സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഈ കാലാവസ്ഥയിൽ സൗന്ദര്യപരിചരണത്തിലും വത്തക്ക അഥവാ നമ്മുടെ തണ്ണിമത്തൻ തന്നെ ട്രെൻഡിങ് ! ചുട്ടുപൊള്ളുന്ന ചൂടില്‍ അകവും പുറവും കുളിർപ്പിക്കാൻ തണ്ണിമത്തനേക്കാൾ വലിയ പുള്ളിയില്ല. മുറിച്ചുവച്ച വത്തക്കയുണ്ടെങ്കിൽ മടിക്കാതെ അൽപം സൗന്ദര്യപരിചരണമാവാം.
99% വെള്ളം, അതിനർഥം ചർമത്തിന് ഏറ്റവും മികച്ച ഹൈഡ്രേഷൻ. ലൈകോപിൻ എന്ന ഫോട്ടോകെമിക്കലിന്റെ സാന്നിധ്യം നൽകുന്ന തിളക്കം, അതിനു പുറമേ മികച്ച ടോണര്‍ ഇതൊക്കെ തണ്ണിമത്തൻ സമ്മാനിക്കുന്ന സൗന്ദര്യഗുണങ്ങളാണ്. വേനൽച്ചൂടിൽ വാടിയ ചർമത്തിന് നവേന്മേഷം പകരാൻ ചില തണ്ണിമത്തൻ ഫേസ് പാക്കുകൾ പരിചയപ്പെടാം.
തണ്ണിമത്തന്‍ മാസ്ക്
തണ്ണിമത്തൻ ആദ്യം രണ്ടായി മുറിക്കുക, പിന്നീട് കോണുകളായും മുറിക്കുക. മുറിച്ചുവച്ചതിന്റെ ചുമന്ന ഭാഗം നീക്കിയശേഷം തൊലിമാത്രം മതി മാസ്ക് തയാറാക്കാൻ. (അതെല്ലാം കഴിച്ച് ഉള്ളുകുളിർപ്പിക്കാം) ഇവ 10 മിനിറ്റ് തണുപ്പിക്കുക. പിന്നീട് ഇതു നേർത്തതായി ചീകിയെടുക്കുക. മുഖത്ത് നേരിട്ട് പുരട്ടാം. ചർമത്തിലെ ചൂടുമൂലമുള്ള ചൊറിച്ചിലിനും ഉത്തമ പരിഹാരം.
തണ്ണിമത്തൻ– തേൻ
ചുട്ടുപൊള്ളുന്ന സൂര്യനു കീഴിൽ കുറെ സമയം ചെലവിട്ടാൽ ഫലം ഒന്ന്– ടാനിങ്. ചര്‍മം ഇങ്ങനെ കരുവാളിക്കുന്നതു തടയാൻ തണ്ണിമത്തൻ – തേൻ മാസ്ക് സഹായിക്കും.
തണുത്ത തണ്ണിമത്തൻ ജ്യൂസും തേനും തുല്യ അളവിൽ എടുത്തു മിക്സ് ചെയ്യുക. മുഖം കഴുകി തുടച്ചശേഷം ഇതു പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകിക്കളയാം.
തണ്ണിമത്തൻ – തൈര്
മുടിയും ചർമവും പരിചരിക്കാൻ തൈര് മികച്ച ഘടകം തന്നെ. ചർമത്തിനു തിളക്കം കിട്ടാനും മൃദുവാക്കാനും െഡഡ് സ്കിൻ നീക്കാനും തൈരിലെ ലാക്ടിക് ആസിഡ് സഹായിക്കും.
ബൗളിൽ തണ്ണിമത്തൻ ജ്യൂസ് അല്ലെങ്കില്‍ കഷണങ്ങൾ എടുക്കുക. ഫോർക്ക് ഉപയോഗിച്ച് അതുചെറു കഷണങ്ങളാക്കി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കാം. ഇതു ചർമത്തിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.
തണ്ണിമത്തൻ – ചെറുനാരങ്ങ
വരണ്ട ചർമത്തിനു പരിഹാരം കാണാൻ മികച്ചതാണ് തണ്ണിമത്തൻ – ചെറുനാരങ്ങ ഫേയ്സ് പാക്ക്. ചെറുനാരങ്ങ നീരിനൊപ്പം തേനും ചേർത്താണ് ഫേസ് പാക്ക് തയാറാക്കേണ്ടത്. തേൻ മോയ്സ്ചർ ചെയ്യാനും തണ്ണിമത്തൻ ഹൈഡ്രേറ്റ് ചെയ്യാനും നാരങ്ങനീര് എക്സ്ഫോലിയേറ്റ് ചെയ്യാനും ഫലപ്രദം.
ബൗളിൽ രണ്ടു ടേബിൾസ്പൂണ്‍ തണ്ണിമത്തൻ ജ്യുസ് എടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങാനീരും ഒരു സ്പൂൺ തേനും േചർക്കുക. മുഖത്തിലും കഴുത്തിലും കൈകളിലും പുരട്ടാം. 10–15 മിനിറ്റിനു ശേഷം കഴുകിക്കളയാം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam