ബോളിവുഡ് എന്നു കേട്ടാൽത്തന്നെ സൈസ് സീറോ സുന്ദരികളാണ് മനസിൽ വരിക. വിവാഹിതയായാലും അമ്മയായാലും ശരീരം കാത്തു സൂക്ഷിക്കുന്നതിൽ ബോളിവുഡ് നടിമാരെക്കഴിഞ്ഞേയുള്ളു ആരും. മെലിഞ്ഞുണങ്ങിയ ഈ നടിമാർക്കിടയിലേക്കാണ് തടിച്ച കവിളുകളും ആകാരവടിവുകളില്ലാത്ത ശരീരവുമായി ഒരു നടി വന്നെത്തിയത്. ഭൂമി പെഡ്നേകർ എന്ന നായിക 'ദം ലഗാ കേ ഹൈഷാ' എന്ന തന്റെ ആദ്യചിത്രത്തോടെ തന്നെ തടിച്ചുരുണ്ട ആ ശരീരവും ഉപേക്ഷിക്കാൻ തീരുമാനിച്ചു. കഠിനമായ പരിശ്രമത്തിലൂടെ ഒന്നും രണ്ടും കിലോയല്ല 32 കിലോയാണ് താരം കുറച്ചത്. 89കിലോയിൽ എത്തിയിരുന്ന ഭൂമി ഇന്നു വെറും 57 കിലോയിലേക്ക് എത്തിയെങ്കിൽ അതിനു പിന്നിൽ ചില ചിട്ടയായ ജീവിതരീതി കൂടിയുണ്ട്. താൻ വണ്ണം കുറച്ചതെങ്ങനെയാണെന്ന് രഹസ്യമാക്കി വെക്കാതെ ടിപ്സ് ആരാധകർക്കു പറഞ്ഞുകൊടുക്കുക്കുകയും ചെയ്തു ഭൂമി. ഭൂമിയുടെ വണ്ണം കുറയ്ക്കാൻ സഹായകമായ ചില കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.
വെള്ളം കുടിച്ചോളൂ സർവത്ര
വണ്ണം കുറയ്ക്കലിനെ വലിയൊരു ഭാരമായി കാണുന്നവരാണ് ഏറെയും എന്നാൽ അത്തരത്തിലൊരു മുൻവിധിയുടെ ആവശ്യമേയില്ലെന്നാണ് ഭൂമി പറയുന്നത്. വണ്ണമുള്ള ശരീരത്തിൽ നിന്നും ഇന്ന് മെലിഞ്ഞു സുന്ദരിയായി മാറിയിട്ടുണ്ടെങ്കിൽ അതിനു വെള്ളത്തിനും വലിയ സ്ഥാനമുണ്ട്. വെള്ളം ധാരാളം കുടിക്കാൻ ശ്രമിച്ചിരുന്നു. ഇതു ശരീരത്തെ കൂടുതൽ ആരോഗ്യപൂർണമാക്കുകയാണ് ചെയ്തത്. നാരങ്ങാവെള്ളവും ശീലമാക്കി, ശരീരത്തിന് നല്ലൊരു ക്ലെൻസറാണണത്, ഒപ്പം പ്രതിരോധശേഷിയും വർധിപ്പിക്കുന്നു. ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും വെള്ളത്തിനു കഴിവുണ്ട്.– ഭൂമി പറയുന്നു.
മധുരം കഴിക്കണം മിതമായി
ഭൂമി വണ്ണം കുറച്ച പ്രക്രിയയിൽ ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം മധുരത്തിന്റെ അളവു കുറച്ചതായിരുന്നു. കലോറി അടങ്ങാത്ത എന്നാല്‍ രുചികരമായ റിഫൈൻഡ് ഷുഗർ ഉപയോഗിക്കാൻ തുടങ്ങി. പ്രകൃതിയാൽ ലഭ്യമായ തേനുള്ളപ്പോള്‍ മറ്റു മധുരങ്ങളെ ആശ്രയിക്കുന്നത് എന്തിനെന്നും തോന്നി. സിങ്കും പൊട്ടാസ്യവും കാൽസ്യവും വിറ്റാമിൻ ബി6മൊക്കെ ധാരാളം അടങ്ങിയിട്ടുള്ള തേൻ പാലിലോ ഓട്സിലോ ഒക്കെചേർത്തു കഴിക്കാൻ തുടങ്ങി. ഒപ്പം ഈന്തപ്പഴത്തിന്റെ സിറപ്പും ശീലമാക്കി. ഇരുമ്പിന്റെ അംശം ധാരാളമായുള്ള ഈന്തപ്പഴസത്ത് ശരീരത്തിന് കൂടുതൽ ഊർജം പകർന്നു. ഒപ്പം ദഹനപ്രക്രിയയെ സുഗമമാക്കുന്ന പനഞ്ചക്കരയും ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഇവയൊക്ക ആരോഗ്യകരമായ ഭക്ഷണങ്ങളാണെങ്കിൽക്കൂടിയും അവ മിതമായ അളവിൽ കഴിച്ചതു കൂടിയാണ് തന്റെ വണ്ണം കുറഞ്ഞതെന്നും ഭൂമി പറയുന്നു.
കളിയിൽ അൽപം കാര്യം
അൽപദൂരം നടക്കാനുള്ളു എങ്കിൽ പോലും വണ്ടി ഉപയോഗിക്കുന്ന, പടികൾ കയറാനുള്ള മടിയിൽ ലിഫ്റ്റ് ഉപയോഗിക്കുന്നവരാണ് ഏറെയും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, ഈ ശീലം ഉപേക്ഷിച്ചാൽ തന്നെ നിങ്ങള്‍ പാതി വിജയിച്ചുവെന്നാണ് ഭൂമി പറയുന്നത്. ലിഫ്റ്റിനു പകരം താൻ പടികൾ നടന്നു കയറാൻ ശീലിച്ചതും വെള്ളം കുടിക്കാനായി എപ്പോഴും ബോട്ടിൽ അരികിൽ കരുതാതെ ഇടയ്ക്കിടെ നടന്നു പോയി വെള്ളം കുടിച്ചതുമെല്ലാം തന്റെ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കി. കേൾക്കുമ്പോൾ വളരെ സില്ലി എന്നു േതാന്നാമെങ്കിലും ഈ ചെറിയ വ്യായാമങ്ങൾ പോലും ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നു പറയുന്നു ഭൂമി.
പ്രാതൽ രാജാവിനെപ്പോലെ വേണം
ഒരു ഗ്ലാസ് ചൂടുവെള്ളത്തോടെയാണ് ഭൂമിയുടെ ഒരു ദിനം ആരംഭിക്കുന്നത്. അരമണിക്കൂറിനു ശേഷം ഉണങ്ങിയ പഴങ്ങളും ധാന്യങ്ങളും പാട നീക്കിയ പാലും കഴിക്കും. ശേഷം ജിമ്മിൽ പോകുന്നതിന് ഒരുമണിക്കൂർ മുമ്പായി പ്രാതൽ കഴിക്കും. ഗോതമ്പു ബ്രെഡും രണ്ടു മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ചുണ്ടാക്കിയ ഓംലെറ്റും പപ്പായയോ ആപ്പിളോ ഒക്കെയാണ് പ്രാതലിൽ അടങ്ങുന്നത്. ജിമ്മിലെ കഠിനമായ വ്യായാമത്തിനു ശേഷം അഞ്ചു മുട്ട പുഴുങ്ങി അതിന്റെ വെള്ള മാത്രം കഴിക്കും,. ഇത്തരത്തിലൊരു പ്രാതൽ ശരീരത്തിന് വളരെയധികം ആരോഗ്യകരമാണെന്നും ഭൂമി പറയുന്നു.
പട്ടിണി കിടക്കുന്നതിലല്ല കാര്യം
ഉച്ചഭക്ഷണത്തിനായി മിക്കവാറും വീട്ടിലുണ്ടാക്കുന്നവ തന്നെയാണ് കഴിക്കാറുള്ളത്. റൊട്ടിയും സബ്ജിയും പരിപ്പുമൊക്കെ കഴിക്കും, അതായത് ശരീരത്തിന് ആരോഗ്യകരമായ സോയയും ചണയും ചോളവുമൊക്കെ ചേർത്തുണ്ടാക്കിയ റൊട്ടിയാണ് കഴിക്കുക. കറികളിൽ എണ്ണയ്ക്കു പകരം ഒലീവ് ഓയിലാണ് കൂടുതലും ഉപയോഗിച്ചത്. ഇനി തനിക്ക് മറ്റെന്തെങ്കിലും കഴിക്കണം എന്നു തോന്നുന്ന അവസരങ്ങളിൽ ഗ്രിൽഡ് ചിക്കനും സാൻഡ്‌വിച്ചും കഴിക്കുമായിരുന്നു. പട്ടിണി കിടന്നു വണ്ണം കുറയ്ക്കുന്നതിനു പകരം ആവശ്യത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയതാണ് തനിക്കു സഹായകമായതെന്നും ഭൂമി പറയുന്നു.
വണ്ണം കുറയും, ഉറപ്പ്
ഉച്ചതിരിഞ്ഞ് ഒരു നാലു നാലരയാകുന്നതോടെ ഒരു പപ്പായയുടെ പകുതിയോ ആപ്പിളോ പേരയ്ക്കയോ കഴിക്കും. ഒരുമണിക്കൂറിനു ശേഷം ഗ്രീൻ ടീയും ബദാമും കഴിക്കും. ഏഴു മണിയാകുന്നതോടെ മിക്ക പച്ചക്കറികളും ചേർത്ത് സലാഡും എട്ടരയോടെ അത്താഴവും കഴിക്കും. ഗ്രിൽഡ് ചിക്കനോ ഫിഷോ അത്താഴത്തിനു കാണും, ചില ദിവസങ്ങളിൽ വെജിറ്റേറിയന്‍ മാത്രം കഴിക്കണമെന്നു തോന്നുമ്പോള്‍ ഗ്രിൽ ചെയ്ത പനീറോ ആവിയിൽ പുഴുങ്ങിയ പച്ചക്കറിയോ ഒക്കെ കഴിക്കും. രാത്രിയിൽ ദഹനപ്രക്രിയയെ എളുപ്പമാക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനും താൻ ശ്രദ്ധിക്കാറുണ്ടെന്നു പറയുന്നു ഭൂമി. ഇവയൊക്കെ ശീലമാക്കിയാൽ വണ്ണം അൽപമെങ്കിലും കുറയുമെന്ന് ഉറപ്പാണെന്നാണ് ഭൂമിയുടെ വാദം.
Read more: Beauty Tips in Malayalam