ടെന്നീസ്താരം സാനിയ മിർസ ഇന്ത്യയുടെ അഭിമാന താരമാണെന്നതിൽ യാതൊരു സംശയവുമില്ല. പക്ഷേ കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ പങ്കെടുക്കാൻ സാനിയ നിരത്തിയ ആവശ്യങ്ങളുടെ നീണ്ടനിര കേട്ട് ഞെട്ടിയത് മധ്യപ്രദേശ് സർക്കാരാണ്. സർക്കാരിന്റെ വാർഷിക കായിക പുരസ്കാര ചടങ്ങിൽ അതിഥിയാകുവാൻ ക്ഷണിച്ചതിന് സാനിയ ആവശ്യപ്പെട്ടത് 75000 രൂപയുടെ മേക്അപ് കിറ്റും ചാർട്ടേഡ് വിമാനവും സഹായികൾക്കായി അഞ്ചു ബിസിനസ് ക്ലാസ് ടിക്കറ്റുമാണ്. സാനിയയുടെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കായികമന്ത്രി യശോദര രാജെ ചടങ്ങിൽ മുഖ്യാതിഥി സ്ഥാനത്തു നിന്നും സാനിയയെ നീക്കിയതായി അറിയിച്ചു.
പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഉത്തരവാദിത്തപ്പെട്ടവരാണെന്നും ആരുടെയും വ്യക്തിപരമായ മേക്അപ് ആവശ്യങ്ങൾക്കു ചിലവഴിക്കാനുള്ളതല്ല അതെന്നും മന്ത്രി പറഞ്ഞു. മുതിർന്ന ബാഡ്മിന്റൺ കോച്ച് പുല്ലേല ഗോപിചന്ദാണ് ചടങ്ങിൽ അതിഥിയാവുക. തങ്ങൾ സാനിയ എന്ന ടെന്നീസ് പ്ലേയറെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും യശോദര രാജെ പറഞ്ഞു. സ്റ്റാർ ഹോട്ടലിൽ താമസവും എക്കണോമി ക്ലാസ് എയർ ടിക്കറ്റും വാഗ്ദാനം ചെയ്തിരുന്നു. നേരത്തെ ഈ വാഗ്ദാനങ്ങൾ അംഗീകരിച്ചു കൊണ്ട് ബാഡ്മിന്റൺ താരം സൈന നെഹ്‍വാൾ ചടങ്ങിനെത്തിയിരുന്നു. അതേസമയം സാനിയ ഇതുവരെയും വിഷയത്തോടു പ്രതികരിച്ചിട്ടില്ല.