപാത്രത്തിനും വേണ്ടിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മറ്റു വസ്തുക്കളുമൊക്കെ ഡിസൈന്‍ ചെയ്തത്.
ക്രിയാത്മകമായ ഒരുപാട് ചർച്ചകൾ നടന്നൊരു ചിത്രമാണ്. എല്ലാ സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. റോഷന്‍ സാര്‍ എങ്ങനെയാണ് ചിത്രീകരണം നടത്താന്‍ പോകുന്നത് എന്നു പറഞ്ഞു തന്നിരുന്നു. എന്താണ് ഓരോരുത്തരിൽ നിന്നു വേണ്ടതെന്നു സാറിന് കൃത്യമായി അറിയാമായിരുന്നു. അത് കംഫര്‍ട്ടബിള്‍ ആക്കുന്നതിനോടൊപ്പം അല്പം വെല്ലുവിളി നിറഞ്ഞതുമായിരുന്നു.
അവസാനം വരെയും തുന്നലും അലക്കലും!
ചിത്രത്തിലെ കഥ നടക്കുന്ന കാലത്ത് സ്ത്രീകള്‍ക്കു മാറു മറയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. പക്ഷേ നമുക്ക് ചിത്രത്തില്‍ അത്തരത്തിലൊന്നു കാണിക്കാനും സാധിക്കില്ല. അതുകൊണ്ട് തൊട്ടടുത്ത കാലത്തെ സ്റ്റൈല്‍ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. അതാകട്ടെ എര്‍ത്തി ടോണ്‍സിലുള്ള നിറങ്ങളിലെ വസ്ത്രങ്ങളുമായിരുന്നു. സംവിധായകനോടും ഛായാഗ്രാഹകനോടും ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരും ആ ആശയത്തോട് യോജിച്ചു. വസ്ത്രങ്ങളുടെ ടോണും ടെക്‌സ്ചറും തിരഞ്ഞെടുത്തത് അങ്ങനെയാണ്.
ബാംഗ്ലൂര്‍, ചെന്നൈ, പയ്യന്നൂര്‍ ഖാദി എന്നിവടങ്ങളില്‍ നിന്നായിരുന്നു കഥാപാത്രങ്ങള്‍ക്കു വേണ്ട വസ്ത്രങ്ങൾ വാങ്ങിയത്. ലിനന്‍, കോട്ടണ്‍ തുണികള്‍ വാങ്ങി നമുക്കു വേണ്ട നിറങ്ങള്‍ നല്‍കുകയായിരുന്നു. ഇതിനു വേണ്ടി മാത്രം ഒരു ടീം തന്നെ ഉണ്ടായിരുന്നു. മുഹമ്മദ് ആയിരുന്നു അതിനു നേതൃത്വം നല്‍കിയത്. ശ്രമകരമായ ജോലിയായിരുന്നു. അഞ്ചു ജോഡി വസ്ത്രങ്ങള്‍ക്കു മാത്രമേ ഒറ്റത്തവണ നിറം നല്‍കാനാകൂ. അടുത്ത തവണ നിറം നൽകുമ്പോൾ ആദ്യത്തേതിനു സമാനമായ മിശ്രിതം തയാറാക്കാന്‍ പാടായിരുന്നു. ഒരു തുള്ളി രാസവസ്തു മാറിപ്പോയാല്‍ മതി നിറം വേറെയാകാൻ. അങ്ങനെ പലവട്ടം ശ്രമിക്കേണ്ടി വരും.
ഉപയോഗിച്ച വസ്ത്രങ്ങള്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്നു തോന്നിക്കാന്‍ വലിയ ജോലി തന്നെയുണ്ടായിരുന്നു. വസ്ത്രം രാസവസ്തുവിൽ മുക്കി വെയിലത്ത് ഉണക്കുക, സാന്‍ഡ് പേപ്പര്‍ വച്ച് ഉരസുക, തറയില്‍ ഇട്ട് അടിക്കുക അങ്ങനെയുള്ള പരിപാടികള്‍. ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. അഞ്ഞൂറോളം വസ്ത്രങ്ങളാണ് അവര്‍ക്ക് ഓരോ ദിവസവും നല്‍കിയിരുന്നത്. അതില്‍ മുഷിഞ്ഞ ലുക്ക് ഉള്ളതും കീറിയതും ഒക്കെയുണ്ടാകും. അതുകൊണ്ടു തന്നെ ഒരു തവണ ഉപയോഗിച്ച ശേഷം അത് അവര്‍ കളയുമായിരുന്നു. അവരുടെ കണ്ണില്‍ അത് മുഷിഞ്ഞു കീറിയ വസ്ത്രങ്ങള്‍ മാത്രമാണ്. പക്ഷേ അങ്ങനെയാക്കാൻ ഒരു വലിയ ടീം രാപ്പകല്‍ അധ്വാനിക്കുകയായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. കളയുകയോ അല്ലെങ്കില്‍ നന്നായി കഴുകി ഉള്ള നിറം എല്ലാം കളഞ്ഞ് തിരിച്ചു തരികയോ ആയിരുന്നു പതിവ്. നമ്മള്‍ വീണ്ടും അതിനു നിറം മുക്കണം. അഞ്ഞൂറ് വസ്ത്രങ്ങള്‍ വിതരണം ചെയ്താല്‍ 50 എണ്ണത്തോളം തിരികെ കിട്ടില്ല. വീണ്ടും എണ്ണം തികയ്ക്കാനുള്ള ശ്രമം. തുന്നലും കളര്‍ നല്‍കലും ഷൂട്ടിങിന്റെ അവസാന ദിനം വരെയും തുടർന്നു.
ജാനകി 'സ്പെഷൽ', കാരണം...
കഥാപാത്രങ്ങളുെട വസ്ത്രങ്ങളുടെ കളര്‍ പാലെറ്റ് ഗ്രേ, ബ്ലാക്ക്, ഇന്‍ഡിഗോ, ബ്രൗണ്‍, ഗ്രേ തുടങ്ങിയ എര്‍ത്തി ടോണ്‍സ് ആയിരുന്നു. അത് അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തിരഞ്ഞെടുത്തതാണ്. പക്ഷേ ജാനകി എന്ന കഥാപാത്രത്തിനു മാത്രം ബ്ലൂ ആണ്. കാരണം ജാനകിയെ കടത്തിക്കൊണ്ടു പോകുന്നുണ്ട്. അത് ചിത്രത്തില്‍ ഇല്ല. ചൈനീസ് മാര്‍ക്കറ്റില്‍ അവളെ അടിമ വ്യാപാരത്തിനായി കൊണ്ടുപോകുന്നുണ്ട്. നല്ല വില കിട്ടുന്നതിനായി അവരുടെ സംസ്‌കാരത്തിലേക്ക് അവളെ മാറ്റുന്നുണ്ട് . അതുകൊണ്ടാണ് അവള്‍ക്കു മാത്രം ബ്ലൂ നിറം വരുന്നത്. ഇതെല്ലാം റോഷന്‍ സാറിന്റെ അഭിപ്രായത്തിന് അനുസരിച്ച് ചെയ്തതാണ്. സര്‍ പറയുന്നത്, ഇതൊരു ചരിത്ര സിനിമയാണെങ്കിലും അതിലൊരു സിനിമാറ്റിക് ഭംഗി വേണമെന്ന്. അതുകൊണ്ട് കുറച്ചു ഫിക്ഷന്‍ കൂടി ചേര്‍ത്തിട്ടുണ്ട്. യഥാർഥ കായംകുളംകാര്‍ക്ക് ഇതല്ലല്ലോ ഞങ്ങളുടെ നാട് എന്നൊക്കെ തോന്നുന്നത് ആ സിനിമാറ്റിക് ഭംഗി ഉള്‍ക്കൊള്ളിച്ചതു കൊണ്ടാണ്.
കടുപ്പമായിരുന്നു കടുക്കന്‍ പോലും!
ഇത്രയധികം കഥാപാത്രങ്ങള്‍ ഉള്ളതുകൊണ്ടു തന്നെ രണ്ടു മാസം മുന്‍പേ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയിരുന്നു. ഇത്രയും കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള വസ്ത്രങ്ങളും വസ്തുക്കളും സംഘടിപ്പിക്കുക എളുപ്പമായിരുന്നില്ല. വസ്ത്രങ്ങള്‍ ഏത് തരത്തിലുള്ളതാകണമെന്നു കണ്ടെത്തിക്കഴിഞ്ഞതിനു ശേഷമുള്ള സമയമാണിത്. തുണി വാങ്ങി കളര്‍ ചെയ്തു തയ്ച്ചെടുത്ത് അതില്‍ കാലപ്പഴക്കം വരുത്തി എടുക്കുകയായിരുന്നല്ലോ.
തുണി തയ്‌ച്ചെടുക്കാനും വലിയൊരു സംഘമുണ്ടായിരുന്നു. കാരണം അന്നത്തെക്കാലത്തെ തുണികളിലോ ബെല്‍റ്റുകളിലോ മറ്റു വസ്തുക്കളിലോ മെഷീന്‍ സ്റ്റിച്ചിങ് ഇല്ല. അതുകൊണ്ട് തുണികളെല്ലാം പ്രത്യേകിച്ചു കേന്ദ്ര കഥാപാത്രങ്ങളുടേതെല്ലാം കൈ കൊണ്ടായിരുന്നു തുന്നിയത്. അങ്ങനെ വരുമ്പോള്‍ ഒരു വസ്ത്രം ചെയ്‌തെടുക്കാന്‍ 3-4 മണിക്കൂറുകള്‍ വേണ്ടി വരുമായിരുന്നു.
അതുപോലെ കൊച്ചുണ്ണിയുടേയും പക്കിയുടേയും ബെല്‍റ്റും ചെരുപ്പും കടുക്കനുമെല്ലാം ചെന്നൈയില്‍ നിന്ന് ഒരാളെ കൊണ്ടു പറഞ്ഞു ചെയ്യിപ്പിച്ചതാണ്. ബെല്‍റ്റും ചെരുപ്പും എല്ലാം തുന്നുന്നത് ആയിരുന്നില്ല. നമ്മള്‍ എത്ര പറഞ്ഞാലും അവര്‍ ചിലപ്പോഴൊക്കെ മെഷീന്‍ സ്റ്റിച്ചിങ് ഉപയോഗിക്കും. വീണ്ടും അത് മാറ്റിക്കേണ്ടി വരും. കടുക്കനായിരുന്നു ഏറ്റവും കടുപ്പം. ഇത്രയും പേര്‍ക്കുള്ള കടുക്കന്‍ ചെയ്യിക്കണ്ടേ.
'സ്റ്റൈലിഷ്' പക്കി
പക്കിയുടെയും കൊച്ചുണ്ണിയുടേയും വസ്ത്രങ്ങൾ മുണ്ടും കുപ്പായവും ആണെന്നായിരുന്നു ആദ്യം കരുതിയത് . പക്കി ആരാണ് എന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. പിന്നീട് പക്കി ആരാണെന്ന് നിശ്ചയിച്ചതിനു ശേഷമാണ് വസ്ത്രത്തില്‍ മാറ്റം വരുത്തിയത്. അതിനു റോഷന്‍ സര്‍ തന്ന പിന്തുണ വലുതായിരുന്നു.
പക്കിയാണെങ്കില്‍ പല സംസ്‌കാരങ്ങളുമായി കൂടിച്ചേര്‍ന്നു നില്‍ക്കുന്നൊരാളാണ്. അദ്ദേഹത്തിന്റെ കൂട്ടാളികളും അങ്ങനെ തന്നെ. വിവിധ രാജ്യങ്ങളിലെ നാവികരുമായി അടുത്ത ബന്ധമുള്ളയാളാണ് പക്കി. അദ്ദേഹം അണിഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഒന്നുകില്‍ അവര്‍ കൊടുത്തതോ അല്ലെങ്കില്‍ മോഷ്ടിച്ചതോ ആകാം. അതുകൊണ്ട് പല തരത്തിലുള്ള സംസ്‌കാരം ഇഴചേരണം. കോട്ടണും ഖാദിയും ലിനനുമാണ് ഉപയോഗിച്ചത്.
പക്കിയുടെ പാന്റ് പണ്ടത്തെ ബ്രിട്ടിഷ് പട്ടാളത്തിന്റെ സ്റ്റൈലിലാണ് ചെയ്തിരിക്കുന്നത്. മേല്‍ക്കുപ്പായം സാധാരണക്കാരുടേതും. മേല്‍ക്കുപ്പായത്തിന്റെ ടെക്‌സ്ചര്‍ മാറ്റിയപ്പോഴാണ് അതിനൊരു വ്യത്യസ്ത ലുക്ക് വന്നത്. അദ്ദേഹത്തിനു നല്‍കിയിരിക്കുന്ന വസ്ത്രമായാലും ആക്‌സസറീസ് ആയാലും വെറുതെ നല്‍കിയിരിക്കുന്നതല്ല. അതിന് എന്തെങ്കിലുമൊരു ഉപയോഗം കാണും. കയ്യില്‍ അണിഞ്ഞിരിക്കുന്നതിലായാലും തലയില്‍ കെട്ടിയതിനായാലും എന്തെങ്കിലുമൊരു ഉപയോഗം കാണും. ഒരു കത്തി വയ്ക്കാനുള്ള ഇടമെങ്കിലും കാണാം. അവിടെ നിന്നൊക്കെ കത്തി വലിച്ചൂരിയുള്ള സ്‌റ്റൈലന്‍ ഫൈറ്റ് കുറേയുണ്ട്. അതുപോലെ സ്‌കാര്‍ഫിന് നല്ല നീളം നല്‍കിയിട്ടുണ്ട്. ആ സ്‌കാര്‍ഫ് അദ്ദേഹം പലപ്പോഴും ഫൈറ്റ് ചെയ്യാനും മറ്റും ഉപയോഗിക്കുന്നതു കൊണ്ടാണത്. അദ്ദേഹത്തിന്റെ ചെരുപ്പ് തടിയില്‍ തീര്‍ത്തതാണ്.
കൊച്ചുണ്ണിയുടെ വസ്ത്രങ്ങളും ആക്‌സസീറീസും ശ്രദ്ധിച്ചാലറിയാം അതിനെല്ലാം കൃത്യമായ ഇടവേളകളില്‍ മാറ്റമുണ്ട്. പക്കിയുടേതു പോലെ ഹെവി വസ്ത്രങ്ങളോ ആക്‌സസറീസോ അല്ല കൊച്ചുണ്ണിയുടേത്. പക്ഷേ ഓരോന്നും ഡിനൈസന്‍ ചെയ്തിരിക്കുന്നത് ഒരു അലങ്കാരത്തിനപ്പുറം അവരുടെ ഉദ്യമത്തിനു സഹായിക്കുന്ന എന്തെങ്കിലുമൊക്കെ സാധനങ്ങള്‍ വയ്ക്കുന്നതിനു വേണ്ടിയിട്ടാണ്.
അതുപോലെ ബാബു ആന്റണി ധാരാളം യാത്ര ചെയ്യുന്ന ഒരു ഓര്‍ത്തഡോക്‌സ് മുസ്ലിം ആണ്. അദ്ദേഹത്തിന്റെ വസ്ത്രധാരണം ഒരു യാത്രികനും പരമ്പരാഗത മുസ്ലിം ശൈലിയ്ക്കും ചേരുന്നപോലെ തിരഞ്ഞെടുത്തു.
ആഗ്രഹിച്ച പോലെ, ലാൽ സാറിനൊപ്പം
ടേക്ക് ഓഫ് ഒക്കെ ചെയ്തു കഴിഞ്ഞ സമയത്ത് ആലോചിക്കുമായിരുന്നു എന്നാണ് ലാല്‍ സാറിനൊപ്പം ഒന്നു ജോലി ചെയ്യാനാകുക എന്ന്. പക്കി ആരാകും എന്നതിനെ കുറിച്ച് കുറേ അഭ്യൂഹങ്ങള്‍ വന്നുപോയിരുന്നു. അവസാനമാണ് അറിയുന്നത് അത് ലാല്‍ സര്‍ ആണ് എന്ന്. ആകെ എക്‌സൈറ്റഡ് ആയി. അപ്പോഴേക്കും നമ്മള്‍ വസ്ത്രങ്ങളിലൊക്കെ കെമിക്കല്‍ ട്രീറ്റ്‌മെന്‌റ് കഴിഞ്ഞിരുന്നു. ആക്‌സസറീസ് ഒക്കെ ഫിക്‌സ് ചെയ്തിരുന്നു. ലാല്‍ സര്‍ അതൊക്കെ അംഗീകരിക്കുമോ എന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ കഥാപാത്രത്തിനു വേണ്ടി എന്ത് ത്യാഗവും അദ്ദേഹം സഹിക്കും, ടെന്‍ഷന്‍ വേണ്ട എന്ന് സിനിമയിലെ മറ്റെല്ലാവരും പറഞ്ഞപ്പോള്‍ കുറച്ച് സമാധാനമായി. എന്നിരുന്നാലും അല്‍പം ടെന്‍ഷനോടെയാണ് അദ്ദേഹത്തെ കാണാന്‍ പോയത്. പക്ഷേ അവര്‍ പറഞ്ഞതു പോലെ അദ്ദേഹത്തിന് അതൊന്നും ഒരു വിഷയം ആയിരുന്നില്ല. എന്നെപ്പോലെ തുടക്കക്കാരിയായ ഒരാളോട് അത്രയേറെ വിനയത്തോടെയും നമ്മുടെ ജോലിയോട് അങ്ങേയറ്റത്തെ ബഹുമാനത്തോടെയുമാണ് അദ്ദേഹം സമീപിച്ചത്.
കുഴപ്പക്കാരന്‍ കൊച്ചുണ്ണി തന്നെ!
ഇതുവരെ ചെയ്ത വര്‍ക്കുകളില്‍ ഏറ്റവും പ്രയാസമായതു കൊച്ചുണ്ണിയുടേത് തന്നെ. കാരണം ഒരുപാട് കഥാപാത്രങ്ങള്‍, കേട്ടുകേള്‍വി മാത്രമുള്ള വസ്ത്രധാരണ രീതിയുമൊക്കെ അല്ലേ. ആ ഓരോ കഥാപാത്രങ്ങള്‍ക്കും വസ്ത്രത്തിലൂടെ നമ്മള്‍ മൂര്‍ച്ചയേകണം. അങ്ങനെയൊരു ചിത്രത്തിലേക്കു വന്നപ്പോള്‍ പക്ഷേ പലരുടെയും ധാരണ പീരിഡ് മൂവി അല്ലേ, അന്നൊക്കെ എന്ത് വസ്ത്രമാ കോറത്തുണി കൊടുത്താലും പോരേ എന്നതായിരുന്നു. കോറത്തുണിയിലേക്കു എത്തുന്നതിനു മുന്‍പേ കുറേ പ്രോസസ് ഉണ്ട്. അത് കഠിനമായിരുന്നു.
ഞാന്‍ എന്റെ കരിയറില്‍ ചെയ്ത ഏറ്റവും വലിയ ചിത്രമാണിത്. അതും വലിയ താരനിരയുള്ള ഒരു ചരിത്ര സിനിമ. അഞ്ച് ആറ് മാസത്തോളം ചിത്രത്തിലെ കോസ്റ്റ്യൂമിനു വേണ്ടിയുള്ള റിസര്‍ച്ചിലായിരുന്നു. ഒമ്പതു മാസം ഷൂട്ടിനു വേണ്ടി എടുത്തു. 162 ദിവസമേ ഷൂട്ടിങിന് എടുത്തുള്ളൂവെങ്കിലും അതിനിടയില്‍ കുറേ ഇടവേളകള്‍ വന്നിരുന്നു. സാധാരണ ഒരു ചിത്രം 30-40 ദിവസമല്ലേ ഷൂട്ട് കാണൂ. അതു കഴിഞ്ഞ് പലരും പലവഴിക്ക് പോകാറാണ് പതിവ്. പക്ഷേ ഇവിടെ ഇക്കാലമത്രയും ഞങ്ങള്‍ ടീം ഒരേ മനസ്സോടെയാണു നിന്നത്. എന്റെ ടീം എന്നു പറയുമ്പോള്‍, രാംദാസ് ചേട്ടന്‍, ഉണ്ണി ചേട്ടൻ, കേശവന്‍ ചേട്ടന്‍, കമറുദ്ദീന്‍ ചേട്ടന്‍, ശശി ചേട്ടന്‍, മേബിള്‍, വിഷ്ണു. ഇവരെല്ലാം ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ എനിക്കു മനസംതൃപ്തി തരുന്ന പോലെ ഈ പ്രോജക്ട് പൂര്‍ത്തീകരിക്കാന്‍ ആകുമായിരുന്നില്ല. കുറേ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ ചിത്രം ഏറ്റെടുത്തതും. ഞങ്ങളാരും ഇതുപോലൊരു ചിത്രം മുൻപ് ചെയ്തിരുന്നില്ല. അതുകൊണ്ട് നന്നായി ചെയ്തു കാണിക്കണം എന്ന് ഞങ്ങള്‍ക്കൊരു വാശി ആയിരുന്നു.
പിന്നെ എന്റെ സര്‍, പ്രവീണ്‍ വര്‍മയാണ് മറ്റൊരു താരം. ഞാനെപ്പോള്‍ ഒന്നു വിഷമിച്ചാലും എന്തെങ്കിലും കണ്‍ഫ്യൂഷന്‍ വന്നാലും സാറിനെയാണ് വിളിക്കാറ്. പണ്ട് അദ്ദേഹം ക്ലാസില്‍ പറഞ്ഞു തന്ന കാര്യങ്ങളുടെ ഗൗരവം എനിക്കേറ്റവും മനസ്സിലായത് ഈ ചിത്രത്തിലാണ്. അതുപോലെ എന്റെ ഭര്‍ത്താവ് മാര്‍ട്ടിനും സഹോദരന്‍ സൂരജും അത്രമാത്രം സഹായിച്ചു. രണ്ടാളും ഫിലിം എഡിറ്റര്‍മാരാണ്. രണ്ടു പേരും ചേര്‍ന്നാണ് എല്ലാ സാധനങ്ങളും വാങ്ങുന്നതിനു സഹായിച്ചത്. പിന്നെ എല്ലാത്തിനും ഉപരിയായി സെപ്ഷല്‍ താങ്ക്‌സ് ടു റോഷന്‍ സര്‍.
പാർവതിയുടെ ഭംഗി കുറച്ച ടേക്ക് ഓഫ്
ശരിക്കും സന്തോഷം തന്ന പ്രോജക്ട് ടേക്ക് ഓഫ് ആണ്. ആ ചിത്രത്തിനു ശേഷമാണ് കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ നന്നായി തിരിച്ചറിയപ്പെട്ടു തുടങ്ങിയതും, എങ്ങനെയാണ് കോസ്റ്റ്യൂം ഡിസൈനറായി നിന്നു കൊണ്ട് ഒരു കഥാപാത്ര രൂപീകരണം നടത്തുന്നതെന്നും മനസ്സിലായത്.
പഠിക്കുന്ന സമയത്ത് കോസ്റ്റ്യൂം ഡിസൈനിങ് എന്നു പറയുന്നത് കഥാപാത്രങ്ങളെ ഏറ്റവും ഭംഗിയായി, സ്റ്റൈലിഷ് ആയി കഥാപാത്രത്തിനു ചേരുന്ന പോലെ അണിയിച്ചൊരുക്കുന്ന പരിപാടിയാണെന്നായിരുന്നു ധാരണ. എന്നാൽ, കോസ്റ്റ്യൂമിലൂടെ എങ്ങനെ കഥാപാത്ര രൂപീകരണം നടത്താം എന്നൊക്കെ മനസ്സിലായത് ടേക്ക് ഓഫില്‍ വര്‍ക്ക് ചെയ്‌തപ്പോഴായിരുന്നു. അതില്‍ പാര്‍വ്വതിയുടെ കഥാപാത്രത്തിനായി അവരുടെ ഉള്ള സൗന്ദര്യം കുറച്ചു കാണിക്കണമായിരുന്നു. ഒരു മുപ്പത് വയസ്സോളം തോന്നിക്കുന്ന, ജീവിതത്തില്‍ കുറേ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയായി അവതരിപ്പിക്കണമായിരുന്നു. അതിനു വേണ്ടി കുറേ നിരീക്ഷണം തന്നെ നടത്തി.
ആ പ്രായത്തിലുള്ള, ആ സാഹചര്യത്തില്‍ ജീവിക്കുന്ന ഒരു നഴ്‌സ് എങ്ങനെയാകും ഡ്രസ് ധരിക്കുക എന്നതിനെ കുറിച്ചൊരു പഠനം. അവര്‍ എത്ര രൂപ വരെയുള്ള ചുരിദാര്‍ വാങ്ങും, അത് എത്ര നാള്‍ ഉപയോഗിക്കും, അങ്ങനെ ഉപയോഗിക്കുമ്പോള്‍ എവിടെയൊക്കെയാകും നിറം മങ്ങുക അങ്ങനെയുള്ള കുറേ കാര്യങ്ങള്‍. അത് അനുസരിച്ചായിരുന്നു വസ്ത്രങ്ങളൊക്കെ സെലക്ട് ചെയ്തത്. അതില്‍ പട്ടാളക്കാരും, തീവ്രവാദികളും, ഒക്കെ അടങ്ങിയ വ്യത്യസ്തതയാര്‍ന്ന കുറേ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. അതിനൊക്കെയും ഇത്തരത്തിലുള്ള പഠനം നടത്തി. ആ ചിത്രം തന്നത് ഒരു തിരിച്ചറിവായിരുന്നു. ഓരോ ചിത്രവും ഇപ്പോള്‍ സെലക്ട് ചെയ്യുന്നത് അതിനെ ആധാരമാക്കിയാണ്. നമുക്ക് പഠിക്കാനും, അറിയാനും എന്തെങ്കിലുമൊക്കെ സ്‌കോപ് ഉണ്ടോ, കോസ്റ്റ്യൂമിലൂടെ കഥാപാത്ര രൂപീകരണത്തിന് സാധ്യതയുണ്ടോ എന്നു നോക്കാറുണ്ട്.
ഡിസൈനിങ് ലോകത്തേക്ക്
എപ്പോഴാണ് ഡിസൈനിങ് ഇഷ്ടം മനസ്സില്‍ കൂടിയതെന്നു കൃത്യമായി അറിയില്ല. പക്ഷേ, പ്ലസ് ടു കഴിഞ്ഞപ്പോള്‍ തന്നെ ഇതാണെന്റെ വഴി എന്നുറപ്പിച്ചിരുന്നു. വീട്ടില്‍ സമ്മതമായിരുന്നില്ല. എന്തായാലും ഡിഗ്രി ഇതു വേണ്ട, വേറെ ഏതെങ്കിലും വിഷയം പഠിക്കൂ എന്നിട്ടാകാം എന്നു പറഞ്ഞു. അങ്ങനെയാണ് കെമിസ്ട്രിയില്‍ ഡിഗ്രി ചെയ്യുന്നത്. അതുകഴിഞ്ഞ് ഞാന്‍ വാശിപിടിച്ച് സെന്റ് തെരേസാസില്‍ ഡിസൈനിങ് കോഴ്‌സ് പഠിക്കാന്‍ വരുന്നത്. അന്നു ഞങ്ങളെ പഠിപ്പിച്ചിരുന്ന അധ്യാപകരില്‍ ഒരാളായിരുന്നു പ്രവീണ്‍ വര്‍മ.
അന്ന് അദ്ദേഹം സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രം ചെയ്യുകയാണ്. അദ്ദേഹത്തിലൂടെയാണ് ശരിക്കും സിനിമയിലേക്കു വരുന്നത്. സാഗര്‍ ഏലിയാസ് ജാക്കിയില്‍ അസിസ്റ്റ് ചെയ്യുന്നോ എന്നു ചോദിച്ചു. ഒന്നും ആലോചിച്ചില്ല അദ്ദേഹത്തിനൊപ്പം കൂടി. അത് വലിയൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. അതു കഴിഞ്ഞ് കോഴ്‌സും കഴിഞ്ഞതോടെ കുറേ വര്‍ക്കുകള്‍ തേടിവന്നു. പരസ്യങ്ങളായിരുന്നു അധികവും. അതിലൊരു പരസ്യത്തിന്റെ സംവിധായകനാണ് ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രം ചെയ്തത്. അദ്ദേഹം എന്നെയാണ് അതിന്റെ കോസ്റ്റ്യൂമിന്റെ കാര്യങ്ങള്‍ ഏല്‍പ്പിച്ചത്. അവിടെ നിന്നാണ് സ്വതന്ത്രമായി വര്‍ക്കുകള്‍ ചെയ്യാന്‍ ആരംഭിച്ചത്.
ബ്രാന്റ് ഇപ്പോഴില്ല!
ഒരു ബ്രാന്‍ഡ് എന്നത് സ്വപ്‌നമാണ്. അങ്ങനെ ഒന്നുണ്ടാവുക തന്നെ ചെയ്യും. പക്ഷേ ഇപ്പോഴില്ല. അഞ്ചു വര്‍ഷത്തേയ്ക്ക് എന്തായാലും ഇല്ല. കാരണം അങ്ങനെയൊരു ബ്രാന്‍ഡ് തുടങ്ങിയാല്‍ മുഴുവന്‍ സമയവും നമുക്ക് അതിനൊപ്പം നില്‍ക്കാന്‍ സാധിക്കണം. ഇപ്പോള്‍ സിനിമയുമായി തിരക്കിലാണ്. പാറിപ്പറന്നു നടക്കുന്ന സമയത്ത് ബ്രാന്‍ഡ് കൂടി തുടങ്ങിയാല്‍ അത് പരാജയപ്പെടും എന്നുറപ്പാണ്. ആ സ്വപ്‌നത്തിലേക്കു വരുമ്പോള്‍ പരമ്പരാഗത നെയ്ത്തു തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി അവര്‍ക്കു കൂടി ഉപകാരപ്പെടുന്ന രീതിയിലൊരു സംരംഭം തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം.