കടുംനിറങ്ങളിൽ പട്ടുടുത്ത് ആഭരണങ്ങൾ അണിഞ്ഞ് കൂസലില്ലാതെ നിൽക്കുന്ന പെണ്ണുങ്ങൾ... അവരുടെ കണ്ണുകളിൽ ആത്മവിശ്വാസമുണ്ട്... പുഞ്ചിരിയിൽ ഉൾക്കരുത്തുണ്ട്... ശരീരഭാഷയിൽ ലോകത്തെ വെല്ലാനുള്ള കെൽപുണ്ട്. അഴകിന് പുതിയ നിർവചനങ്ങൾ തേടുകയാണ് പ്രശസ്ത മെയ്ക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ ജസീന കടവിൽ. 'ലെറ്റ്സ് ബ്രെയ്ക്ക് ദ റൂൾ ഓഫ് ബ്യൂട്ടി' എന്ന ആശയത്തെ അധികരിച്ച് ജസീന കടവിൽ നടത്തിയ ഫോട്ടോഷൂട്ട് ആരെയും അമ്പരപ്പിക്കും. ഫോട്ടോഷൂട്ടിനായി ജസീന തിരഞ്ഞെടുത്തവരെ പരിചയപ്പെട്ടാലാണ് ശരിയ്ക്കും ഞെട്ടുക. പാചകക്കാരിയായ ലത, അഭിനേത്രിയും പാട്ടുകാരിയായ രശ്മി സതീശ്, നർത്തികയായ രേവതി ജയകൃഷ്ണൻ, ഉദ്യോഗസ്ഥയായ അഞ്ജു രാജശേഖരൻ എന്നിവരായിരുന്നു ജസീനയുടെ ഫോട്ടോഷൂട്ടിലെ താരങ്ങൾ. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ മുഖം മിനുക്കാനോ അണിഞ്ഞൊരുങ്ങാനോ പ്രത്യേകം സമയം കണ്ടെത്താത്ത സാധാരണക്കാരിൽ ചിലരാണ് ഇവരെല്ലാം. ഏറ്റവും സാധാരണക്കാരായ മുഖങ്ങളിൽ നിന്ന് അസാധാരണമായ സൗന്ദര്യം കണ്ടെടുക്കുന്ന മാന്ത്രികതയുണ്ട് ജസീനയുടെ കൈകൾക്ക്. അത് ഈ ചിത്രങ്ങൾ വിളിച്ചു പറയുന്നു.
ഇത് രണ്ടാം തവണയാണ് ജസീന ഞെട്ടിക്കുന്ന മെയ്ക്കോവർ ഷൂട്ടുമായി എത്തുന്നത്. സെലിബ്രിറ്റികൾക്ക് മാത്രമുള്ളതല്ല മെയ്ക്കോവർ എന്നു തെളിയിച്ചുകൊണ്ട് ജസീന നടത്തുന്ന ഇടപെടൽ ഏറെ ശ്രദ്ധേയമാണ്. ആൾക്കൂട്ടങ്ങളിൽ വ്യത്യസ്തരാകാനോ ശ്രദ്ധ പിടിച്ചു പറ്റാനോ വേണ്ടിയല്ല ഈ രൂപമാറ്റം. സൗന്ദര്യത്തിന് അഴകളവുകൾ നിശ്ചയിക്കുന്ന കാഴ്ചപ്പാടുകളെ പൊളിച്ചെഴുതി അവനവന്റെ സൗന്ദര്യം കണ്ടെത്താനുള്ള ഒരു ക്ഷണം മാത്രം. 'ലെറ്റ്സ് ഡു എ മെയ്ക്കോവർ, ലവ് യുവർസെൽഫ്' എന്ന ജസീനയുടെ മെയ്ക്കോവർ മന്ത്രവും അർത്ഥമാക്കുന്നത് മറ്റൊന്നല്ല. മെയ്ക്കപ്പ് എന്നു പറയുന്നത് മുഖം വെളുപ്പിക്കലൊന്നുമല്ലെന്ന് ജസീന പറയുന്നു. നമ്മിൽ ഓരോരുത്തരിലുമുള്ള വ്യക്തിത്വത്തെ ഉയർത്തലാണ് മെയ്ക്കപ്പ്. ജസീനയുടെ ഏറ്റവും പുതിയ മെയ്ക്കോവർ ഫോട്ടോഷൂട്ടും അത് സാക്ഷ്യപ്പെടുത്തും. ഫോട്ടോഷൂട്ടിനെത്തിയ ഓരോരുത്തർക്കും പങ്കുവയ്ക്കാനുള്ളതും അത്തരത്തിലുള്ള കഥകളാണ്.
പാചകക്കാരി ഡസ്കി ബ്യൂട്ടിയായ കഥ
കലൂർ പോണോത്ത് റോഡിലെ തവി എന്ന കഞ്ഞിക്കടയിൽ പോകുന്നവർക്ക് പരിചിതമായ മുഖമാണ് ലതേച്ചി. കടയിൽ വരുന്നവരോട് സൗമ്യമായി പെരുമാറുകയും ഒരു പുഞ്ചിരിയോടെ ഭക്ഷണം വിളമ്പുകയും ചെയ്യുന്ന ലതേച്ചിയെ ഒരിക്കലെങ്കിലും ആ കടയിൽ വന്നു പോയിട്ടുള്ളവർ മറക്കാനിടയില്ല. രുചിയോടെ ഭക്ഷണം പാകം ചെയ്യുന്ന അതേ മിടുക്കോടെ ഒരു ഫോട്ടോഷൂട്ടിനായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുകയാണ് അവർ. ക്ലിക്ക് ചെയ്ത ഫോട്ടോ കാണുമ്പോൾ ആ കണ്ണുകളിൽ അത്ഭുതം. ഇത്രയും മനോഹരമായി ലതേച്ചി അവരെതന്നെ ആദ്യമായി കാണുകയായിരുന്നു. ഡസ്കി ബ്യൂട്ടിയെന്ന് ആരും ഒറ്റനോട്ടത്തിൽ വിശേഷിപ്പിച്ചു പോകുന്ന സൗന്ദര്യം!
പുഞ്ചിരിയിൽ നിന്ന് ആറ്റിറ്റ്യൂഡിലേക്ക്
നർത്തകിയായ രേവതി ജയകൃഷ്ണനെ സംബന്ധിച്ചിടത്തോളം നൃത്തം ചെയ്യാനായി വേദിയിൽ എത്തുമ്പോൾ മാത്രമുള്ളതാണ് മെയ്ക്കപ്പ്. അതല്ലാതെയുള്ള മെയ്ക്കപ്പും ഒരുങ്ങലുകളും വല്ലപ്പോഴും മാത്രം. എങ്കിലും സ്വന്തം സൗന്ദര്യം എന്താണെന്നുള്ള തിരിച്ചറിവുണ്ടായിരുന്നു രേവതിയ്ക്ക്. ഫോട്ടോഷൂട്ടിനായി ഒരുങ്ങിയപ്പോൾ കൂടുതൽ ഇഷ്ടം തോന്നിയെന്ന് രേവതി പറയുന്നു. "ഫോട്ടോകൾ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. നൃത്തം ചെയ്യുമ്പോൾ കൂടുതലായും പുഞ്ചിരിയോടെ, പ്രസന്നതയോടെയാണ് ചെയ്യാറുള്ളത്. പക്ഷേ, ഫോട്ടോഷൂട്ടിൽ കൂടുതലും ഞാനെന്ന വ്യക്തിയുടെ ആറ്റിറ്റ്യൂഡ് ആണ് ഫോകസ് ചെയ്യുന്നത്. രസമുള്ള അനുഭവമായിരുന്നു അത്. ഇനിയും ഇത്തരം അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ തീർച്ചയായും സ്വീകരിക്കാൻ തന്നെയാണ് തീരുമാനം," രേവതി ആത്മവിശ്വാസത്തോടെ പറയുന്നു.
രണ്ടാം തവണയും രശ്മി സതീഷ്
ജസീന കടവിലിന്റെ മെയ്ക്കോവർ ഫോട്ടോഷൂട്ടിനായി ഇത് രണ്ടാം തവണയാണ് ഗായികയും അഭിനേത്രിയുമായ രശ്മി സതീഷ് എത്തുന്നത്. സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പൊളിച്ചെഴുതുന്നതാണ് ജസീന ചേച്ചിയുടെ മെയ്ക്കോവർ. അതാണ് രണ്ടാം തവണയും തന്നെ ഈ സംരംഭത്തിലേക്ക് ആകർഷിച്ചതെന്ന് രശ്മി സതീഷ് പറയുന്നു. "ഒരു കാര്യത്തിന് ഇതു മാത്രമാണ് അനുയോജ്യമെന്നൊക്കെ ചില ധാരണകളുണ്ട്. അതെല്ലാം പൊളിച്ചടുക്കി മിക്സ് ആന്റ് മാച്ചിന്റെ സാധ്യതയാണ് പരീക്ഷിക്കപ്പെട്ടത്. ഒരു ഗായിക എന്നതിനേക്കാളുപരി വ്യക്തി എന്ന നിലയിൽ ഇത്തരം ആശയങ്ങളും അതിന്റെ രാഷ്ട്രീയവും എന്നെ ആകർഷിച്ചിട്ടുണ്ട്. ഇതും കലയുടെ വ്യത്യസ്തമായ പ്രകാശനമാണല്ലോ," രശ്മി വ്യക്തമാക്കി.
അയൽക്കാരി മോഡലാവാൻ വിളിച്ചപ്പോൾ
ഒന്നിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മയാണ് പുരാരേഖ വകുപ്പിൽ ഉദ്യോഗസ്ഥയായ അഞ്ജു രാജശേഖരൻ. ജസീന കടവിലിന്റെ മെയ്ക്കപ്പ് സ്റ്റുഡിയോയുടെ അടുത്താണ് അഞ്ജുവിന്റെ വീട്. ആ പരിചയമാണ് ഫോട്ടോഷൂട്ടിലേക്ക് അഞ്ജുവിനെ എത്തിച്ചത്. വിവാഹത്തിനു മുൻപും അധികം ഒരുങ്ങുന്ന ശീലമുണ്ടായിരുന്നില്ലെന്ന് അഞ്ജു പറയുന്നു. വിവാഹത്തിനു ശേഷം കുട്ടികൾ കൂടി ജനിച്ചപ്പോൾ മുഴുവൻ ശ്രദ്ധ അവരിലായി. ആകെ നന്നായി ഒരുങ്ങിയിട്ടുള്ളത് വിവാഹത്തിനാണ്. അതിനു ശേഷം ഈ ഫോട്ടോഷൂട്ടിനും, അഞ്ജു ചിരിയോടെ ഓർത്തെടുത്തു. കുറച്ചു പ്രായമാകുമ്പോൾ പൊതുവെ ഒരുങ്ങാനൊക്കെ മടിയാകും. എന്നാൽ, ജസീന എനിയ്ക്കു നൽകിയ മെയ്ക്കോവർ ശരിയ്ക്കും ഞെട്ടിച്ചു. ഫോട്ടോസ് കാണുമ്പോൾ സന്തോഷവും ആത്മവിശ്വാസവും തോന്നുന്നു, അഞ്ജു പറഞ്ഞു.
ജസീനയ്ക്കു പറയാനുള്ളത്
നന്നായി ഒരുങ്ങി നടക്കുക എന്നു പറയുന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ആത്മവിശ്വാസം പകരുന്ന ഒന്നാണ്. അത് സാധാരണക്കാർക്കും പ്രാപ്യമാക്കുക എന്ന ആശയമാണ് മെയ്ക്കോവർ ക്യാംപയിനിലേക്ക് എത്തിച്ചതെന്ന് ജസീന കടവിൽ പറയുന്നു. "ഈ ഫോട്ടോഷൂട്ടിനു വേണ്ടി കുറച്ച് ഹെവി ആയ ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. പനമ്പിള്ളി നഗറിലെ സുകൃതി ജ്വല്ലറി സ്റ്റോർ ഫോട്ടോഷൂട്ടിനുള്ള ആഭരണങ്ങൾ നൽകുകയായിരുന്നു. പട്ടുസാരിയാണ് വേഷമെങ്കിലും അലസമായി അണിയുന്ന രീതിയാണ് സ്വീകരിച്ചത്. ഓരോരുത്തർക്കും അനുയോജ്യമായ നിറങ്ങളും തിരഞ്ഞെടുത്തു," ജസീന പറഞ്ഞു. സുഹാസിറും ദിവ്യയുമാണ് കോസ്റ്റ്യൂം ചെയ്തത്. ഫൊട്ടോഗ്രഫിയ്ക്കു നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുല്ലയായിരുന്നു. വിഡിയോഗ്രഫി വിഷ്ണുദാസ്, എഡിറ്റോറിയല്‍ കൺസപ്റ്റ് നിധിൻ മോഹൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ സിജിൻ നിലമ്പൂർ എന്നിവരടങ്ങുന്ന സംഘമായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചത്.– ജസീന കൂട്ടിച്ചേർത്തു.
ഏറ്റവും ആദ്യം ചെയ്ത മെയ്ക്കോവർ ഫോട്ടോഷൂട്ടിൽ സഹകരിച്ച വിഷ്ണുരാജിന് ആ ഫോട്ടോസ് വഴിത്തിരിവായ അനുഭവവും ആവേശത്തോടെ ജസീന പങ്കുവച്ചു. ആ മെയ്ക്കോവർ ഫോട്ടോഷൂട്ട് വഴി വിഷ്ണുരാജിന് കന്നട ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതായി ജസീന പറഞ്ഞു. ഒരു ചെറിയ മെയ്ക്കോവറിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരെ സംഭവിച്ചേക്കാം. അത് സാധാരണക്കാരുടെ ജീവിതത്തിലാകുമ്പോൾ ഇരട്ടി സന്തോഷം. ഒന്നുമില്ലെങ്കിലും കൂടുതൽ ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നോട്ടുപോകാനുള്ള ഊർജ്ജം നൽകാൻ കഴിയുന്നതു തന്നെ വലിയ സന്തോഷമല്ലേ, പുഞ്ചിരിയോടെ ജസീന ചോദിക്കുന്നു.