പഴവർഗങ്ങളിൽ പലർക്കും പ്രിയപ്പെട്ട ഒന്നാണ് ഓറഞ്ച്. കഴിക്കാനും ജ്യൂസ് രൂപത്തിലാക്കി കുടിക്കാനും മാത്രമല്ല സൗന്ദര്യവർധനത്തിന്റെ കാര്യത്തിലും ഓറഞ്ചിനു വളരെ വലിയ സ്ഥാനമാണുള്ളത്. പലതരം ഫേസ്പാക്കുകളിലെയും പ്രധാന ഘടകമാണ് ഓറഞ്ചും അതിന്റെ തൊലിയുമെല്ലാം. തീർന്നില്ല, ഓറഞ്ച് മുഖത്തിനു മാത്രമല്ല മുടിക്കും വളരെ നല്ലതാണ്. പോഷകങ്ങളാൽ സമൃദ്ധമായ ഓറഞ്ച് മുടിയെ കരുത്തുറ്റതാക്കുന്നതിനൊപ്പം താരനെയും മുടികൊഴിച്ചിലിനെയും ഇല്ലാതാക്കും. താഴെ നൽകിയിരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാണ് ഓറഞ്ച്.
മുടികൊഴിച്ചിൽ
വിറ്റാമിൻ സി, ബയോഫ്ലവനോയ്ഡ്സ് (ആന്റിഓക്സിഡന്റ്സ്) എന്നിവയാൽ സമ്പന്നമായ ഓറഞ്ച് ശിരോചർമത്തിലെ രക്തചംക്രമണത്തെ വർധിപ്പിക്കാൻ സഹായിക്കുന്നു. ഇതു മുടി വളർച്ചയെ പരിപോഷിപ്പിക്കുകയും മുടി കൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നതാണ്.
ഹെയർ കണ്ടീഷണർ
വിലകൊടുത്തു വാങ്ങുന്ന കണ്ടീഷണറുകളൊന്നും സംതൃപ്തി നൽകുന്നില്ലെങ്കിൽ ഈ ഓറഞ്ച് കണ്ടീഷണർ ഒന്നു പരീക്ഷിക്കാവുന്നതാണ്. ഓറഞ്ച് വെള്ളവും തേനും ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം ഷാംപൂ ചെയ്ത മുടിയിലേക്ക് അപ്ലൈ ചെയ്യുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം. വീട്ടിൽ തന്നെ ചെയ്യാവുന്ന കണ്ടീഷണർ ആണിത്.
തിളക്കമുള്ള മുടിക്ക്
കട്ടിയും കരുത്തുമുള്ള തിളങ്ങുന്ന മുടിക്കു വേണ്ടി പരിശ്രമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കുള്ള പ്രശ്ന പരിഹാരത്തിനായി ഓറഞ്ചുണ്ട്. ഓറഞ്ചു നീര് പാലും തേനുമായി യോജിപ്പിച്ചതിനു ശേഷം മുടിയിൽ നന്നായി തേച്ചുപിടിക്കാം. രണ്ടു മിനിറ്റിനു ശേഷം കഴുകിക്കളയാം, മുടി വെട്ടിത്തിളങ്ങും.
താരനെ അകറ്റും
മിക്കവരും നേരിടുന്നൊരു പ്രശ്നമാണ് താരൻ. താരനകറ്റാൻ ഓറഞ്ചിന്റെ തൊലി ഉത്തമമാണ്. ഓറഞ്ചിന്റെ തൊലിക്കൊപ്പം നാരങ്ങയുമെടുത്ത് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമത്തിൽ പുരട്ടാം. ഇരുപത്തിയഞ്ചു മിനിറ്റിനു ശേഷം ഷാംപൂ ചെയ്തു കഴുകിക്കളയാം.
സുഗന്ധം പകരാൻ
നിങ്ങളുടെ മുടി എപ്പോഴും എണ്ണമയമാർന്നതും ദുർഗന്ധം വമിക്കുന്നതുമാണോ? എങ്കിൽ അതെങ്ങനെ ഇല്ലാതാക്കാം എന്നതിനുള്ള ഉത്തരമാണ് സിട്രസ് ഫ്രൂട്ട് എന്നു പേരുകേട്ട ഓറഞ്ച്. ഓറഞ്ചിന്റെ തൊലി ഉണക്കിയതോ ഓറഞ്ചുനീരോ തലയിൽ തേച്ചു പിടിപ്പിക്കുന്നത് സുഗന്ധം പകരും.
Read more: Lifestyle Malayalam Magazine