''ചട്ടയും മുണ്ടും ധരിച്ചു മനസ്സിനക്കരെയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ ഷീലയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു മലയാളി പ്രേക്ഷകർ. ആമേനിലെ നായിക സ്വാതി റെഡ്ഡിയെയും ചട്ടയും മുണ്ടും കോസ്റ്റ്യൂമിൽ തന്നെ മനസിൽ പ്രതിഷ്ഠിച്ചവരാണ് മലയാളികൾ. ഇതു കണ്ടിട്ടാണ് ഒരു മുത്തശ്ശിഗദയിലെ കുശുമ്പി മുത്തശ്ശിക്കും ചട്ടയും മുണ്ടും കൊടുത്തത്. പ്രായം ഇത്രേം ആയില്ലേ... ഇനി ചട്ടയും മുണ്ടും ഉടുത്തല്ലേ പറ്റത്തൊള്ളൂ. റൗഡി ലീല ചിന്തിക്കുന്നത് ഇങ്ങനെയാണ്. ചട്ടയ്ക്കും മുണ്ടിനും ഒരു പവറൊക്കെയുണ്ടെന്ന് തോന്നി '' - പറയുന്നത് ജൂഡ് ആന്തണി ജോസഫ്.
കടമെടുപ്പിന്റെയും പിന്നെ, നീണ്ട കടം കൊടുക്കലിന്റെയും കഥ പറയാനുണ്ട് ചട്ടയ്ക്കും മുണ്ടിനും. മലബാറിൽ കച്ചവടക്കാരായി എത്തിയ അറബികളുടെ മലയാളി ഭാര്യമാരാണത്രേ ആദ്യമായി ചട്ടയും മുണ്ടും ഉടുത്തത്. പക്ഷേ, ചട്ട എന്നൊരു പേര് മേൽവസ്ത്രത്തിന് അന്നില്ലായിരുന്നു. മുണ്ടും കുപ്പായവുമെന്ന പേരിലാണ് ഇതു മലബാറിൽ അറിയപ്പെട്ടത്. പിന്നീടു കേരളത്തിലെ നസ്രാണി സ്ത്രീകൾ മുണ്ടിനൊപ്പം ചട്ട എന്നൊരു മേൽവസ്ത്രം കൂടിയിട്ടു. ജൂതപാരമ്പര്യം കാത്തു സൂക്ഷിക്കാൻ മേൽമുണ്ടായി ഒരു കവണിയും. അന്നുമുണ്ടായിരുന്നു പിന്നിൽ വിശറി പോലെ വിരിഞ്ഞ, അടുക്ക് അഥവാ ഞൊറികൾ.
അഞ്ചു മീറ്റർ നീളവും ഒന്നേകാൽ മീറ്റർ വീതിയുമുള്ള വലിയ മുണ്ടിനെ വട്ടത്തിലുടുത്തപ്പോൾ തട്ടി വീഴാതിരിക്കാനാണ് ആദ്യം മുണ്ടിന്റെ മേലറ്റം ഞൊറിഞ്ഞു വച്ചത്. അടുങ്ങിക്കിടക്കുന്ന അഴകുള്ള ഞൊറികൾക്ക് അടുക്ക് എന്നൊരു പേരുമിട്ടു. മലയാളികളുടെ വസ്ത്രസങ്കൽപം തന്നെ ചട്ടേം മുണ്ടിൽനിന്നു കടമെടുത്തതാണ്. പിന്നിലെ ഞൊറികൾ മുന്നിലേക്ക് ഇട്ട് സാരിയാക്കിയതും കവണിയുടെ നീളം കൂട്ടി, പാവാടയുടെ കൂടെക്കൂട്ടി ദാവണി ഉടുത്തതുമെല്ലാം ചട്ടയും മുണ്ടും കൊടുത്ത ആശയത്തിൽ നിന്നാണ്. ഇപ്പോഴും സാരി ബ്ലൗസിന് ഒരു മലയാളം പേരില്ല. അർഥം കൊണ്ട് ഏറ്റവും അടുത്തു നിൽക്കുന്ന പദം തമിഴിൽനിന്നു മലയാളികൾ കടമെടുത്ത ചട്ട അല്ലാതെ മറ്റെന്ത്.
സാരിയും ദാവണിയും സെറ്റും മുണ്ടും, മുണ്ടും ബ്ലൗസും നീളൻ പാവാടയുമെല്ലാം ചട്ട–മുണ്ട് കോംപിനേഷന്റെ തുടർച്ചയാണ്. സാരിക്കും ദാവണിക്കുമെല്ലാം നിറം മാറി, തുണി മാറി, പട്ടും തിളക്കവും വന്നു. ബ്ലൗസിൽ എണ്ണിയാലൊടുങ്ങാത്ത പരീക്ഷണങ്ങൾ വന്നു, സ്ലീവിന്റെ ഇറക്കം കാലത്തിനൊത്തു കുറഞ്ഞു, കൂടി, ചിലപ്പോൾ ഇല്ലാതായി.
കവണി ഞൊറിഞ്ഞു കുത്തുന്ന ബ്രോച്ച് പിന്നീടു സാരിക്കൊപ്പം കൂടി. ചട്ടയുടേതുപോലെ വി നെക്കിൽ ടോപ്പുകൾ വന്നു, ചട്ടയുടെ നീളത്തിൽ ക്രോപ്ഡ് ബ്ലൗസുകളും മുണ്ടുപോലെ ചുറ്റുന്ന റാപ് എറൗണ്ട് പാവാടകളുമെത്തി.