ഡച്ചസ് ഓഫ് കേംബ്രിജ് കെയ്റ്റ് മിഡിൽടൺ മൂന്നാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത് ആഘോഷമാക്കുകയാണ് സമൂഹമാധ്യമം. ഇതിനിടെ ഇന്ത്യക്കാർക്കും പാകിസ്ഥാനികൾക്കും ഒരൽപം കൂടുതൽ സന്തോഷിക്കാൻ വകയുമായി ടെന്നീസ് താരം സാനിയ മിർസയും രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും സാനിയയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. ട്വിറ്ററിലൂടെയാണ് താൻ ഗർഭിണിയാണെന്ന വിവരം സാനിയ പങ്കുവച്ചത്.
സാനിയയുടെ ഗർഭധാരണത്തെക്കുറിച്ച് അറിഞ്ഞതോടെ സമൂഹമാധ്യമത്തിൽ അഭിനന്ദന പ്രവാഹമാണ് ഇരുവർക്കും.മനോഹരമായൊരു ഇല്ലസ്ട്രേഷനിലൂടെയാണ് ഗർഭിണിയാണെന്ന വിവരം സാനിയ അറിയിച്ചത്. ഒരു വാർഡ്രോബിനുള്ളിൽ സാനിയയുടെയും മാലിക്കിന്റെയും വസ്ത്രങ്ങൾക്കു നടുവിലായി മറ്റൊരു കുഞ്ഞുവസ്ത്രവും പാൽകുപ്പിയുമൊക്കെ അടങ്ങുന്ന ചിത്രമാണത്. ബേബി മിർസാ മാലിക് എന്ന ഹാഷ്ടാഗോടെയാണ് സാനിയ ചിത്രം ഷെയർ ചെയ്തത്.
സമീപകാലത്തു നടന്ന ‘ഗോവ ഫെസ്റ്റ്–2018’ൽ മിർസ–മാലിക് പേരുകൾ ഉൾപ്പെടുത്തിയാവും തങ്ങളുടെ കുഞ്ഞിന്റെ പേര് എന്നു സാനിയ വ്യക്തമാക്കുകയും ചെയ്തു. ‘‘ ഇന്നു ഞാനൊരു രഹസ്യം പറയാം. ഞാനും ഭർത്താവും സംസാരിച്ച കാര്യമാണ്. ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകുമ്പോൾ അതിന്റെ പേരിൽ മാലിക് എന്നു മാത്രം പോര, മിർസ–മാലിക് എന്നു വേണമെന്നു ഞങ്ങൾ തീരുമാനമെടുത്തു. മാലിക്കിന് ഒരു പെൺകുട്ടിയെയാണു താൽപര്യം.’’ എന്നാണ് സാനിയ പറഞ്ഞിരുന്നത്.
സാനിയയും മാലിക്കും കുഞ്ഞിനെ വരവേൽക്കുന്നത് ഇന്ത്യയെയും പാകിസ്ഥാനെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന വാർത്തയാണെന്ന് പലരും കമന്റ് ചെയ്യുന്നു. ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സമാധാനം സൃഷ്ടിക്കാൻ ഈ കുഞ്ഞിനു കഴിയുമെന്നും ഇത് സൗത്ഏഷ്യൻ റോയല്‍ ബേബി ആയിരിക്കുമെന്നും ഇരു രാജ്യങ്ങളുടെയും സ്നേഹം ലഭിക്കാൻ ഭാഗ്യം ലഭിച്ച കുഞ്ഞാണെന്നും പോകുന്നു കമന്റുകൾ.
അതിനിടെ ഭാവിയിൽ ഇവരുടെ കുഞ്ഞ് അച്ഛന്റെ പാതയോ അമ്മയുടെ പാതയോ തിരഞ്ഞെടുക്കുക എന്നും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ടെന്നീസ് ബോളുമായി ക്രിക്കറ്റ് കളിക്കാൻ പോകുന്ന കുഞ്ഞായിരിക്കും അതെന്നാണ് ചിലരുടെവാദം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam