ഇനി ലോകം വാഴ്ത്തും ഇന്ത്യയുടെ ഈ ട്രാൻസ്‌ജെൻഡർ സൗന്ദര്യം 

ലോക സൗന്ദര്യ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കുറിക്കാൻ തായ്‌ലൻഡിലെ പട്ടായ ഒരുങ്ങിക്കഴിഞ്ഞു. 2016 ലെ അന്താരാഷ്ട്ര ബ്യൂട്ടി പേജന്റ് മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി വിജയം കൊയ്യുകയാണെങ്കിൽ അത് ലോക സൗന്ദര്യ ചരിത്രത്തിലെ തന്നെ നിർണ്ണായകമായ ഒരു നാഴികകല്ലായിരിക്കും. കാരണം എന്തെന്നല്ലേ? ഇത്തവണ അന്താരാഷ്ട്ര ബ്യൂട്ടി പേജന്റ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിശേഷ് ഹുയിരം വേദിയിലെത്തും. 

മണിപ്പൂരിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ സുന്ദരിയാണ് ബിശേഷ് എന്നതിലാണ് നാളത്തെ ചരിത്രം ഇരിക്കുന്നത്. ലോക രാജ്യങ്ങളിൽ നിന്നായി 30 ട്രാൻസ്‌ജെൻഡർ സുന്ദരിമാർ മാറ്റുരയ്ക്കുന്ന വേദിയിലാണ് ട്രാൻസ്ജെൻഡറായ ബിശേഷ് മത്സരിക്കുന്നത്. 155 പേരാണ് അവസാന 30 ൽ എത്താനായി മത്സരിച്ചത്. ഈ വരുന്ന നവംബർ 9 നു തായ്‌ലൻഡിലെ  പട്ടായയിലാണ് മത്സരം. മത്സരത്തെ മുന്നിൽകണ്ട്, വിജയം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് 27 കാരിയായ ബിശേഷ്.

ബാംഗ്ലൂരിൽ ഫാഷൻ ബിരുദ വിദ്യാർത്ഥിനിയാണ് ബിശേഷ്. അതിനു പുറമെ, സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വിലമതിക്കുന്ന തീയറ്റർ ആർട്ടിസ്റ്റും. മോഡലിംഗ് , അഭിനയം തുടങ്ങിയ മേഖലകളിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ബിശേഷിനു കഴിഞ്ഞിട്ടുണ്ട്. ബാംഗ്ലൂർ നഗരത്തിൽ ഒരു ബ്രൈഡൽ ബ്യൂട്ടി സലൂൺ കൂടി ബിശേഷ് നടത്തുന്നുണ്ട്.

ഇപ്പോൾ കാണുന്ന ബിശേഷ് ആയിരുന്നില്ല പണ്ട്, പുരുഷനായി ജനിച്ചത് തന്റെ ഏറ്റവും വലിയ ദുർവിധിയായിയുന്നു. പെൺകുട്ടികളെ പോലെ അണിഞ്ഞൊരുങ്ങാനും വസ്ത്രം ധരിക്കാനുമെല്ലാം ഇഷ്ടപ്പെട്ട ബിശേഷ് അതിന്റെ പേരിൽ ധാരാളം ശിക്ഷിക്കപ്പെട്ടിരുന്നു. സ്വന്തം വ്യക്തിത്വം അംഗീകരിക്കാൻ കഴിയാത്തവർക്ക് കൂടെയുള്ള ജീവിതം അന്നത്തെക്കാലത്ത് ബിശേഷിനെ സംബന്ധിച്ച ഏറെ ക്ലേശകരമായിരുന്നു എന്ന് അമ്മ സാക്ഷ്യപ്പെടുത്തുന്നു.

തനിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരത്തെ ഏറ്റവും വലിയ നേട്ടമായാണ് കാണുന്നത് എന്ന് ബിശേഷ് പറയുന്നു. ഇന്ത്യയിലേക്ക് സൗന്ദര്യ കിരീടം എത്തിക്കാൻ തന്നാൽ കഴിയും വിധം പരിശ്രമിക്കും എന്ന് ബിശേഷ് മാധ്യമങ്ങളോട് പറഞ്ഞു. ബിശേഷ് കിരീടം നേടുന്ന പക്ഷം, അത് പുതിയൊരു ചരിത്രമാകും. തഴയപ്പെടുന്ന ഭിന്നലിംഗക്കാർക്ക് അഭിമാനിക്കാനുള്ള നിമിഷം..