സദാചാര പോലീസിന്റെ ശല്യം കൊണ്ടു നടക്കാൻ വയ്യാതായി എന്ന് ഇപ്പോൾ സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പുതിയ ഇര ഗായികയും മോഡലുമായ വിക്ടോറിയ ബെക്കാം ആണ്. മറ്റൊന്നുമല്ല മകളെ ചുംബിച്ചു കൊണ്ടുള്ള വിക്ടോറിയയുടെ ചിത്രമാണ് സദാചാരവാദികളെ ചൂടുപിടിപ്പിച്ചത്. മകൾ ഹാര്‍പറുടെ അഞ്ചാം പിറന്നാളിനു യാതൊരു ദുരുദ്ദേശവുമില്ലാതെ എടുത്ത ചിത്രമായിരുന്നു അത്.
ഹാപ്പി ബർത്ഡേ ബേബി ഗേൾ... വിഓൾ ലവ് യൂ സോ മച്ച്.. കിസസ് ഫ്രം മമ്മി... എന്ന ക്യാപഷനോടെയാണ് വിക്ടോറിയ ചിത്രം പങ്കുവച്ചത്. ഹാർപറോടുള്ള ഇഷ്ടം അത്രയും ചേർത്ത് അവളുടെ അധരത്തിൽ ഒരുമ്മ നൽകി, മാതൃസ്നേഹത്തിന്റെ പ്രതീകമാണ് ആ ചിത്രം എന്നു നോക്കാനൊന്നും ആരും തുനിഞ്ഞില്ല പകരം ചിത്രത്തിലെ ലിപ്‌ലോക് രംഗമാണോയെന്നു മാത്രം പരതി. വിക്ടോറിയ മകളെ ചുംബിച്ചത് അവളുടെ ചുണ്ടിലാണെന്നും സ്വന്തം മകൾക്ക് ആരും ലിപ്‌ലോക് കൊടുക്കാറില്ലെന്നുമൊക്കെയാണ് വാദങ്ങൾ.
വിക്ടോറിയ ഹാർപറിനെ ചുണ്ടിൽ ഉമ്മ വച്ചത് ഒട്ടും ശരിയായില്ലെന്നാണ് ചിലരുടെ വാദം. മാതാപിതാക്കൾ മക്കളെ ഒരിക്കലും അവരുടെ ചുണ്ടിൽ ചുംബിക്കരുതത്രേ. എന്നാൽ വിക്ടോറിയ എന്ന അമ്മയുടെ സ്നേഹത്തെ കാണാത്തവരും കുറവല്ല കേട്ടോ. ഒരമ്മ മകളെ ചുംബിക്കുന്നതിൽ പോലും അശ്ലീലം കണ്ടെത്തുന്നവരുടെ നിലപാടിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഭൂരിഭാഗം അഭിപ്രായപ്പെട്ടു. എല്ലാത്തിനുമൊടുവിൽ അതൊരു അമ്മയാണെന്നും ചുംബിക്കുന്നതു തന്റെ പൊന്നോമന പുത്രിയെയാണെന്നും ചിന്തിച്ചാൽ തീരുന്ന പ്രശ്നങ്ങളേയുള്ളുവെന്നും പലരും പറയുന്നു.
ഇതോടെ വിക്ടോറിയയെ അനുകൂലിച്ച് പല മാതാപിതാക്കളും തങ്ങളുടെ മക്കളുടെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രങ്ങളും പങ്കുവച്ചു. അമ്മ മകളെ ചുംബിക്കുന്നതിൽ പോലും തെറ്റു കാണുന്ന സമൂഹം നമ്മുടെ ശാപമാണെന്നും പലരും പറയുന്നു. എന്തായാലും മകൾക്കു പിറന്നാൾ സന്തോഷമായി വിക്ടോറിയ നല്‍കിയ ആ മധുരമൂറുന്ന ചുംബനം ഇപ്പോൾ കേവലം സദാചാരം വിളമ്പുന്നവര്‍ക്കൊരു വിഷയമാരിക്കുകയാണ്.