Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവൾക്ക് ഒരു എെസ്ക്രീം പോലും വാങ്ങിക്കൊടുത്തിട്ടില്ല’; വേദിയിൽ കണ്ണീരണിഞ്ഞ് അച്ഛൻ

chippy-life

മലയാളവും മലയാളിയും സോഷ്യൽ ലോകവും ഒന്നടങ്കം എഴുനേറ്റ് നിന്ന് കയ്യടിച്ചുപോയ നിമിഷം. ആ കുഞ്ഞിന്റെ കഴിവിനോളം ഭംഗി അവളുടെ മനസിനും ആവൾ ചെയ്യുന്ന പ്രവൃത്തികൾക്കും ഉണ്ടെന്ന തിരിച്ചറിവാണ് ഇൗ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാവാൻ കാരണം. മഴവിൽ മനോരമയിലെ തകർപ്പൻ കോമഡിയിൽ പങ്കെടുക്കാനെത്തിയ കൊല്ലം ഒാച്ചിറ സ്വദേശി ചിപ്പി എന്ന പത്തുവയസുകാരി എല്ലാവരെയും അമ്പരപ്പിച്ചത് അവളുടെ അച്ഛനന്റെ കണ്ണീരിൽ നനഞ്ഞ വാക്കുകൾ കൊണ്ടായിരുന്നു.

പത്തുവയസുമാത്രം പ്രായമുള്ള ചിപ്പിയുടെ നൂറ്റിമുപ്പതാമത്തെ വേദിയായിരുന്നു ‘തകർപ്പൻ കോമഡി’. ഇൗ വേദികളിൽ നിന്നെല്ലാം കിട്ടിയ സംഭാവനകളും പാരിതോഷികവും കൊണ്ട് അവൾക്ക് ഒരു ഐസ്ക്രീം പോലും ഞാൻ ഇതുവരെ വാങ്ങിക്കൊടുത്തിട്ടില്ല എന്ന് അച്ഛൻ പറഞ്ഞപ്പോൾ കൂടിനിന്നവരുടെയും കണ്ണുനിറഞ്ഞു. ആ പണമെല്ലാം ആർസിസിയുടെ കാൻസർ രോഗികൾക്കായി നൽകുകയാണ് ഇൗ മിടുക്കി. 

ചിലങ്ക കെട്ടിയ നാൾ മുതൽ കിട്ടുന്ന സമ്മാനങ്ങളും ചില്ലറ തുട്ടുകളും അവൾ ശേഖരിച്ചു വയ്ക്കുമായിരുന്നു. അങ്ങനെയൊരു ദിവസം സ്കൂളിൽ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് സഹായമെത്തിക്കാൻ അധ്യാപകരുടെ നേതൃത്വത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചു. വീട്ടിൽ നിന്നും പറ്റാവുന്ന സംഭവന കൊണ്ടുവരണമെന്ന് അധ്യാപകർ വിദ്യാർഥികളോട് പറയുകയും ചെയ്തു. വീട്ടിലെത്തി ചിപ്പി അച്ഛനോട് ചോദിച്ചത് ഇൗ ശേഖരിച്ച് വച്ച പണം നൽകികോട്ടെ എന്നാണ്. അതിന് വീട്ടുകാർ നിറഞ്ഞ മനസോടെ അനുവദിച്ചു. പിന്നീട് ന്യൂസ് ചാനലിൽ ആർസിസിയെ കുറിച്ചുള്ള വാർത്ത കണ്ടശേഷമാണ് അവരെ സഹായിക്കണം എന്ന് അവളുടെ കുഞ്ഞുമനസിൽ തോന്നുന്നത്. പിന്നീട് വേദികളിൽ നിന്നും കിട്ടുന്ന പണം എല്ലാം ആർസിസിയിലെ രോഗികൾക്കായി അവൾ നൽകും. നിറകണ്ണുകളോടെയാണ് അച്ഛൻ ഇൗ വാക്കുകൾ പറഞ്ഞത്.

കാൻസർ രോഗത്തിന്റെ തീവ്രത എത്രത്തോളമെന്ന് അറിയാത്ത പ്രായത്തിലെ ഇൗ മനസിന് നിറകയ്യടിയാണ് സോഷ്യൽ ലോകവും നേരുന്നത്. ഒാച്ചിറ സ്വദേശിയായ പ്രദീപിന്റെയും ചിത്രയുടെയും മകളാണ് ചിപ്പി. ദൈവം കനിഞ്ഞ് തന്നതാണ് എന്റെ പൊന്നുമോളെ... ഇവളാണ് എനിക്കെല്ലാം.. അവളെ ചേർത്ത് നിർത്തി കണ്ണീരോടെ അച്ഛനും മലയാളികളും.