വില്ലനെ പ്രണയിച്ച നായിക

വരദയും ജിഷിനും

താരജാഡകളേതുമില്ലാത്ത ഒറ്റനോട്ടത്തിൽ ഒരു സാധാരണ നാട്ടിൻപുറത്തുകാരി പെൺകുട്ടിയാണ് വരദ. സുൽത്താൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ പ്രവേശിച്ചെങ്കിലും വരദയെ പ്രേക്ഷകർ ഇഷ്ടപ്പെട്ടതു തുടങ്ങിയത് സീരിയലിലൂടെയും ടിവി അവതരണത്തിലൂടെയുമൊക്കെയാണ്. കുടുംബ പ്രേക്ഷകർക്ക് ഇതു വരദയല്ല, അമലയാണ്. മഴവിൽ മനോരമയിലെ ജനപ്രിയ സീരിയൽ അമലയിലെ നായിക. ഇതിനിടയിൽ അപ്രതീക്ഷിതമായൊന്നു നടന്നു. അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിലെ വില്ലൻ നായികയെ പ്രണയിച്ചെന്നു മാത്രമല്ല സ്വന്തമാക്കുകയും ചെയ്തു. സീരിയലിലെ ക്രൂരനായ ആ വില്ലൻ പ്രശസ്ത സീരിയൽ നടൻ ജിഷിനും പാവം നായിക പ്രേക്ഷകരുടെ പ്രിയങ്കരി വരദയുമാണ്. ഈ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈനുമായി പ്രണയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വരദ.

വാലന്റൈൻസ് ഡേ വരികയാണ്. എന്തു തോന്നുന്നു..?

എന്നെ സംബന്ധിച്ചിടത്തോളം പ്രണയത്തിന് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമൊന്നുമില്ല. പ്രണയം എപ്പോഴും മനസിലുണ്ടാവേണ്ടതാണ്. പിന്നെ ഒരോയൊരു മാറ്റം പ്രണയദിനത്തിൽ അതു തുറന്നു പറയാൻ ചിലർ ധൈര്യം കാണിക്കുമെന്നതാണ്. പക്ഷേ ചേട്ടൻ ഈ ദിവസങ്ങളൊക്കെ ഓർത്തു വയ്ക്കുകയും സമ്മാനം തരികയും ചെയ്യുന്നയാളാണ്.

വരദ

വില്ലനെ പ്രണയിച്ച നായികമാർ കുറവാണ്. പ്രണയകാലത്തെ എങ്ങനെ ഓർത്തെടുക്കുന്നു?

സത്യത്തിൽ ഞങ്ങൾ പ്രണയിച്ചു നടന്ന കാലം വളരെ കുറവാണ്. അമലയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ നല്ല സുഹൃത്തുക്കളായിരുന്നു. അതിനിടയിലെപ്പോഴോ ആണ് ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്കെ ഒരുപോലെയാണല്ലോ എന്നു മനസിലാക്കുന്നത്. ലൊക്കേഷനിൽ വെറുതെയിരിക്കുന്ന സമയത്ത് ചേട്ടൻ കേൾക്കുന്ന പാട്ടുകൾ മിക്കവാറും എന്റെ പ്രിയപ്പെട്ട ഗാനങ്ങളായിരുന്നു. അങ്ങനെ പാട്ടുകളെക്കുറിച്ചു സംസാരിച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. ഒരർഥത്തിൽ പാട്ടുകളിലൂടെയാണ് ഞങ്ങൾ പ്രണയിച്ചതെന്നും പറയാം.

ഇഷ്ടമാണെന്ന് ആദ്യം തുറന്നു പറഞ്ഞത് ആരായിരുന്നു?

അതു ചേട്ടൻ തന്നെയാണ്. പക്ഷേ ആദ്യമൊന്നും ഞാനതത്ര ഗൗരവത്തിൽ എടുത്തിരുന്നില്ല. ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ തന്നെ തമാശയ്ക്ക്, സൂക്കേടു തുടങ്ങിയല്ലോയെന്നാണ് ഞാൻ തിരിച്ചു പറഞ്ഞത്. പിന്നെ ഞാൻ നായികയും ചേട്ടൻ വില്ലനും ആയതുകൊണ്ട് കാണാനുള്ള സാഹചര്യങ്ങൾ കുറവായിരുന്നു. അപ്പോഴാണ് മിസ് ചെയ്യുന്നുണ്ടല്ലോയെന്നു തോന്നിത്തുടങ്ങിയത്. പിന്നെ ഒരു ദിവസം എന്നോടുപോലും പറയാതെ വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചു. ഒട്ടും പ്രതീക്ഷിക്കാതിരുന്നതുെകാണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി.

വരദയും ജിഷിനും

വീട്ടുകാരുടെ ഭാഗത്തു നിന്നും എതിര്‍പ്പുകളുണ്ടായിരുന്നോ?

പറയാനുണ്ടോ.. അമല ചെയ്യുന്ന സമയത്തൊക്കെ ചേട്ടനെ എന്റെ വീട്ടിൽ ആർക്കും ഇഷ്ടമില്ലായിരുന്നു. അവര്‍ സീരിയലിലെ കഥാപാത്രത്തെ വച്ചല്ലേ ആളെ അളക്കുന്നത്. മകളെ എപ്പോഴും ദ്രോഹിക്കുന്ന വില്ലന്റെ ആലോചന വന്നപ്പോൾ നല്ലപ്പോലെ എതിർത്തു. പലരും പറഞ്ഞു ഈ വില്ലനെയാണോ ഇവൾ വിവാഹം കഴിക്കാൻ പോകുന്നതെന്നൊക്കെ. പിന്നെ ചേട്ടനെ മനസിലാക്കി വന്നപ്പോൾ എതിർപ്പുകളൊക്കെ പോയി.

വിവാഹശേഷം പ്രണയം എങ്ങനെ േപാകുന്നു?

വിവാഹ ശേഷമാണു ഞങ്ങൾ ശരിക്കും പ്രണയിച്ചു തുടങ്ങിയത്. രണ്ടുപേരും അഭിനേതാക്കൾ ആയതുകൊണ്ട് വിവാഹത്തിനുമുമ്പ് പുറത്തു പോകലും കറങ്ങി നടക്കലുമൊന്നും പറ്റില്ലായിരുന്നു. വിവാഹം കഴിഞ്ഞപ്പോൾ സ്വാതന്ത്രത്തോടെ പ്രണയിക്കാൻ തുടങ്ങി. രണ്ടുപേരും ഷൂട്ടിന്റെ തിരക്കില്‍ ആകുന്നതുകൊണ്ട് വല്ലപ്പോഴുമേ കാണുകയുള്ളു അതുകൊണ്ട് പ്രണയത്തിന്റെ തീവ്രത കൂടിയിട്ടേയുള്ളു.

വരദയും ജിഷിനും

പരസ്പരം കൈമാറിയവയിൽ ഓർത്തു വയ്ക്കുന്ന സമ്മാനം?

അങ്ങനെ ഒത്തിരി സമ്മാനങ്ങളൊന്നും ഞങ്ങൾ കൈമാറിയിട്ടില്ല. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കല്യാണം തീരുമാനിച്ചിരുന്നു. പിന്നെ ആദ്യത്തെ വാലന്റൈൻസ് ഡേയിൽ ചേട്ടൻ സമ്മാനിച്ച വാച്ചും കീചെയിനും കാർഡും തന്നെയാണ് ഇന്നും പ്രിയപ്പെട്ട സമ്മാനം. ചേട്ടൻ വേറൊരു ലൊക്കേഷനിൽ നിന്നും സമ്മാനം നൽകാൻ മാത്രമായി അമലയുടെ ലൊക്കേഷനിലെത്തി സർപ്രൈസ് ആയി തരികയായിരുന്നു.

വിവാഹശേഷം വില്ലനും നായികയുമായി അഭിനയിച്ച അനുഭവം?

ഫുൾ തമാശയായിരുന്നു. വീട്ടിൽ നിന്നും സ്നേഹത്തോടെ ഒന്നിച്ചിറങ്ങി ലൊക്കേഷനിലെത്തിയാൽ തുടങ്ങും ചീത്തവിളി. വിവാഹം വരെ എന്റെ കഥാപാത്രം പാവമായിരുന്നു എപ്പോഴും വില്ലന്റെ ഉപദ്രവം സഹിച്ച് കഴിയുന്ന പെൺകുട്ടി. എന്നാൽ വിവാഹം കഴിഞ്ഞതിനു ശേഷം സീരിയലിലെ എന്റെ കഥാപാത്രം സ്ട്രോങ് ആയി. ആകെ ചമ്മലായിരുന്നുു, വായ തുറന്നാൽ മുഴുവൻ ​എടാ പോടാന്നേ വിളിക്കൂ. അതുപോലെ അവസാന സീനിൽ വില്ലൻ മരിച്ചു കിടക്കുമ്പോൾ ദേഹത്തു ഞാന്‍ റീത്ത് വയ്ക്കു സീനുണ്ട്. ആ രംഗമെത്തിയപ്പോൾ സെറ്റിലെല്ലാവരും ടെൻഷനിലായിരുന്നു സ്വന്തം ഭർത്താവിന്റെ ശരീരത്തിൽ റീത്തു വയ്ക്കുന്നതെങ്ങനെയെന്നൊക്കെ. ഞങ്ങൾ പക്ഷേ കഥയായി മാത്രമേ കണ്ടിട്ടുള്ളു അതുകൊണ്ട് അതുപോലും ചിരിച്ചു കളിച്ചാണ് തീർത്തത്.

വരദയും ജിഷിനും

സീരിയൽ രംഗത്ത് ബ്രേക് തന്നത് അമലയാണ്?

തീർച്ചയായും ചില സിനിമകൾ ചെയ്തെങ്കിലും ആളുകൾ ഓർത്തു വയ്ക്കുന്ന കഥാപാത്രങ്ങളൊന്നും എനിക്കു ലഭിച്ചിരുന്നില്ല. അമല ചെയ്തതോടെ കുടുംബ പ്രേക്ഷകര്‍ക്കെല്ലാം ഞാൻ പരിചിതയായി. ഒത്തിരിപേര്‍ ആ സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

സിനിമകൾ വേണ്ടെന്നു വച്ചതാണോ?

ഒരിക്കലുമല്ല. ചെറിയ ചില റോളുകളിലേക്കൊക്കെ വിളിച്ചിരുന്നു. സീരിയലിന്റെ ഡേറ്റ് ക്ലാഷ് ആയതുകൊണ്ട് ചെയ്യാൻ പറ്റിയില്ല. നായികാ കഥാപാത്രം തന്നെ ചെയ്തില്ലെങ്കിലും നമ്മൾ ചെയ്യുന്ന കഥാപാത്രം സിനിമയിൽ എന്തെങ്കിലും പ്രാധാന്യം വേണ്ടേ. അതുകൊണ്ടാണ് സിനിമയിൽ അധികം കാണാത്തത്.

വരദ

സീരിയലുകളിൽ വന്നാൽ സിനിമകളിൽ നിന്നും തഴയപ്പെടുമെന്ന് പൊതുവേ പറച്ചിലുണ്ട്?

അതു കുറേയൊക്കെ ശരിയാണെന്നു തോന്നുന്നു. എനിക്ക് അനുഭവം ഉണ്ടായിട്ടില്ലെങ്കിലും ഒത്തിരിപേർ പറഞ്ഞിട്ടുണ്ട്. അതിൽ എന്തെങ്കിലും സത്യമുണ്ടായിരിക്കാം, അതുകൊണ്ടാണല്ലോ എല്ലാവർക്കും ആ ഒരു ടെൻഷൻ.

ജിഷിനെക്കുറിച്ച്?

ചേട്ടൻ കണ്ണൂർ സ്വദേശിയാണ്. അമലയ്ക്കു ശേഷം ഞങ്ങൾ ഒന്നിച്ച് ആർപ്പോ ഇർറോ എന്നൊരു പരിപാടി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ രണ്ടു സീരിയൽ ചെയ്യുന്നുണ്ട്, പ്രത്യേകം പറയേണ്ടല്ലോ രണ്ടെണ്ണത്തിലും വില്ലൻ തന്നെയാണ്.(ചിരി)