Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയെ സംരക്ഷിച്ച് രൺവീർ; മടങ്ങി വരവ് ആഘോഷമാക്കി ആരാധകർ

deepika-ranveer-wedding-pictures ചിത്രം കടപ്പാട്: സബ്യസാചി ഇൻസ്റ്റഗ്രാം

ആരാധകർക്ക് ആവേശം പകർന്ന് ദീപികയും രൺവീറും ഇന്ത്യയിൽ മടങ്ങിയെത്തി. നവദമ്പതികളായി തിരച്ചെത്തുന്ന താരങ്ങളെ സ്വീകരിക്കാൻ ആരാധകരും മാധ്യമങ്ങളും മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. തിരക്കിനിടയിൽ ദീപികയുടെ സംരക്ഷണം രൺവീർ ഏറ്റെടുത്ത കാഴ്ച ആരാധകർക്ക് ഇരട്ടി മധുരമായി.

സബ്യസാചി ഡിസൈൻ ചെയ്ത ഓഫ് വൈറ്റ് സിൽക് സ്യൂട്ടായിരുന്നു ദീപികയുടെ വേഷം. ചുവപ്പും സ്വർണ നിറവും കലര്‍ന്ന ദുപ്പട്ടയും  ദീപിക ധരിച്ചിരുന്നു. എതിനിക് ലുക്കിലുള്ള വേഷത്തേക്കാളും ആഭരണങ്ങളേക്കാളും ശ്രദ്ധിക്കപ്പെട്ടത് ദീപിക അണിഞ്ഞ സിന്ദുരമായിരുന്നു. സിന്ദൂരത്തിന്റെ ചുവപ്പ് ദീപികയെ കൂടുതൽ സുന്ദരിയാക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. വളരെ സന്തോഷവാനായി കാണപ്പെട്ട രൺവീർ തന്റെ പതിവ് ചിരി തുടർന്നു. ഓഫ് വൈറ്റിലുള്ള ചുരിദാർ കുർത്തയായിരുന്നു രൺവീറിന്റെ വേഷം. ഇതിനൊപ്പം പിങ്ക് നിറത്തിലുള്ള ജാക്കറ്റും രൺവീർ ധരിച്ചിരുന്നു. 

വിമാനത്താവളത്തിലെ തിരിക്കിനിടയിലാണ് ദീപികയ്ക്കു സംരക്ഷണമേകുന്ന ഭർത്താവായും രൺവീർ മാറിയത്. ഈ ദൃശ്യങ്ങൾ കാമറകൾ ഒപ്പിയെടുത്തു. മുംബൈ വിമാനത്താവളത്തിലെത്തിയ ഇരുവരും ആരാധകരെ കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തു. ഖാറിലുള്ള രൺവീറിന്റെ വീട്ടിലേക്കാണ് യാത്രയായത്. 

വീട്ടിലെത്തിയ ഇവരുടെ ചിത്രങ്ങൾ ഡിസൈനർ സബ്യസാചി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. നവംബർ 14, 15 തീയതികളിൽ ഇറ്റലിയിലെ ലേക് കോമോയിൽ സിന്ധ്, കൊങ്ങിണി ആചാരപ്രകാരം നടന്ന ഇവരുടെ വിവാഹത്തിനും വസ്ത്രങ്ങളൊരുക്കിയത് സബ്യസാചിയായിരുന്നു. 

രണ്ട് സത്കാരപരിപാടികളാണ് ദീപികയും രണ്‍വീറും ഒരുക്കുന്നത്. ദീപികയുടെ സ്വദേശമായ ബെംഗളൂരുവിലാണ് ആദ്യത്തേത്. ഇതിനുശേഷം ഡിസംബർ 1ന് മുംബൈയിൽ സത്കാരം സംഘടിപ്പിക്കും. സിനിമാ മേഖലയിലെ സുഹൃത്തുക്കളും പ്രമുഖ വ്യക്തികളും ഈ സത്കാരത്തിൽ പങ്കെടുക്കും. 

ദീപിക– രൺവീർ ദമ്പതികളുടെ വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.