ഒരേ സീരിയലിൽ നായികയായും വില്ലത്തിയായും ഡബിൾ റോളിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണു നടി സ്‌റ്റെഫി ലിയോൺ. ‘സാഗരം സാക്ഷി’ സീരിയലിൽ, രഞ്ജിനിയായും ഭദ്രയായും തകർത്താടുകയാണ് ഈ കലാകാരി.
ഇരട്ടകളായ രഞ്ജിനിയും ഭദ്രയും തീർത്തും വിഭിന്ന സ്വഭാവക്കാരികളാണ്. ഭരതനാട്യം പഠിക്കുന്ന ഒരു പാവം നാടൻ പെൺകുട്ടിയാണു രഞ്ജിനി. സ്നേഹസ്വരൂപരായ ദമ്പതികളുടെ ദത്തുപുത്രിയാണവൾ. ദുബായിൽ ജീവിക്കുന്ന ഭദ്ര ന്യൂ ജനറേഷൻകാരിയാണ്. സകലതും ൈകപ്പിടിയിലൊതുക്കണമെന്ന ഉറച്ച തീരുമാനവുമായി നടക്കുന്നവൾ. ഈ രണ്ടു കഥാപാത്രങ്ങളെയാണു ഡബിൾ റോളിൽ അവതരിപ്പിക്കാനായി സ്റ്റെഫി ലിയോണിനു നൽകിയത്.
‘കഥ കേട്ടപ്പോൾ തന്നെ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആഗ്രഹം തോന്നി. രഞ്ജിനിയെയും ഭദ്രയെയും അഭിനയിച്ചു പൊലിപ്പിക്കാമെന്ന ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. ൈദവാനുഗ്രഹത്താൽ എല്ലാം ആശിച്ചപോലെ നടന്നു. ഇരട്ടകളെ ഭംഗിയായി അവതരിപ്പിച്ചതിനു ധാരാളം അഭിനന്ദനങ്ങളും ലഭിച്ചു.’
സ്റ്റെഫി ലിയോൺ ഡബിൾ റോൾ ൈകകാര്യം ചെയ്യുന്നത് ഇതാദ്യമല്ല. ‘അഗ്നിപുത്രി’യിൽ വിപഞ്ചിക എന്ന അമ്മയെയും ആനി എന്ന മകളെയും അവതരിപ്പിച്ച് സ്റ്റെഫി ഒരു നല്ല പ്രകടനം കാഴ്ചവച്ചിരുന്നു.
‘മാനസവീണ’യിലൂടെയാണു സ്റ്റെഫി ലിയോൺ സീരിയൽ രംഗത്തേക്കു കടന്നുവന്നത്. മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവൽ അതേ പേരിൽ സീരിയലാക്കുകയായിരുന്നു. ഇതിൽ മാനസയെ അവതരിപ്പിച്ചു പുതുമുഖമായ സ്റ്റെഫി ലിയോൺ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി. പിന്നീടു വിവാഹിത, ഇഷ്ടം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് ഈ കലാകാരി അഭിനയരംഗത്തു സ്വന്തം സ്ഥാനം ഉറപ്പിച്ചു.
ഇതിനിടയിൽ ഭർത്താവ് ലിയോൺ കെ. തോമസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ‘ൈലഫ്’ സിനിമയിൽ അഭിനയിച്ചു. രഞ്ജിനിയായി, ഭദ്രയായി പകർന്നാടുമ്പോഴും, ഇപ്പോൾ സ്റ്റെഫിയുടെ മനസ്സുനിറയെ വരാൻപോകുന്ന ക്രിസ്മസ് രാവുകളാണ്. ഷൂട്ടിങ് തിരക്കിനിടയിലും എല്ലാ വർഷവും ക്രിസ്മസ് ആഘോഷിക്കാൻ സ്റ്റെഫി വീട്ടിലെത്താറുണ്ട്. ക്രിസ്മസ് രാത്രി ലിയോണിന്റെ വീടായ എറണാകുളം മഞ്ഞുമ്മൽ കുന്നപ്പള്ളി വീട്ടിലായിരിക്കും ആഘോഷം. പിറ്റേന്നു സ്വന്തം വീടായ കോഴിക്കോട് പാലാഴി ‘ഗ്രേസി’ൽ അടിച്ചുപൊളിക്കും.
ഇത്തവണ സ്റ്റെഫി ലിയോൺ, അൽപം ഗമയോടെയായിരിക്കും ക്രിസ്മസിനു വീട്ടിലെത്തുക. കാരണം, കഴിഞ്ഞ വർഷം ഒരു സാഹസത്തിനൊരുങ്ങി, അതിൽ സമ്പൂർണ വിജയം നേടിയതിന്റെ ആവേശം ഇപ്പോഴും ബാക്കിയാണ്.
സംഗതി മറ്റൊന്നുമല്ല, ജീവിതത്തിലാദ്യമായി കഴിഞ്ഞ ക്രിസ്മസിനു സ്റ്റെഫി തനിച്ചൊരു കേക്കുണ്ടാക്കി. ‘വനിത’യിലെ പാചകവിധി നോക്കിയാണ് ആരുടെയും സഹായമില്ലാതെ ക്രിസ്മസ് കേക്ക് നിർമിച്ചത്. എല്ലാവർക്കും ടേസ്‍റ്റ് ചെയ്യാൻ കൊടുക്കുമ്പോഴും മനസ്സിൽ വെപ്രാളമായിരുന്നു. പാചകം പാളിപ്പോയാൽ കൂവൽ ഉറപ്പാണ്. പക്ഷേ, സ്റ്റെഫിയുടേ ഭാഗ്യത്തിനു കേക്ക് രുചിച്ച സകലരും ഒരേ സ്വരത്തിൽ വിധിയെഴുതി, സൂൂൂപ്പർ...
ഇത്തവണ ഏതു വിഭവമായിരിക്കും സ്റ്റെഫിയുടെ മനസ്സിൽ? മട്ടൺ സ്‍റ്റൂവോ, ഫിഷ് മസ്സാലയോ... അതുമാത്രം ഇരിക്കട്ടെ, ഒരു സസ്പെൻസിൽ!