ഡി ഫോർ ഡാൻസ് സീസൺ 2 വിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്കും കാത്തിരിപ്പിനും വിരാമമായി. തീവ്രവും ചടുലവുമായ താളങ്ങളുടെ അകമ്പടിയോടെ ഡി ഫോർ ഡാൻസ് മൂന്നാം ഭാഗം എത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി അണിയിച്ചൊരുക്കിയിരിക്കുന്ന മൂന്നാം സീസണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ജിപിക്ക് പകരമായെത്തിയ പുതിയ അവതാരകൻ തന്നെയാണ്. പ്രേക്ഷകരുടെ ജിപി പ്രേമം ശരിക്കറിയാവുന്ന ആരും തന്നെ ഡി 3 യുടെ പുതിയ അവതാരകൻ ആകുക എന്ന ഓഫർ അത്ര പെട്ടന്നൊന്നും സ്വീകരിക്കില്ല. എന്നാൽ, ഈ ചാലഞ്ച് ധൈര്യമായി ഏറ്റെടുത്ത് ഡി 3 യുടെ ഭാഗമാകാൻ ഇദ്ദേഹം തയ്യാറായി. കേരളത്തിൽ ജനിച്ചെങ്കിലും ദുബായിയുടെ മകനായി വളർന്ന, നാഷണൽ മോഡൽ കൂടിയായ ഡി 3 യുടെ പുതിയ അവതാരകൻ ആദിൽ ഇബ്രാഹിം ആദ്യ എപിസോഡിൽ തന്നെ പ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞു. കാഴ്ചയിലും അവതരണത്തിലും ആദിലിനെ ഇഷ്ടപ്പെട്ടു തുടങ്ങി എങ്കിലും , തങ്ങളുടെ പ്രിയപ്പെട്ട ജിപിക്ക് പകരക്കാരനായെത്തിയ ആദിൽ ഇബ്രാഹിമിനെ കുറിച്ചു പ്രേക്ഷകരുടെ മനസ്സിൽ ചോദ്യങ്ങൾ അനവധിയാണ്. അതിനുള്ള മറുപടി മനോരമ ഓൺലൈനിനു അനുവദിച്ച അഭിമുഖത്തിൽ ആദിൽ തന്നെ പറയുന്നു...
ആദിൽ ഇബ്രാഹിം അഥവാ ഡി 3 യുടെ പുതിയ നായകൻ
സ്വദേശം, മലപ്പുറമാണ് എന്നാൽ പഠിച്ചതും വളർന്നതും എല്ലാം ദുബായിലാണ്. ഇപ്പോൾ ദുബായിൽ സ്വന്തം ബിസിനസ് നടത്തുന്നു. മാധ്യമലോകത്ത് വരണം എന്നുള്ളത്, വളരെ ചെറിയ പ്രായം മുതൽ ഉള്ള ആഗ്രഹമായിരുന്നു. മോഡലിംഗ് ചെയ്യാറുണ്ട്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ, ചില നാഷണൽ ബ്രാണ്ടുകളുടെ മോഡൽ ആയതാണ് എനിക്ക് ഡി 3 യിൽ എത്താനുള്ള വഴിയായത്.
ഡി 3 യിലേക്കുള്ള വഴി?
അത്യാവശ്യം ചില മോഡലിങ് പ്രോജക്റ്റുകളും സിനിമ അഭിനയവും ഒക്കെയായി നടക്കുമ്പോഴാണ് എനിക്ക് ഡി 3 യുടെ പ്രോഗ്രാം പ്രൊഡ്യൂസർ യമുനയുടെ ഫേസ്ബുക്ക് മെസ്സേജ് ലഭിക്കുന്നത്. യമുനയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഡി 3 ക്ക് വേണ്ടി പുതിയ അവതാരകനെ തേടുകയാണ് , ഞാൻ നിന്റെ പേര് സജസ്റ്റ് ചെയ്യുന്നുണ്ട് എന്നായിരുന്നു മെസേജ്, ഡി ഫോർ ഡാൻസ് ഞാൻ കാണുന്ന ഒരു പ്രോഗ്രാം ആയിരുന്നു. അത് കൊണ്ട് തന്നെ ,ജിപി എന്ന അവതാരകൻ ഉണ്ടാക്കിയ പ്രഭാവം മനസിലേക്ക് വന്നു. അത് ശരിയാവുമോ എന്ന് ഞാൻ ചോദിച്ചു. യമുന നൽകിയ ആത്മവിശ്വാസത്തിന്റെ പിൻബലത്തിലാണ് ഞാൻ ഓഡിഷന് വന്നതും പെർഫോം ചെയ്തതും.
ജിപിക്ക് പകരക്കാരനായി വരുമ്പോൾ?
ഓഡിഷന് വന്നതിനേക്കാൾ ടെൻഷൻ ഡി 3 യുടെ അവതാരകനായി തെരഞ്ഞെടുത്തു എന്നറിഞ്ഞപ്പോൾ ആയിരുന്നു. അതിനു കാരണം, ജി പി എന്ന ബ്രാൻഡ് നെയിം തന്നെയാണ്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഡി ഫോർ ഡാൻസ് എന്ന് പറഞ്ഞാൽ ഒരു ജി പി ഷോ ആണ്. ജി പിയുടെ സ്ഥാനത്ത് അവർ വേറെ ഒരാളെ അംഗീകരിക്കണം എന്നില്ല. പിന്നെ, ജി പി ഷോയ്ക്ക് ഉണ്ടാക്കിയെടുത്ത നല്ല ഇമേജിന് ഒരു ഇടിവും വരാത്ത രീതിയിൽ വേണം എനിക്ക് ഷോ കൊണ്ട് പോകാൻ. അതായത്, ഒരേ സമയം ഈ അവതാരക സ്ഥാനം, എനിക്ക് ഒരു ചലഞ്ചും അവസരവുമായിരുന്നു.
ജിപിക്ക് പകരക്കാരനാകാനുള്ള ഒരുക്കങ്ങൾ?
അയ്യോ ..അങ്ങനെ യാതൊരു വിധ ഒരുക്കങ്ങളുമില്ല. കാരണം, ഞാൻ വന്നത് ജിപിക്ക് പകരക്കാരൻ ആകാനല്ല. ജി പി ജനങ്ങളുടെ പ്രിയപ്പെട്ട താരമാണ്. കാലങ്ങൾ കൊണ്ട് അദ്ദേഹം ഉണ്ടാക്കിയെടുത്ത ഇമേജ് ഒന്നോ രണ്ടോ എപ്പിസോഡുകൾ കൊണ്ട് എനിക്ക് സ്വന്തമാക്കാനാകും എന്ന് തോന്നുന്നില്ല. ഞാനൊരു പാവം പയ്യനാണ് , ജി പിയുമായി എന്നെ താരതമ്യം ചെയ്യുകയേ വേണ്ടാ. ഞാൻ എന്റേതായ നിലയിൽ ഷോ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്, പ്രേക്ഷകർ അത് ഇഷ്ടപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
അൽപം പേടി ?
ഏയ് ...ഒട്ടുമില്ല. ഡി 3 എന്നത് ഒരു വലിയ ബ്രാൻഡഡ് ഷോ ആണ്, അപ്പോൾ അതിന്റേതായ ഉത്തരവാദിത്വം ഉണ്ട് എന്നത് ശരിയാണ്. എന്നാൽ, പേടി ഒന്നുമില്ല. ഞാൻ മാത്രമേ ഷോയിൽ പുതിയതായി എത്തുന്നുള്ളൂ, ജനങ്ങൾ ആഗ്രഹിക്കുന്ന ബാക്കി ചേരുവകൾ എല്ലാം പഴയത് പോലെ തന്നെ ഉണ്ട്. എന്ത് കാര്യം വളരെ കൂൾ ആയി നേരിടുന്ന സ്വഭാവമാണ് എന്റേത്, അത് ഷോയുടെ അവതരണത്തിലും നിങ്ങൾക്ക് കാണാം. അല്ലാതെ പേടിയൊന്നുമില്ല.
പേളിയുമായുള്ള കോമ്പിനേഷൻ?
പേളി ഒരു സംഭവമാണ്. നല്ലൊരു സുഹൃത്താണ്. ഒരു അവതാരക എന്ന നിലയിൽ നോക്കുകയാണ് എങ്കിൽ, പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി അവതരണത്തിൽ മാറ്റങ്ങൾ വരുത്തുന്ന വ്യക്തിയാണ് പേളി. ഡി 3 യിലെ തുടക്കക്കാരൻ എന്ന നിലയിൽ മികച്ച പിന്തുണയാണ് പേളിയുടെ ഭാഗത്ത് നിന്നും ഉള്ളത്.
ഡി 3 യിലെ പുതുമകൾ?
പുതുമകൾ ഏറെയുള്ള ഒന്നാണ് ഡി ഫോർ ഡാൻസ് സീസൺ 3. അത് എന്താണ് ഏതാണ് എന്നൊക്കെ ഇപ്പോൾ ഞാൻ പറഞ്ഞാൽ അത് ഷോയുടെ സസ്പെൻസ് കളയും. ഒന്ന് നിങ്ങൾക്ക് ഉറപ്പിക്കാം, ഓരോ എപ്പിസോഡിലും പുതുമകളുമായാണ് ഡി 3 നിങ്ങളുടെ മുന്നിലേക്ക് എത്തുക. ഒരിക്കലും പ്രേക്ഷകർ നിരാശപ്പെടേണ്ടി വരില്ല അതുറപ്പ്.