കോടികളുടെ മോതിരം, ലക്ഷങ്ങളുടെ താലിമാല; ദീപ്‌വീർ വിവാഹം പൊടിപൊടിച്ചത് ഇങ്ങനെ

ദീപികയുടെയും രൺവീറിന്റെയും വിവാഹത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. വിവാഹത്തിന് ദീപിക അണിഞ്ഞ ആഭരണങ്ങളുടെ വിലയാണ് ഇപ്പോൾ ചൂടൻ ചർച്ച. ദീപിക നായികാ വേഷത്തിലെത്തിയ ചരിത്ര സിനിമ പദ്മാവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പല ആഭരണങ്ങളും വിവാഹവസ്ത്രങ്ങളും അണിയിച്ചൊരുക്കിയത്. ഈ പരമ്പരാഗത ആഭരണങ്ങളുടെ ഇടയിലും ആരാധകരുടെ കണ്ണിലുടക്കുന്ന ഒന്നുണ്ട്. ദീപികയുടെ മോതിരവിരലിലെ വിവാഹനിശ്ചയമോതിരം.

ചതുരാകൃതിയിലുള്ള രത്നക്കല്ലുള്ള മോതിരം രൺവീറിന്റെ സ്നേഹസമ്മാനമാണ്. ഈ സ്നേഹത്തിന്റെ വില രണ്ടരക്കോടിയോളം വരും. രൺവീർ ദീപികയെ അണിയിച്ച താലിമാലയുടെ മൂല്യം ഇരുപത്തിയൊന്ന് ലക്ഷം രൂപയാണ്. രൺവീറിന്റെ വീട്ടുകാർക്കായി ലക്ഷങ്ങളുടെ ആഭരണങ്ങളും സമ്മാനങ്ങളുമാണ് ദീപിക വാങ്ങിയത്.

ഇറ്റലിയിലെ ലേക് കോമോയിൽ നടന്ന വിവാഹ ഒരുക്കങ്ങളുടെയും വസ്ത്രങ്ങളുടെയുമൊക്കെ കണക്കെടുത്താൽ കോടികൾ പിന്നെയും കടക്കും. സബ്യസാചി മുഖർജിയാണ് വിവാഹത്തിന്റെയും വിവാഹസൽകാരത്തിന്റെയുമൊക്കെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. വൻസുരക്ഷയിലായിരുന്നു വിവാഹം നടത്തിയത്. വിവാഹവേദിയായ ലേക് കോമോ തടാകക്കരയെ സ്വർഗത്തിലേക്കുള്ള കവാടമെന്നാണ് വിശേഷിപ്പിക്കുന്നത്. ആഢംബര വിവാഹങ്ങൾക്കു മാത്രം വേദിയാകുന്ന ഇടമാണ് ലേക് കോമോ.

ആറുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. സ്വർഗീയ വിവാഹം പോലെ മഹത്തരവും മനോഹരവുമാകട്ടെ ഇവരുടെ ജീവിതമെന്നാണ് ആരാധകർ ആശംസിക്കുന്നത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ബെംഗളൂരുവിലും മുംബൈയിലും സൽകാരം ഒരുക്കുന്നുണ്ട്. ആദ്യത്തെ സൽക്കാരം ദീപികയുടെ സ്വദേശമായ ബെംഗളൂരുവിലാണ്.