അടുത്തുതന്നെ ഇറങ്ങുന്ന പുതിയ നിയമത്തിൽ മലയാളത്തിലെ ഗ്ലാമർ നായിക നയൻതാര എത്തുന്നത് ചുരുണ്ടമുടി ഗെറ്റപ്പുമായാണ്. ചാർലിയിലെ നായിക പാർവതിയും പ്രേമത്തിലെ നായികമാരായ അനുപമയും നീനയിലെ നായികയായ ആൻ അഗസ്റ്റിനും ഒരേ നീളത്തിൽ പട്ടുപോലെ കിടക്കുന്ന ഒഴുക്കൻമുടി വേണം നായികയായാൽ എന്ന പരമ്പരാഗത നിയമം പൊളിച്ചെഴുത്തിയത് പുതിയമനിയമത്തിലൂടെ അടിവരയിട്ടുറപ്പിക്കുകയാണ്.
ശാന്തികൃഷ്ണയ്ക്കും ജലജയ്ക്കും ശേഷം മലയാള സിനിമയിലെ നായികമാർ പരക്കെ ഉപേക്ഷിച്ച ലുക്കായിരുന്നു ചുരുണ്ട മുടി. കോളജ് സ്റ്റുഡന്റോ ഉദ്യോഗസ്ഥയോ ആയ നായിക കോലൻമുടിയുള്ള പരിഷ്ക്കാരി ആവണം എന്നത് പിന്നീട് ആചാരമായി. ശാലീനതയോ ദുഃഖമോ വേണ്ടി വരുമ്പോഴാകട്ടെ നായിക നീളൻ മുടിയുള്ള വിഗുകൾ മാത്രം ഉപയോഗിച്ചു. പക്ഷേ ഇപ്പോൾ മമ്മുക്കയ്ക്കൊപ്പം സാരിയുടുത്ത് നെറ്റിയിൽ സിന്ദൂരമണിഞ്ഞ ശാലീനനായികയാകുമ്പോഴും നയൻതാരയ്ക്ക് കോലൻമുടി പിന്നെയും കോലുപോലെ ആക്കണമെന്നല്ല തോന്നിയത്. പുതിയ മാറ്റത്തിനനുസരിച്ച് കുസൃതിക്കുറുനിരകളാൽ ചുമൽ അലങ്കരിക്കാനാണ്. ആകാശവാണിയെന്ന ഇറങ്ങാനിരിക്കുന്ന ചിത്രത്തിൽ മലയാള ശ്രീയുടെ മറുവാക്കായി പ്രേക്ഷകൻ കണ്ടിരുന്ന കാവ്യ മാധവനും ചുരുണ്ട മുടി ഹെയർസ്റ്റൈലിലേക്ക് ചുവടുമാറി.
ഇടക്കാലത്ത് റിമ കല്ലിങ്കലിന്റെ രംഗപ്രവേശനത്തോടെ സ്ഥിതി മാറിയതാണ്. പക്ഷേ റിമയുടെ അടിച്ചുപൊളി ബോൾഡ് ഇമേജിന്റെ മാത്രം ഭാഗമായി അതുകണ്ടതേയുള്ളൂ മലയാള സിനിമ. മുഴുനീള നായികയായി റിമ അഭിനയിച്ച 22 ഫീമെയിൽ കോട്ടയത്തിലാകട്ടെ റിമ പോലും വന്നത് സ്ട്രെയ്റ്റൻ ചെയ്ത മുടിയുമായാണ്. നിത്യ മേനോൻ എന്ന സുന്ദരിക്കുട്ടിയുടെയും ആലുവാപ്പുഴയോരത്ത് തന്നനംപാടി വന്ന അനുപമ പരമേശ്വരന്റെയും രംഗപ്രവേശനത്തോടെയാണ് ചുരുചുരുണ്ടമുടി അതേ പടി പരിഷ്ക്കാരത്തിലും ശാലീനതയിലും ഒരുപോലെ ഉപയോഗിക്കാൻ മലയാള സിനിമയിൽ അറപ്പ് മാറിയത്.
അന്യഭാഷാ നായികയായ തപ്സി പന്നുവും മലയാളത്തിലും ഇതരഭാഷയിലും ചുരുണ്ടമുടി മറച്ചുവയ്ക്കേണ്ട മഹാവ്യാധിയായി കണ്ടില്ല. തുടർന്നങ്ങോട്ട് ഹെയർസ്റ്റൈൽ സമ്പ്രദായത്തിന്റെ പൊളിച്ചെഴുത്തിന്റെ കാലമായിരുന്നു. മൊട്ടത്തലയുമായി അപർണ ഗോപിനാഥ്, യഥാർഥമായ ചുരുണ്ടമുടി ഇടക്കാലത്ത് തമിഴിലൊക്കെ സ്ട്രെയ്റ്റ് ചെയ്തെങ്കിലും വീണ്ടും ചുരുചുരുട്ടി തിരിച്ചെത്തിയ പാർവതി, റാണി പദ്മിനിയിൽ മുഴുനീള നായകയായപ്പോഴും ചുരുണ്ടമുടിവലിച്ചുനീട്ടാതിരുന്ന റിമ, മുതിർന്ന നായികയായി രംഗപ്രവേശനം ചെയ്ത ആശാ ശരത്ത് , ... ഇവരൊക്കെ നായികാകഥാപാത്രവും ചുരുണ്ടമുടിയുമായി ജനിച്ചവരാകാം എന്നൊരു ധാരണ പടർത്തി പ്രേക്ഷകരിൽ.
ജീവിതത്തിൽ കണ്ട പലതരം സുന്ദരികളെ പോലെ നായികമാരും പലതരക്കാരിയായിക്കൂടെ എന്നു ചിന്തിക്കാൻ മലയാളസിനിമയ്ക്കായതുപോലെ ട്രീറ്റഡ് ഹെയറിന്റെ മടുപ്പിൽ നിന്ന് മാറാൻ പെൺകുട്ടികളും ചിന്തിച്ചുതുടങ്ങി . വൈ കാണ്ട് ഐ ബി യുണീക്? !