സൗന്ദര്യ സംബന്ധമായ പ്രശ്നപരിഹാരത്തിനായി പണം ചിലവാക്കുന്നവരിൽ ഏറെയും നിറം വർധിപ്പിക്കാനായി മുന്നിട്ടിറങ്ങുന്നവരാണ്. ഏതുവിധേനയും മുഖത്തെ പാടുകളും കരിവാളിപ്പുമൊക്കെ മാറി നിറം ഒന്നു വർധിച്ചാൽ മതിയെന്നു ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. അത്തരക്കാർക്ക് ഒരു കിടിലൻ ടിപ്സുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റ് ആയ സബിത സാവരിയ.
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ ഫേസ്പാക്കിന് ആവശ്യമുള്ളത് മൂന്നേ മൂന്നു സാധനങ്ങൾ മാത്രമാണ്. പാൽ, കുങ്കുമപ്പൂവ്, ബദാം എന്നിവയാണവ. ഇന്നു വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യ വർധക വസ്തുക്കളിലേറെയും ഈ മൂന്നു ഘടകങ്ങളാൽ നിർമിതമായവയാണ്. നൂറുഗ്രാം ബദാം എടുത്തു നന്നായി പൊടിച്ചെടുത്ത ശേഷം ഒരു അരിപ്പയിലേക്കിട്ട് അരിച്ചെടുത്തു നല്ല പൗഡർ ആക്കി സൂക്ഷിക്കുക. ശേഷം തീരെ വെള്ളം ചേർക്കാത്ത, തിളപ്പിച്ച് തണുപ്പിച്ച പാൽ എടുത്തു മാറ്റിവെക്കുക. ഒപ്പം ഒന്നോ രണ്ടോ കുങ്കുമപ്പൂവും എടുത്തുവെക്കുക. എണ്ണമയമുള്ള ചർമമുള്ളവർ പാൽപാട നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.
ഫേസ്പാക് തയ്യാറാക്കുന്ന വിധം
മുഖത്തു ഫേസ്പാക് ഇടാൻ പാകത്തിനു ബദാം പൊടിയും, കട്ടിയായ പേസ്റ്റ് ആവാൻ രൂപത്തിൽ അൽപം പാലും എടുക്കുക. പാലിലേക്ക് ഒന്നോ രണ്ടോ നാര് കുങ്കുമപ്പൂവ് ഇട്ട് അലിയിക്കണം. ശേഷം പൊടിയും പാലും നന്നായി യോജിപ്പിക്കുക. ഫേസ‌്‌വാഷോ സോപ്പോ ഇട്ടു വൃത്തിയാക്കി തുടച്ച മുഖത്തേക്ക് ഈ മിശ്രിതം അപ്ലൈ ചെയ്യുക. എല്ലാ ഫേസ്പാക്കും കണ്ണിന്റെ താഴെ ഉപയോഗിക്കാൻ പറ്റില്ല, പക്ഷേ ഈ ഫേസ്പാക് സോഫ്റ്റ് ആയതുകൊണ്ട് കണ്ണിനുകീഴെയും അപ്ലൈ ചെയ്യാം. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത്തരത്തിൽ ചെയ്താൽ ഫലം സുനിശ്ചിതമാണെന്നു പറയുന്നു സബിത.
Read more: Lifestyle Malayalam Magazine